സിനിമയിലും ഗോപിശ്രീ

നാടകമാണോ സിനിമയാണോ കൂടുതല്‍ സംതൃപ്തി നല്‍കുന്നത് എന്ന ചോദ്യത്തിന് നാടകമാണെന്ന മറുപടി പറയാന്‍ ഗോപി കുറ്റിക്കോലിന് ഒട്ടും ആലോചിക്കേണ്ടി വന്നില്ലെങ്കിലും ഗോപി ഇപ്പോള്‍ സിനിമയുടെ വഴിയിലേക്ക് നടന്നു കയറിെയെങ്കിലും നാടകം പലപ്പോഴും തിരികെ വിളിക്കുന്നുണ്ട്. ഇത്തിരി നേരം അവിടെ ചെലവഴിച്ച് വീണ്ടും സിനിമയുടെ തിരക്കിലേക്ക്. മൂന്ന് സിനിമകള്‍ ഗോപി ഇതിനകം സംവിധാനം ചെയ്തു കഴിഞ്ഞു. നാലാമത്തതിന്റെ സംവിധാനത്തിരക്കിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കുകയാണ്. നാടക വഴിയില്‍ നിന്ന് എങ്ങനെയാണ് സിനിമയിലേക്ക്് നടന്നു കയറിയത് എന്നതിന്റെ കഥ വായിക്കുന്നതിന് മുമ്പ് ഗോപി കുറ്റിക്കോലിന്റെ […]

നാടകമാണോ സിനിമയാണോ കൂടുതല്‍ സംതൃപ്തി നല്‍കുന്നത് എന്ന ചോദ്യത്തിന് നാടകമാണെന്ന മറുപടി പറയാന്‍ ഗോപി കുറ്റിക്കോലിന് ഒട്ടും ആലോചിക്കേണ്ടി വന്നില്ലെങ്കിലും ഗോപി ഇപ്പോള്‍ സിനിമയുടെ വഴിയിലേക്ക് നടന്നു കയറിെയെങ്കിലും നാടകം പലപ്പോഴും തിരികെ വിളിക്കുന്നുണ്ട്. ഇത്തിരി നേരം അവിടെ ചെലവഴിച്ച് വീണ്ടും സിനിമയുടെ തിരക്കിലേക്ക്. മൂന്ന് സിനിമകള്‍ ഗോപി ഇതിനകം സംവിധാനം ചെയ്തു കഴിഞ്ഞു. നാലാമത്തതിന്റെ സംവിധാനത്തിരക്കിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കുകയാണ്. നാടക വഴിയില്‍ നിന്ന് എങ്ങനെയാണ് സിനിമയിലേക്ക്് നടന്നു കയറിയത് എന്നതിന്റെ കഥ വായിക്കുന്നതിന് മുമ്പ് ഗോപി കുറ്റിക്കോലിന്റെ കുട്ടിക്കാലം വായിക്കണം.

'കര്‍ഷകന്റെ കശുമാവി'ല്‍ നിന്ന് തുടക്കം
കുറ്റിക്കോല്‍ യു.പി സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ വെറുതെ ഒരു രസത്തിന് വേണ്ടി നാടകമെഴുതിയ ഗോപിയുടെ കയ്യില്‍ നിന്ന് അധ്യാപകന്‍ ആ രചന വാങ്ങി വായിച്ചു നോക്കി. നാടകത്തിന്റെ പേരുതന്നെ അധ്യാപകനെ ആകര്‍ഷിച്ചു. 'കര്‍ഷകന്റെ ഉപ്പുമാവ്'. പിന്നീട് ഗോപികുറ്റിക്കോല്‍ എഴുതിയ നാടകങ്ങള്‍ക്ക് കണക്കില്ല. സ്‌കൂളിലെ സാഹിത്യ സമാജങ്ങളില്‍ നാടകം എഴുതിയും അഭിനയിച്ചും ഗോപി എന്ന നീളം കുറഞ്ഞ പയ്യന്‍ പിന്നീട് കഠിന പ്രയത്‌നത്തിലൂടെ ഉയരങ്ങളിലേക്ക് അള്ളിപ്പിടിച്ചു കയറുന്നതാണ് സഹപാഠികള്‍ കണ്ടത്. നാട്ടിപ്പാട്ടും കോല്‍ക്കളിയുമൊക്കെയായി കുറ്റിക്കോല്‍ നെരു ഗ്രാമം സജീവമായിരുന്ന കാലം. ഗോപിക്ക് കമ്പം നാടകത്തോടായിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴും പിന്നീട് എം.എ. മലയാളത്തിന് ചേര്‍ന്നപ്പോഴും നാടകം ഗോപിക്ക് തലക്ക് പിടിച്ചിരുന്നു.

