പ്രാസഭഞ്ജകന്‍ വിപ്ലവകാരി

സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളുമായി ബറോഡയിലെ നവസാരിയില്‍ കഴിയുന്ന കാലത്താണ് ഗോവിന്ദ പൈ എന്ന കവിയിലെ ദ്വിതിയാക്ഷരപ്രാസ ഭഞ്ജകന്‍ ധീരനായി രംഗത്തുവന്നത്. പ്രാസരഹിതമായി എഴുതിയ കവിതകള്‍ പ്രസിദ്ധീകരിക്കാന്‍ അതുവരെ അദ്ദേഹം ധൈര്യപ്പെട്ടിരുന്നില്ല. എഴുതിക്കഴിഞ്ഞ് കീറിക്കളയുക എന്നതായിരുന്നു രീതി. 1911 ഏപ്രില്‍ മാസത്തില്‍ നവസാരിയില്‍ എത്തിയപ്പോഴാണ് ആ അനിശ്ചിതത്വം അവസാനിപ്പിച്ച് പ്രാസരഹിതവുമായി അദ്ദേഹം മുന്നോട്ടുപോയത്.രവീന്ദ്രനാഥ ടാഗോറിന്റെ ആയിഭൂവനമന മോഹിനി എന്ന ബംഗാളി കവിത പ്രാസരഹിതമായി കന്നഡയിലേക്ക് വിവര്‍ത്തനം ചെയ്തു. അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ ഹിന്ദുസ്ഥാന്‍ ഹമാരാ എന്ന ഉറുദു കവിതയും പ്രാസമില്ലാതെ […]

സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളുമായി ബറോഡയിലെ നവസാരിയില്‍ കഴിയുന്ന കാലത്താണ് ഗോവിന്ദ പൈ എന്ന കവിയിലെ ദ്വിതിയാക്ഷരപ്രാസ ഭഞ്ജകന്‍ ധീരനായി രംഗത്തുവന്നത്. പ്രാസരഹിതമായി എഴുതിയ കവിതകള്‍ പ്രസിദ്ധീകരിക്കാന്‍ അതുവരെ അദ്ദേഹം ധൈര്യപ്പെട്ടിരുന്നില്ല. എഴുതിക്കഴിഞ്ഞ് കീറിക്കളയുക എന്നതായിരുന്നു രീതി. 1911 ഏപ്രില്‍ മാസത്തില്‍ നവസാരിയില്‍ എത്തിയപ്പോഴാണ് ആ അനിശ്ചിതത്വം അവസാനിപ്പിച്ച് പ്രാസരഹിതവുമായി അദ്ദേഹം മുന്നോട്ടുപോയത്.
രവീന്ദ്രനാഥ ടാഗോറിന്റെ ആയിഭൂവനമന മോഹിനി എന്ന ബംഗാളി കവിത പ്രാസരഹിതമായി കന്നഡയിലേക്ക് വിവര്‍ത്തനം ചെയ്തു. അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ ഹിന്ദുസ്ഥാന്‍ ഹമാരാ എന്ന ഉറുദു കവിതയും പ്രാസമില്ലാതെ കന്നഡയിലേക്ക് മൊഴിമാറ്റി.
ഹൊലയനുയാറു? (പുലയന്‍ ആര്?) എന്ന സ്വന്തം കവിതയിലും പ്രാസം ബഹിഷ്‌കരിച്ചു. എല്ലാം മംഗലാപുരത്തു നിന്നു പ്രസിദ്ധീകരിച്ചു വന്ന സ്വദേശാഭിമാനിയില്‍ വന്നു. അവ കന്നഡ കാവ്യലോകത്ത് ഏറെ ചര്‍ച്ചയായി. പ്രാസവാദത്തിന്റെ അടിയിളകി. പ്രാസനിരാസം പുതിയ രീതിയായി. ആവേശമായി.
മംഗലാപുരം, ബംഗളൂരു, കാര്‍വാര്‍, ധാര്‍വാഡ, മൈസൂര്‍ തുടങ്ങിയ സ്ഥങ്ങളിലെ കവികളെല്ലാം പ്രാസം വലിച്ചെറിഞ്ഞ് ശക്തമായ കവിതകളിലൂടെ രംഗപ്രവേശം ചെയ്തു. കന്നഡയില്‍ പ്രാസനിരാസത്തിന്റെ നൂതനസരണി വെട്ടിത്തെളിച്ചയാളായി ഗോവിന്ദ പൈ വാഴ്ത്തപ്പെട്ടു. കാവ്യദേവതയെ പ്രാസപ്രയാസത്തിന്റെ ചങ്ങലക്കെട്ടില്‍ നിന്ന് മോചിപ്പിച്ച് സ്വതന്ത്രയാക്കിയ വിപ്ലവകവിയായും പൈ അടയാളപ്പെട്ടു.
യക്ഷഗാനം, തെയ്യം
യക്ഷഗാനവും തെയ്യവുമാണ് ഗോവിന്ദ പൈയിലെ കവിയെയും ഗവേഷകനെയും ഉണര്‍ത്തിയത്. ബങ്കര മഞ്ചേശ്വരത്തെ വീട്ടിലും പരിസരങ്ങളിലും നാട്ടിലും പഠിക്കുന്ന മംഗലാപുരത്തും പിതാവിന്റെ തറവാട്ടിലും എന്നുവേണ്ട എവിടെച്ചെന്നാലും കൊച്ചു മാളു പൈ കാണുന്നതും കേള്‍ക്കുന്നതും യക്ഷഗാനവും തെയ്യവുമാണ്. തെയ്യങ്ങള്‍ ചരിത്രവും നാടന്‍സംസ്‌കൃതിയും കഥാപ്രപഞ്ചവും അന്വേഷിച്ചറിയാന്‍ പ്രേരണ നല്‍കി.
മംഗലാപുരത്ത് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ അവധി ദിവസങ്ങളില്‍ മഞ്ചേശ്വരത്ത് വന്നാല്‍ യക്ഷഗാന ബയലാട്ടവും തെയ്യവും എവിടെയുണ്ടെന്നന്വേഷിച്ച് അവിടെപ്പോയി കാണും. ഗ്ലോകങ്ങളും പാട്ടുകളും പാഡ് ദണകളും ശ്രദ്ധിച്ച് കേട്ട് മനപാഠമാക്കും. ചെണ്ട, ചേങ്ങില, മദ്ദളം തുടങ്ങിയ സംഗീതോപകരണങ്ങളുടെ താളം ഹൃദയത്തില്‍ ആവാഹിക്കും.
ഗിളിവിംഡു
രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദ പൈയുടെ പ്രഥമ കവിതാ സമാഹാരമാണ് ഗിളിവിംഡു. കന്നഡ വാക്കിനര്‍ത്ഥം കിളിക്കൂട്ടം/പക്ഷിക്കൂട്ടം എന്നാണ്. 1935ലാണ് ഗിളിവിംഡു ഇറങ്ങുന്നത്. 46 മൗലിക രചനകളും ഒമര്‍ ഖയാമിന്റെ 75 വിവര്‍ത്തന കവിതകളും അടങ്ങുന്നതാണ് ഗിളിവിംഡു കാവ്യസമാഹാരം.
കൃതികള്‍
ഇതിഹാസദ ഇരുളല്ലി തുളുനാട് (ചരിത്രലേഖനം), ഗൊമ്മട ജിനസ്തുതി (പദ്യം), ഉമര്‍ഖയാം (വിവര്‍ത്തനം), നന്ദാദീപ, ഗിളിവിംഡു, ഗൊല്‍ഗോഥാ, വൈശാഖി, പ്രഭാസ (കവിതകള്‍), ഇന്‍ഡ്യാന (ഇംഗ്ലീഷ് ലേഖന സമാഹാരം), ഹെബ്ബെറളു, ചിത്രഭാനു, നോ നാടകങ്ങള്‍ (നാടകം) എന്നിവയാണ് ഗോവിന്ദ പൈയുടെ പ്രധാനകൃതികള്‍.
സ്മാരകം
മഞ്ചേശ്വരത്തെ വസതി ഗിളിവിംഡു എന്ന പേരില്‍ സ്മാരകമായി നിലനില്‍ക്കുന്നു. മഞ്ചേശ്വരത്തെ ഗവ. കോളേജ് കവിയുടെ നാമധേയത്തിലാണ്.ഉഡുപ്പില്‍ കര്‍ണാടക സര്‍ക്കാറിനു കീഴില്‍ ഗോവിന്ദ പൈ ഗവേഷണ കേന്ദ്രമുണ്ട്.
മഹാകവി ഗോവിന്ദ പൈയുടെ തിരഞ്ഞെടുത്ത കൃതികള്‍ സി. രാഘവന്റെ വിവര്‍ത്തനത്തോടെ കേരള സാഹിത്യ അക്കാദമി 1994 ഏപ്രിലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മഹാകവി ഗോവിന്ദ പൈ എന്ന പേരില്‍ 1990ല്‍ വെങ്കിട്ടരാജ പുണിഞ്ചിത്തായ കവിയുടെ ജീവിതവും കൃതികളും ആസ്പദമാക്കി ഒരു കൃതി മലയാളത്തില്‍ രചിച്ചു. ഡോ. നിഷി ജോര്‍ജ് തയ്യാറാക്കിയ ലഘു ജീവചരിത്രം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഇറക്കി. ഈ ലേഖകനും കവിയുടെ ഏതാനും കവിതകള്‍ മലയാളത്തിലാക്കിയിട്ടുണ്ട്. കവിയെ കുറിച്ച് ധാരാളം കുറിപ്പുകളും എഴുതി.

