പുതിയ നായകര്‍: ദുബായ് കെ.എം.സി.സിക്ക് ഇനി വസന്തകാലം
ലോകത്ത് മലയാളികള്‍ എവിടെയുണ്ടോ അവിടെയൊക്കെ കെ.എം.സി.സിയുടെ കയ്യൊപ്പുണ്ടാവും. അതില്‍ കര്‍മ്മ നൈരന്തര്യത്തില്‍ പേര് കേട്ട, ഗതകാലങ്ങളില്‍ പ്രവര്‍ത്തന മികവ് കൊണ്ട് ശക്തി തെളിയിച്ച സമിതിയാണ് ദുബായ് കെ.എം.സി.സി.
കാലങ്ങളായി കണ്ണീരൊപ്പാന്‍ മാത്രം കെ.എം.സി.സി. നടത്തിയ പ്രവര്‍ത്തനങ്ങളുടെ പട്ടിക വലുതാണ്. നാടും വീടും വിട്ട് പ്രവാസിയായി കഴിയുന്ന, തുച്ഛമായ വേതനം കൈപ്പറ്റുന്ന സാധാരണ തൊഴിലാളി മുതല്‍ പ്രമുഖ വ്യവസായികള്‍ വരെ കെ.എം.സി.സിയുടെ മെമ്പര്‍ഷിപ്പ് കൈപ്പറ്റിയവരാണ്. തങ്ങളാല്‍ കഴിയുന്ന സേവനം ചെയ്യണമെന്ന ചിന്തയും തങ്ങളുടെ വിശ്വാസവുമാണ് പലരെയും ഈ പ്രസ്ഥാനത്തിലേക്ക് അടുപ്പിക്കുന്നത്.
പലതവണയുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ വിറങ്ങലിച്ചവര്‍ക്ക്, ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡിന്റെ കിരാതങ്ങളില്‍ തകര്‍ന്നുപോയവര്‍ക്ക്... അങ്ങനെ സാന്ത്വനത്തിന്റെ തണലായി മറ്റാര്‍ക്കും എത്താന്‍ കഴിയാത്ത ഇടങ്ങളില്‍ ചെന്ന് ചേര്‍ത്ത് പിടിക്കലിന്റെ ലോകോദാഹരണങ്ങളില്‍ ഇടം നേടിയ കൂട്ടായ്മയായി കെ.എം.സി.സി. മാറുകയായിരുന്നു.
സാംസ്‌കാരിക വിനിമയത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ബ്രാന്റ് നാമമാണ് കെ.എം.സി.സി. എന്ന് പറഞ്ഞാലും അധികമാവില്ല. അതില്‍ തന്നെ ഏറ്റവും ശക്തവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ലോക ശ്രദ്ധ നേടിയ ഘടകമാണ് ദുബായ് കെ.എം.സി.സി.
കഴിഞ്ഞ 40 വര്‍ഷമായി സാമൂഹ്യ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി പലപ്പോഴും സംഘടന ജീവകാരുണ്യത്തിന്റെയും സാമൂഹ്യ വിദ്യാഭ്യാസ ഉന്നമനത്തിന്റെയും പ്രതീകമായി മാറിയിരിക്കുന്നു. പ്രവാസി സാമൂഹ്യ സംഘടനകളില്‍ അദ്വിതീയ സ്ഥാനമാണ് കെ.എം.സി.സിക്ക്.. മരണമോ അപകടങ്ങളടക്കമുള്ള സന്ദര്‍ഭങ്ങളില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയുടെ വെളിച്ചമായി മാറുന്ന കെ.എം.സി.സി. പലര്‍ക്കും രക്ഷയുടെ കവചമാണ് ഒരുക്കുന്നത്.