ബസ് യാത്രക്കിടയില്‍ അഹ്‌മദ് മാഷെ കണ്ട നിമിഷം
നാടകജീവിതം സജീവമായെങ്കിലും അത് കൊണ്ട് മാത്രം ജീവിക്കാന്‍ കഴിയില്ലെന്ന് തോന്നിയ നാളുകളില്‍ ഒരിക്കല്‍ മംഗളൂരുവില്‍ നിന്ന് ബസില്‍ കാസര്‍കോട്ടേക്ക് വരികയായിരുന്നു ഗോപി. അതേ ബസില്‍ കെ.എം അഹ്‌മദ് മാഷും ഉണ്ടായിരുന്നു. സ്വയം ചെന്ന് പരിചയപ്പെട്ട് മാഷോട് സംസാരിക്കുന്നതിനിടയില്‍ പത്രപ്രവര്‍ത്തകനാവാനുള്ള മോഹവും പങ്കുവെച്ചു. അങ്ങനെ ഉത്തരദേശത്തിലെത്തി. വാരാന്തപ്പതിപ്പിന്റെ അടക്കം ചുമതല വഹിച്ച നാളുകള്‍. നാടകം അപ്പോഴും കത്തിജ്വലിച്ച് തന്നെ തലയിലുണ്ട്. ഒരു വര്‍ഷത്തിലധികം ഉത്തരദേശത്തിലുണ്ടായിരുന്നു. അഹ്‌മദ് മാഷാണ് ഉയരങ്ങളെ കുറിച്ച് ചിന്തിക്കാനും കഠിനമായി പ്രവര്‍ത്തിച്ചാല്‍ ഏത് വഴിയിലും ഉയരം താണ്ടാമെന്നും പഠിപ്പിച്ചത്. മറ്റു ചില മാധ്യമങ്ങളിലും ജോലി ചെയ്തു.

എ.കെ ആന്റണിയെ ഞെട്ടിച്ച സൂര്യനെല്ലിപ്പൂവ്
ഉത്തരദേശത്തില്‍ ജോലി ചെയ്യുന്ന കാലത്ത് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി ഒരിക്കല്‍ കാസര്‍കോട്ട് വന്നു. ഉത്തരദേശത്തിന് വേണ്ടി ഗസ്റ്റ് ഹൗസില്‍ ആന്റണിയെ ഇന്റര്‍വ്യൂ ചെയ്യാന്‍ ചെന്നത് ഗോപിയായിരുന്നു. ഇന്റര്‍വ്യൂ കഴിഞ്ഞ് ഓഫീസില്‍ തിരിച്ചെത്തി വാര്‍ത്ത എഴുതിക്കഴിഞ്ഞപ്പോഴേക്കും ഗോപിക്ക് ഒരു ഫോണ്‍കോള്‍. ആന്റണി പഴയ ബസ്സ്റ്റാന്റ് പരിസരത്ത് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടെടുത്ത് ഉടന്‍ വരാമെന്നും പറഞ്ഞ് ഓടിയതാണ് ഗോപി. പിന്നീട് ഉണ്ടായ കഥ ഗോപി തന്നെ പറയും: 'സൂര്യനെല്ലി സംഭവം കത്തി നില്‍ക്കുന്ന കാലം. പ്രതികളുടെ അറസ്റ്റ് വൈകുന്നു. ഇതില്‍ പ്രതിഷേധിച്ച് കാസര്‍കോട്ടെ ഏതാനും നാടകപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ കാത്തു നില്‍ക്കുകയായിരുന്നു. പഴയ ബസ്സ്റ്റാന്റ് പരിസരത്ത് നാടക കലാകാരന്മാരായ സുരേഷ് പണിക്കരും ജയശ്രീ കാടകവും അശോകനും പി. ശിവാനന്ദനുമൊക്കെയുണ്ട്. പെട്ടെന്ന് ഞങ്ങള്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് വേദിയിലേക്ക് ഇരച്ചുകയറി. സൂര്യനെല്ലികേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ' സൂര്യനെല്ലി പൂവ്' എന്ന നാടകം കളിച്ചു. പൊലീസ് ഞങ്ങളെ വളഞ്ഞിട്ടു പിടികൂടി.'

സംവിധാനത്തിന്റെ പത്തരമാറ്റ്
പിന്നെ നാടകം തന്നെയായി ഗോപിയുടെ ജീവിതം. നിരവധി നാടക ക്യാമ്പുകള്‍. ഗോപി എന്ന നാടക സംവിധായകന്റെ വളര്‍ച്ച കണ്ട് നാട് അഭിമാനിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളിലും ഹയര്‍സെക്കണ്ടറി കലോത്സവങ്ങളിലും കേരളോത്സവങ്ങളിലും ഗോപി സംവിധാനം ചെയ്ത നാടകങ്ങള്‍ക്ക് തന്നെയായി ഒന്നാം സമ്മാനം. ഗോപിയെ തേടി കേരളത്തിലെ വിവിധ സ്‌കൂള്‍ അധികൃതര്‍ എത്തിത്തുടങ്ങി. അവരുടെ കുട്ടികളെ നാടകത്തിന് ഗോപി തന്നെ ഒരുക്കണം.
ദൂരദര്‍ശനില്‍ നിരവധി നാടകങ്ങള്‍ അവതരിപ്പിച്ചതോടെ ഗോപിയുടെ ഗ്രാഫ് പിന്നെയും വളര്‍ന്നു. ദേശീയ നാടകോത്സവത്തില്‍ ശ്രദ്ധിക്കപ്പെട്ട സംവിധായകനായി. ഗോപിയുടെ അഞ്ച് നാടകങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.
കേന്ദ്ര സംഗീത നാടക അക്കാദമി മലയാളത്തിലെ മികച്ച പത്ത് നാടക സംവിധായകരെ തിരഞ്ഞെടുത്തപ്പോള്‍ അതിലൊരാള്‍ കുറ്റിക്കോലിന്റെ സ്വന്തം ഗോപിയായിരുന്നു. ഏറ്റവും പ്രശസ്തമായ നാടകോത്സവങ്ങളില്‍ ഒന്നായ അബുദാബി ഭരത് മുരളി നാടകോത്സവത്തില്‍ തുടര്‍ച്ചയായി അഞ്ചുതവണ ഗോപി കുറ്റക്കോല്‍ സംവിധാനം ചെയ്ത നാടകം അവതരിപ്പിക്കപ്പെട്ടുവെന്നത് മലയാളത്തിലെ ഒരു കലാകാരന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണ്. ഗോപിസംവിധാനം ചെയ്ത മാ, അമ്മ, ആടുജീവിതം, കുറ്റവും ശിക്ഷയും, മാക്ബത്ത് എന്നീ നാടകങ്ങളാണ് ഭരത് മുരളി നാടകോത്സവത്തില്‍ അവതരിപ്പിക്കപ്പെട്ടത്.
