മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണറുടെ ഗുരുതര ആരോപണം; വി.സി പുനര്‍നിയമനത്തില്‍ നേരിട്ട് ഇടപെട്ടു

തിരുവനന്തപുരം: കണ്ണൂര്‍ വൈസ് ചാന്‍സിലര്‍ പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി രാജ്ഭവനില്‍ വന്ന് നേരിട്ട് ഇടപെട്ടുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധിച്ച സംഭവത്തില്‍ ഇടപെടാന്‍ ശ്രമിച്ച പൊലീസിനെ കെ.കെ രാഗേഷ് തടഞ്ഞുവെന്നും ഇതിനുള്ള പാരിതോഷികമാണ് മുഖ്യമന്ത്രി അദ്ദേഹത്തിന് നല്‍കിയ പ്രൈവറ്റ് സെക്രട്ടറി പദവിയെന്നും ഗവര്‍ണര്‍ ആഞ്ഞടിച്ചു. മുഖ്യമന്ത്രിയുടെ കത്തുകള്‍ അദ്ദേഹം പുറത്തുവിടുകയും ചെയ്തു.മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ തെളിവുകള്‍ പുറത്ത് വിടുമെന്ന് അറിയിച്ച് ഗവര്‍ണര്‍ വിളിച്ച വാര്‍ത്താ സമ്മേളനം വലിയ ആകാംക്ഷയോടെയാണ് കേരളം നോക്കിക്കണ്ടത്. […]

തിരുവനന്തപുരം: കണ്ണൂര്‍ വൈസ് ചാന്‍സിലര്‍ പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി രാജ്ഭവനില്‍ വന്ന് നേരിട്ട് ഇടപെട്ടുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധിച്ച സംഭവത്തില്‍ ഇടപെടാന്‍ ശ്രമിച്ച പൊലീസിനെ കെ.കെ രാഗേഷ് തടഞ്ഞുവെന്നും ഇതിനുള്ള പാരിതോഷികമാണ് മുഖ്യമന്ത്രി അദ്ദേഹത്തിന് നല്‍കിയ പ്രൈവറ്റ് സെക്രട്ടറി പദവിയെന്നും ഗവര്‍ണര്‍ ആഞ്ഞടിച്ചു. മുഖ്യമന്ത്രിയുടെ കത്തുകള്‍ അദ്ദേഹം പുറത്തുവിടുകയും ചെയ്തു.
മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ തെളിവുകള്‍ പുറത്ത് വിടുമെന്ന് അറിയിച്ച് ഗവര്‍ണര്‍ വിളിച്ച വാര്‍ത്താ സമ്മേളനം വലിയ ആകാംക്ഷയോടെയാണ് കേരളം നോക്കിക്കണ്ടത്. 11.45ന് ആരംഭിക്കുമെന്ന് അറിയിച്ച വാര്‍ത്താസമ്മേളനം ഏഴ് മിനിറ്റ് വൈകിയാണ് തുടങ്ങിയത്. രാജ്ഭവനില്‍ പ്രത്യേകം ഒരുക്കിയ വേദിയിലേക്ക് മാധ്യമ പ്രവര്‍ത്തകരുടെ പട തന്നെ എത്തിയിരുന്നു.
കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ സംസാരിച്ചുകൊണ്ടിരിക്കെ ഉയര്‍ന്ന പ്രതിഷേധ ദൃശ്യങ്ങള്‍ വാര്‍ത്താസമ്മേളന വേദിയില്‍ സ്ഥാപിച്ച ഡിജിറ്റല്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ആരിഫ് മുഹമ്മദ് ഖാന്‍ വാര്‍ത്താസമ്മേളനം തുടങ്ങിയത്. 'ആദ്യം ദൃശ്യങ്ങള്‍ കാണുക, എന്നിട്ട് സംസാരിക്കാ'മെന്ന് അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പൊലീസ് സ്വമേധയാ കേസെടുക്കേണ്ടിയിരുന്ന അസാധാരണ സംഭവമാണ് അവിടെ നടന്നതെന്നും ഗവര്‍ണറെ തടഞ്ഞാല്‍ ഏഴ് വര്‍ഷം തടവും പിഴയുമാണ് ശിക്ഷയെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പൊലീസിനെ അന്ന് തടഞ്ഞത് ഇന്ന് സര്‍ക്കാറിലുള്ള ഒരു ഉന്നതനാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് കാണിച്ച ദൃശ്യങ്ങളില്‍ അദ്ദേഹം ആ ഉന്നതന്‍ ആരാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. ഗവര്‍ണര്‍ക്ക് നേരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുക്കാന്‍ നീങ്ങുന്ന പൊലീസിനെ കെ.കെ രാഗേഷ് തടയുന്ന ദൃശ്യങ്ങള്‍ കാണിച്ചുകൊണ്ടാണ് ആ ഉന്നതന്‍ ആരാണെന്ന് ഗവര്‍ണര്‍ വെളിപ്പെടുത്തിയത്. വേദിയില്‍ നിന്ന് ഇറങ്ങിവന്ന് രാഗേഷ് പൊലീസിനെ തടയുകയായിരുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.
രാഗേഷിന് നല്‍കിയ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദവി ഇതിനുള്ള പാരിതോഷികമാണോ എന്ന് ഗവര്‍ണര്‍ ചോദിച്ചു. ഇ.പി ജയരാജനും കെ.ടി ജലീലിനും എതിരേയും ഗവര്‍ണര്‍ സംസാരിച്ചു.
അതിനിടെ വാര്‍ത്താസമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ചീഫ് സെക്രട്ടറി വി.പി ജോയ് ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലെത്തി. ലഹരിവിരുദ്ധ പ്രചാരണ പരിപാടിക്ക് ക്ഷണിക്കാനായിരുന്നു അദ്ദേഹത്തിന്റെ രാജ്ഭവന്‍ സന്ദര്‍ശനമെങ്കിലും ഗവര്‍ണറുമായി അനുരഞ്ജന ചര്‍ച്ചക്ക് എത്തിയതാണെന്ന പ്രചരണവും പരന്നു.

Related Articles
Next Story
Share it