വൈവിധ്യമാര്‍ന്ന പരിപാടികളോടെ അബൂദാബി കെ.എം.സി.സിയുടെ കാസര്‍കോട് ഫെസ്റ്റ് സമാപിച്ചു

അബൂദാബി കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കാസര്‍കോട് ഫെസ്റ്റില്‍ കാസര്‍കോട് സി.എച്ച് സെന്ററിനുള്ള '365 ഡയാലിസിസ് ചികിത്സ' പദ്ധതിക്ക് വേണ്ടിയുള്ള ധനസഹായം മാഹിന്‍ കേളോട്ടിന് ഭാരവാഹികള്‍ കൈമാറുന്നു
അബൂദാബി: അബൂദാബി കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കാസര്‍കോട് ഫെസ്റ്റ് സംഘാടന മികവും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി. അബൂദാബി ബാഹിയ സ്റ്റേഡിയത്തില്‍ നടന്ന സംഗമത്തില്‍ ഉദ്ഘാടന-അവാര്‍ഡ്ദാന ചടങ്ങിന് പുറമെ കലാ, കായിക, സാംസ്‌കാരിക പരിപാടികളും കുട്ടികള്‍ക്കും വനിതകള്‍ക്കുമായി വിവിധ മത്സരങ്ങളും സോക്കര്‍ ഫെസ്റ്റും അരങ്ങേറി. യു.എ.ഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള കാസര്‍കോട് സ്വദേശികളും കെ.എം.സി.സി പ്രവര്‍ത്തകര്‍ക്കും ഒഴുകിയെത്തി. മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് അസീസ് ആറാട്ടുകടവ് അധ്യക്ഷത വഹിച്ചു. വേള്‍ഡ് കെ.എം.സി.സി വൈസ് പ്രസിഡണ്ട് അബ്ദുല്ല ഫറൂഖി ഉദ്ഘാടനം ചെയ്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കര, കാസര്‍കോട് മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് മാഹിന്‍ കേളോട്ട്, അഡ്വ. നജാഫ്, ഷൂക്കൂര്‍ അലി കല്ലുങ്ങല്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, ഹനീഫ് പടിഞ്ഞാര്‍മൂല, സലീം ചിറക്കല്‍, അബ്ദുല്‍ റഹ്മാന്‍ ഹാജി, സലാം കന്യാപ്പടി, അഡ്വ. പി.എ ഫൈസല്‍ പ്രസംഗിച്ചു.
കാസര്‍കോട് സി.എച്ച് സെന്റര്‍ മുഖേന നടപ്പിലാക്കുന്ന '365 ഡയാലിസിസ് ചികിത്സ' പദ്ധതിക്ക് വേണ്ടിയുള്ള ധനസഹായം മാഹിന്‍ കേളോട്ടിന് ഭാരവാഹികള്‍ കൈമാറി. നിര്‍മ്മാണത്തിലിരിക്കുന്ന ജില്ലാ മുസ്ലിംലീഗ് ആസ്ഥാന മന്ദിരത്തിനായി അബൂദാബി മണ്ഡലം കമ്മിറ്റിയുടെ 10 ലക്ഷം രൂപയുടെ സഹായധനം യു.എ.ഇ കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് കൈമാറി. വിവിധ അവാര്‍ഡുകള്‍ കൈമാറി. ചെര്‍ക്കളം അബ്ദുല്ല ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ഡോ. അബൂബക്കര്‍ കുറ്റിക്കോലിന് നിസാര്‍ തളങ്കരയും ടി.ഇ അബ്ദുല്ല ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് സ്‌കൈ ഗ്രൂപ്പ് എം.ഡി ഷെരീഫ് കോളിയാടിന് മാഹിന്‍ കേളോട്ടും പി.ബി അബ്ദുറസാഖ് യംഗ് ബിസിനസ് അവാര്‍ഡ് അറബ്‌സ്‌കോ ഗ്രൂപ്പ് കോ ഫൗണ്ടര്‍ മാരായ നജീബ് ആന്റ് മുജീബ് ബ്രദേഴ്‌സിന് ഷുക്കൂര്‍ അലി കല്ലുങ്കലും സമ്മാനിച്ചു. 12 ടീമുകള്‍ അണിനിരന്ന സോക്കര്‍ മത്സരത്തില്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിന് വേണ്ടി മത്സരിച്ച അറബ്‌സ്‌കോ കാസര്‍കോട് ടീം ജേതാക്കളായി. റിവൈറ ടീം റണ്ണേര്‍സായി. അഷ്‌റഫ് ആദൂര്‍ സ്വാഗതവും ബദറുദ്ദീന്‍ ബെല്‍ത്ത നന്ദിയും പറഞ്ഞു.