തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേരളത്തെ തകര്‍ക്കാനുള്ള ശ്രമം നടത്തുകയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയെ മുന്നില്‍ നിര്‍ത്തി എല്‍ഡിഎഫ് നടത്തിയ രാജ്ഭവന് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നതവിദ്യാഭ്യസ രംഗം കാവിവല്‍ക്കരിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ആശയപരമായ പോരാട്ടത്തെ ബിജെപിയും ആര്‍എസ്എസും അംഗീകരിക്കില്ല. മോദി പറയുന്നത് എന്താണോ അതാണ് അംഗീകരിക്കുക. യുക്തിപരമായി ചിന്തിക്കുന്നവരെ അവര്‍ ഉള്‍ക്കൊള്ളില്ല. കേരളത്തില്‍ മാത്രമാണ് വരുന്നവരെ മതത്തിന് അതീതമായി കാണുന്നതും സ്വീകരിക്കുന്നതും. ഇതിന് കാരണം ഉന്നതവിദ്യാഭ്യാസ മേഖലയുടെ മികവാണ്. കേരളത്തിലെ ജനം ഈ മികവ് തകര്‍ക്കാന്‍ അനുവദിക്കില്ല. കേരള നിയമസഭ പാസാക്കിയ നിയമപ്രകാരമാണ് ഗവര്‍ണറെ ചാന്‍സലറായി നിയമിച്ചത്. സ്വാഭാവികമായി ചാന്സലറായതല്ലെന്ന് യെച്ചൂരി പറഞ്ഞു.