ഇന്ത്യക്ക് തന്നെ മാതൃകയായി കുറ്റിക്കോലില്‍ സ്ഥാപിതമായ കുട്ടികളുടെ നാടക കലാശാലയായ സണ്‍ഡെ തിയേറ്റര്‍ ഗോപിയുടെ ആശയമാണ്. പതിനെട്ട് വര്‍ഷത്തോളമാണ് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ എല്ലാ ഞായറാഴ്ചകളിലും ഗോപി ഇവിടെ കുട്ടികള്‍ക്ക് നാടകം പരിശീലിപ്പിച്ചത്.

നാടക വഴിയില്‍ ഉജ്വലമായ പ്രതിഭാ തിളക്കം കാട്ടിയ ഗോപി സിനിമയുടെ വഴിയിലേക്ക് കാലെടുത്ത് വെക്കുന്നത് അവിചാരിതമായാണ്. മുംബൈയില്‍ ഒരു നാടക ക്യാമ്പിന് കൊണ്ടുപോയപ്പോള്‍ സംഘാടകര്‍ ഗോപിയെ താമസിപ്പിച്ചത് അവിടത്തെ ഒരു ഫ്‌ളാറ്റിലായിരുന്നു. ഒരു ദിവസം കുശലം പറയുന്നതിനിടയില്‍ ഫ്‌ളാറ്റ് ഉടമയായ മലയാളിയാണ് ചോദിച്ചത്, ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്താണെന്ന്. ലോകം ശ്രദ്ധിക്കപ്പെടുന്ന ഒരു സിനിമ സംവിധാനം ചെയ്യുക എന്ന മറുപടി പറയാന്‍ ഗോപിക്ക് ഒട്ടും ആലോചിക്കേണ്ടിവന്നില്ല. ആഗ്രഹം സാധിച്ചുവോ എന്ന ചോദ്യത്തിന് ഇല്ലെന്ന് തലയാട്ടി. എന്തുകൊണ്ടാണെന്ന ചോദ്യത്തിന് കാശില്ലെന്ന ലളിതമായ മറുപടിക്ക് ഒരു ചെറു പുഞ്ചിരിയായിരുന്നു ബാബുവെന്ന ആ മലയാളിയുടെ പ്രതികരണം. പകുതി കാശ് ഞാന്‍ തരാമെന്നായി അദ്ദേഹം. കൂടുതല്‍ പരിചയപ്പെട്ടപ്പോഴാണ് മലയാളത്തില്‍ ഏറെ ഹിറ്റായ 'ഭ്രഷ്ട്'എന്ന സിനിമയുടെ നിര്‍മ്മാതാവാണെന്ന് അറിയുന്നത്. ബാബുവിന്റെയും അന്‍സാര്‍ എന്നൊരാളുടെയും സഹായത്തോടെ ഗോപി ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്തു. പേര്-ദര്‍ബോണി. 2016 ലായിരുന്നു അത്. വിജയരാഘവനും ഇന്ദ്രന്‍സും സിദ്ധാര്‍ത്ഥ് ശിവയും കീര്‍ത്തി സുരേഷുമൊക്കെയായിരുന്നു താരങ്ങള്‍. അലന്‍സിയര്‍ ആദ്യമായി അഭിനയിച്ച സിനിമയാണത്. എന്നാല്‍ സിനിമ തിയേറ്ററില്‍ എത്തിയില്ല. ഇതിനിടയില്‍ നിര്‍മ്മാതാവ് ബാബു അന്തരിച്ചു. രണ്ടാമത്തെ സിനിമയാണ് 'അരയാല്‍ക്കടവില്‍'. കയ്യൂര്‍ കര്‍ഷക സമരത്തെ വേറിട്ടൊരു വഴിയിലൂടെ ചിത്രീകരിച്ച സിനിമ. ശിവജി ഗുരുവായൂരും കലിങ്ക ശശിയും കലാശാല ബാബുവുമൊക്കെയായിരുന്നു താരങ്ങള്‍. 