തളങ്കര: 20 വര്‍ഷത്തിലേറെ നീണ്ട സേവനത്തിന് ശേഷം വിരമിക്കുന്ന പ്രധാനാധ്യാപികക്ക് സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി നല്കിയ ഒരുലക്ഷം രൂപ പാരിതോഷികം തിരികെ നല്കി അധ്യാപികയുടെ മാതൃക. തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് വിരമിച്ച പ്രധാനാധ്യാപിക മഞ്ജു കുര്യാക്കോസാണ് ഉപഹാരത്തിനോടൊപ്പം തനിക്ക് പാരിതോഷികമായി ലഭിച്ച ഒരു ലക്ഷം രൂപ സ്കൂളിന്റെ ആവശ്യത്തിന് ഉപയോഗിക്കണമെന്ന് പറഞ്ഞ് അതേ വേദിയില്‍വെച്ച് തിരികെ നല്കി മഹത്തായ മാതൃക കാട്ടിയത്. ഇന്നലെ സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മഞ്ജുകുര്യാക്കോസിനുള്ള യാത്രയയപ്പും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും നടന്നിരുന്നു. ദഖീറത്തുല്‍ ഉഖ്റാ സംഘം പ്രസിഡണ്ട് യഹ്യ തളങ്കരയുടെ അധ്യക്ഷതയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് എം.എല്‍.എ ഉപഹാരവും യഹ്യ തളങ്കര മാനേജ്മെന്റ് കമ്മിറ്റിയുടെ പണക്കിഴിയും കൈമാറി. ഉപഹാരം സ്വീകരിച്ച മഞ്ജുകുര്യാക്കോസ് ഈ തുക സ്കൂള്‍ പ്രവര്‍ത്തനങ്ങളുടെ ആവശ്യത്തിനായി പ്രയോജനപ്പെടുത്തണമെന്നും അതാണ് തന്റെ സന്തോഷമെന്നും പറഞ്ഞ് തിരികെ ഏല്‍പ്പിക്കുകയായിരുന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എ പ്ലസ് നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉപഹാരം നല്കി അനുമോദിച്ചു. ദഖീറത്തുല്‍ ഉഖ്റാ സംഘം ജനറല്‍ സെക്രട്ടറി ടി.എ ഷാഫി മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്‍ കെ.എം ഹനീഫ് സംസാരിച്ചു. മാനേജര്‍ എം.എ ലത്തീഫ് സ്കൂളിന്റെ നേട്ടങ്ങളെ കുറിച്ച് വിവരിച്ചു. പ്രിന്‍സിപ്പല്‍ ഷിബു ജോസ് സ്വാഗതം പറഞ്ഞു. സംഘം സെക്രട്ടറിമാരായ റഊഫ് പള്ളിക്കാല്‍, ബി.യു അബ്ദുല്ല, പ്രവര്‍ത്തക സമിതി അംഗങ്ങളായ സത്താര്‍ ഹാജി പള്ളിക്കാല്‍, കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, ഹസൈനാര്‍ ഹാജി തളങ്കര, ടി.ഇ മുക്താര്‍, എന്‍.എം അബ്ദുല്ല, സഹീര്‍ ആസിഫ്, ടി.എസ് ഗഫൂര്‍, അഷ്റഫ് ഫോര്‍ യു, പി.ടി.എ പ്രസിഡണ്ട് ഫൈസല്‍ പടിഞ്ഞാര്‍, മുന്‍ പ്രസിഡണ്ട് സത്താര്‍ ഹാജി, മദര്‍ പി.ടി.എ പ്രസിഡണ്ട് ഫര്‍സാന ശിഹാബുദ്ദീന്, ഹയര്‍ സെക്കണ്ടറി പി.ടി.എ പ്രസിഡണ്ട് ഹംസ കണ്ടത്തില്‍, നഗരസഭാംഗങ്ങളായ സിദ്ദീഖ് ചക്കര, ഇക്ബാല്‍ ബാങ്കോട്, ശ്യാമള ടീച്ചര്‍, ലത്തീഫ് മാസ്റ്റര്‍, മിനി ടീച്ചര്‍, ജയന് മാസ്റ്റര്‍ സംസാരിച്ചു. മഞ്ജുകുര്യാക്കോസ് യാത്രയയപ്പിന് മറുപടി പറഞ്ഞു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സവിത ടീച്ചര്‍ നന്ദി പറഞ്ഞു. പി.ടി.എ കമ്മിറ്റി വകയും ഉപഹാരങ്ങളുണ്ടായിരുന്നു.