ജീവിതത്തിലേക്ക്
കരുത്തായി കൃഷ്ണാബായി

1903-1904 വര്‍ഷത്തില്‍ ഗോവിന്ദ പൈ, മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ ബി.എയ്ക്ക് പഠിച്ചിരുന്നു. അതിനിടെ പിതാവിന് അസുഖം കൂടുതലാണെന്ന വിവരം ലഭിച്ച് നാട്ടിലേക്ക് തിരിച്ചു. വൈകാതെ പിതാവ് മരിച്ചു. തുടര്‍ന്ന് പഠിക്കാന്‍ ഗോവിന്ദ പൈ പോയില്ല. ബി.എ മുഴുമിപ്പിച്ചുമില്ല. ബി.എക്ക് ഇംഗ്ലീഷ് പരീക്ഷ മാത്രമാണ് പൈ എഴുതിയിരുന്നത്. അതിലദ്ദേഹത്തിന് സ്വര്‍ണപ്പതക്കവും ലഭിക്കുകയുണ്ടായി.
ബിരുദ പഠനം പാതിവഴിയില്‍ വിട്ട് നാട്ടിലെത്തിയ പൈ, പിതാവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ കുടുംബഭാരവും ഉത്തരവാദിത്വവും സ്വയം ഏറ്റെടുത്ത് കുറച്ചുകാലം മഞ്ചേശ്വരത്തെ വീട്ടില്‍ത്തന്നെ കഴിഞ്ഞു. അക്കാലത്താണ് അദ്ദേഹം വിവാഹിതനായത്. ലക്ഷ്മി എന്ന കൃഷ്ണാബായിയാണ് പത്‌നി. അവര്‍ മറാഠി ഭാഷക്കാരിയായിരുന്നു. മറാഠിയില്‍ നല്ല അവഗാഹമുള്ളവരുമായിരുന്നു. ഏതാനും സാഹിത്യ രചനകള്‍ അവര്‍ മറാഠിയില്‍ നടത്തിയിരുന്നു. നല്ലൊരു ചിത്രകാരി കൂടിയായിരുന്നു. മഞ്ചേശ്വരത്തെ കവിഭവനത്തിന്റെ മാളികയില്‍ കുറേക്കാലം ആ ചിത്രങ്ങള്‍ ഉണ്ടായിരുന്നതായും പിന്നീടവ നശിച്ചുപോയെന്നും പറയപ്പെടുന്നു.
പൈയെ എഴുത്തുകാര്യത്തില്‍ കൃഷ്ണാ ബായി സഹായിക്കുമായിരുന്നു. ഭാര്യയുടെ പ്രേരണ നിമിത്തമാണ് താന്‍ മറാഠി ഭാഷ പഠിച്ചതെന്ന് പൈ പറഞ്ഞിട്ടുണ്ട്. നവസാരിയില്‍ കാകാ കലേല്‍ക്കറുടെ കൂടെ കഴിയുന്ന കാലത്ത് അദ്ദേഹത്തിന്റെ സഹായം മറാഠി പഠിക്കാന്‍ പൈയ്ക്ക് ലഭിച്ചു. കലേല്‍ക്കര്‍ മറാഠി വിദ്വാനായിരുന്നു. അവരുടെ പ്രോത്സാഹനവും സഹകരണവും കൊണ്ടാണ് താന്‍ സൈരന്ധ്രി എന്ന ഖണ്ഡകാവ്യം എഴുതിയതെന്ന് പൈ പറയുമായിരുന്നു.
1910ല്‍ കൃഷ്ണാബായി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ദിവസങ്ങള്‍ മാത്രമേ ആ കണ്‍മണിയ്ക്ക് ആയുസ്സുണ്ടായിരുന്നുള്ളൂ. പിന്നീട് കൃഷ്ണാ ബായി പ്രസവിച്ചതുമില്ല. 17 വര്‍ഷത്തിനു ശേഷം, 1927ല്‍, ആസ്ത്മാരോഗം മൂര്‍ച്ഛിച്ച് കൃഷ്ണാബായിയും ഇഹലോകവാസം വെടിഞ്ഞു.
പൈയ്ക്ക് 44 വയസ്സായിരുന്നു അപ്പോള്‍. പത്‌നീവിയോഗത്തിന്റെ ദു:ഖവും പേറി, നിത്യവും സ്മരണാഞ്ജലിയര്‍പ്പിച്ച്, പുനര്‍വിവാഹത്തെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെയാണ് അദ്ദേഹം 80-ാം വയസില്‍ അന്ത്യശ്വാസം വലിക്കുന്നതുവരെ കഴിഞ്ഞത്. നന്ദാദീപ, ഗൊമ്മടജിനസ്തുതി എന്നീ കാവ്യങ്ങള്‍ കൃഷ്ണാബായിയുടെ ഓര്‍മയില്‍ രചിക്കപ്പെട്ടവയാണ്. പ്രഥമ കാവ്യകൃതി ഗിളിവിംഡു സമര്‍പ്പിച്ചിരിക്കുന്നത് പത്‌നിയ്ക്കാണ്.


-രവീന്ദ്രന്‍ പാടി

Related Articles
Next Story
Share it