ഹരിത രാഷ്ട്രീയത്തിന്റെ തണലിലേറി സേവന പ്രവര്‍ത്തന രംഗത്ത് സജീവമായവര്‍ പിന്നീട് ജീവിതത്തിന്റെ പ്രാരാബ്ധ പാച്ചലിനിടയില്‍ പ്രവാസ ലോകത്ത് എത്തിച്ചേരുമ്പോള്‍ അവരിലെ സേവന പ്രവര്‍ത്തനങ്ങളെ പരിപോഷിപ്പിക്കാന്‍ കെ.എം.സി.സി എന്ന പ്രസ്ഥാനം എന്നും കൂടെയുണ്ട്. ജോലിത്തിരക്കിനിടയിലും അന്യന്റെ കഷ്ടപ്പാടുകള്‍ക്ക് പരിഹാരം കാണാനായി അഹോരാത്രം പരിശ്രമിക്കുന്ന സാധാരണ പ്രവര്‍ത്തകരാണ് കെ.എം.സി.സി പ്രസ്ഥാനത്തിന് കരുത്ത് പകരുന്നത്. എക്കാലവും മനുഷ്യത്വപരമായ കര്‍മ്മങ്ങള്‍ കൊണ്ട് ശ്രദ്ധ നേടിയ ദുബായ് കെ.എം.സി.സി. കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ദുബായ് കെ.എം.സി.സിയുടെ പുതിയ സാരഥികള്‍ ചുമതലയേല്‍ക്കുകയാണ്. തിരൂര്‍ സീതി സാഹിബ് പോളിടെക്‌നിക്ക് കോളേജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോ. അന്‍വര്‍ അമീനാണ് പ്രസിഡണ്ട്. 2001 മുതല്‍ 2006 വരെ സിഡ്‌കോ ഡയറക്ടറായി. തുടര്‍ന്ന് ഗള്‍ഫ് ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ ബിസിനസ് ശൃംഖല കെട്ടിപ്പടുത്ത അന്‍വര്‍ അമീന്റെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത് വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ കുറ്റിപ്പുറം മണ്ഡലം എം. എസ്.എഫ്. ജനറല്‍ സെക്രട്ടറിയായാണ്. പിന്നീട് പല മേഖലകളിലും വിവിധ സ്ഥാനങ്ങള്‍ വഹിച്ചു. കൃത്യമായ സംഘടനാ നേതൃപാടവം കൈമുതലാക്കിയ ഡോ. അമീന്‍ അന്‍വര്‍ പ്രസിഡണ്ടായി ചുമതലയേല്‍ക്കുമ്പോള്‍ പ്രവാസികള്‍ ഏറെ സന്തോഷിക്കുന്നുണ്ട്.
ദുബായിലെ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും മാര്‍ഗദര്‍ശിയുമായ യഹ്യ തളങ്കരയാണ് ജനറല്‍ സെക്രട്ടറി. സര്‍വ്വരാലും അംഗീകാരം നേടിയ യഹ്യ തളങ്കര വെല്‍ഫിറ്റ് എന്ന ബ്രാന്റുമായി വ്യവസായ രംഗത്ത് വ്യാപൃതനായിരിക്കുമ്പോഴും കെ.എം.സി.സി. പ്രസ്ഥാനത്തെ വെള്ളവും വളവും നല്‍കി വളര്‍ത്തിയ നേതാവും കൂടിയാണ്. തകര്‍ന്നുപോവുന്ന നേരങ്ങളിലൊക്കെ പലര്‍ക്കും ആശ്വാസത്തിന്റെ തെളിനീരായ യഹ്യയുടെ വളര്‍ച്ച രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലങ്ങളില്‍ നിന്ന് തന്നെയായിരുന്നു. ജീവകാരുണ്യ-ആതുര സേവനങ്ങളിലും മത-സാമൂഹ്യ-വിദ്യാഭ്യാസ വളര്‍ച്ചയിലും യഹ്യ തളങ്കരയുടെ കയ്യൊപ്പ് വളരെ വലുതാണ്. കലാ- കായിക-സാഹിത്യ രംഗങ്ങളിലും സജീവ സാന്നിധ്യമാണ് ഇദ്ദേഹം. നേരത്തെ ദുബായ് കെ.എം.സി.സിയുടെ പ്രസിഡണ്ടായും യു.എ.ഇ കെ.എം.സി.സിയുടെ ജനറല്‍ സെക്രട്ടറിയുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാട്ടിലും പ്രവാസലോകത്തും വിവിധ സംഘടനകളുടെ ഉത്തരവാദിത്വ പദവി അലങ്കരിക്കുന്നുണ്ട്. പ്രമുഖ കാര്‍ ഇന്റീരിയര്‍ ഫാക്ടറിയായ വെല്‍ഫിറ്റ് ഗ്രൂപ്പിന്റെ സ്ഥാപകന്‍ കൂടിയാണ്. ട്രഷറായി ചുമതലയേറ്റ കെ.ഇ ഇസ്മായില്‍ കൊറോണ കാലത്ത് വളണ്ടിയര്‍മാര്‍ക്കൊപ്പം ചേര്‍ന്ന് നിന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ അസൂയാവാഹമാണ്. കൂത്തുപറമ്പ് മണ്ഡലം കെ.എം.സി.സി ട്രഷറര്‍, മണ്ഡലം പ്രസിഡണ്ട്, ജില്ലാ പ്രസിഡണ്ട്, മലബാര്‍ സി.എച്ച്. സെന്റര്‍ തലശ്ശേരി ദുബായ് കമ്മിറ്റി ജനറല്‍ സെക്രട്ടറി, കഴിഞ്ഞ കാലയളവില്‍ ദുബായ് കെ.എം.സി.സി ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. മാനവികതയുടെ ഉണര്‍ത്തുപാട്ടുമായി മലയാളി മനസില്‍ സ്ഥാനം പിടിച്ച കെ.എം.സി.സിയെ നയിക്കാന്‍ ഈ മൂവര്‍ സംഘത്തോടൊപ്പം കാസകോട്ടുനിന്നും അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടി എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരായും അഡ്വ. ഇബ്രാഹിം ഖലീല്‍, അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ സെക്രട്ടറിമാരായും കൂടെയുണ്ട്. ദുബായ് കെ.എം.സി.സിക്ക് ഇനി വസന്തകാലം.