'എല്‍മര്‍' ആണ് അടുത്ത ചിത്രം. ഖത്തറില്‍ പൂര്‍ണ്ണമായും ചിത്രീകരിച്ച ആദ്യത്തെ മലയാള ചിത്രം. പ്രവാസികളായ മലയാളികള്‍ സ്വയം അവിടെ തടവറ സൃഷ്ടിക്കുന്നതാണ് പ്രമേയം. ഇങ്ങനെ സ്വയം തടവറ സൃഷ്ടിക്കുന്ന ഏഴ് കുടുംബങ്ങളെ ഒരു കുട്ടി കൗശലത്തോടെ രക്ഷപ്പെടുത്തുന്നതാണ് കഥ. എല്‍മറായി അഭിനയിക്കുന്നത് ആലുവ സ്വദേശിയായ മാസ്റ്റര്‍ ദേവ് ആണ്. സന്തോഷ് കീഴാറ്റൂര്‍ അടക്കമുള്ള താരങ്ങള്‍ വേഷമിടുന്നു. ആലുവക്കാരനായ പ്രേം രാജേശ്വര്‍ ആണ് നിര്‍മ്മാതാവ്. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവുമൊക്കെ നിര്‍വ്വഹിച്ചിരിക്കുന്നത് ഗോപിയാണ്. ഹരിചരണും ഹരികിരണും ഒന്നിച്ചു പാടിയ മനോഹരമായ പാട്ടുകള്‍ സിനിമക്ക് അഴകേറ്റുന്നു. ഏപ്രില്‍ 14ന് വിഷുക്കൈനീട്ടമായി 'എല്‍മര്‍' തിയേറ്ററിലെത്തും. സിനിമയുടെ പ്രിവ്യൂ ഷോ ഈ മാസം 25ന് എടപ്പള്ളിയില്‍ നടക്കുന്നുണ്ട്. ഇതും കഴിഞ്ഞ് നാലാമത്തെ സിനിമ ഒരുക്കാനുള്ള തിരക്കിലാണിപ്പോള്‍ ഗോപി. കാസര്‍കോട്ടടക്കം അരങ്ങേറുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്ന ഈ സിനിമക്ക് 'നബീക്ക' എന്നാണ് പേരിട്ടിരിക്കുന്നത്. ഹിന്ദു ഭിന്നശേഷിക്കാരനായ, സമ്പന്ന കുടുംബത്തില്‍ നിന്നുള്ള ഒരു കുട്ടിയുടെയും, പഠനത്തിന് വേണ്ടി ചെലവ് കണ്ടെത്താനായി ഈ കുട്ടിയുടെ വീട്ടില്‍ ജോലിക്കാരിയായെത്തുന്ന ദരിദ്ര കുടുംബത്തില്‍ നിന്നുള്ള നബീക്ക എന്ന മുസ്ലിം പെണ്‍കുട്ടിയുടെയും ആത്മ ബന്ധത്തിന്റെ കഥ പറയുന്ന ഈ സിനിമ നല്ലൊരു മതേതര ആശയമാണ് പങ്കുവെയ്ക്കുന്നതെന്ന് ഗോപി പറഞ്ഞു. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും ഗോപി തന്നെ നിര്‍വ്വഹിക്കുന്നു. മനോജ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ജിസ്പിന്‍ സെബാസ്റ്റ്യനാണ്. എല്‍മറിന് ക്യാമറ ചലിപ്പിച്ചതും ഇദ്ദേഹം തന്നെ.
തളങ്കര സിറാമിക്‌സ് റോഡ് സ്വദേശിനി കവിതയാണ് ഭാര്യ. ഋത്വിക് ഗോപിയും ഒനീലയുമാണ് മക്കള്‍.

Related Articles
Next Story
Share it