കോഴിക്കോട്: പ്രണയിച്ച് വിവാഹിതരായ ദമ്പതികള്‍ക്കെതിരെ ഗുണ്ടാ ആക്രമണം. കോഴിക്കോട് കൊയിലാണ്ടിയില്‍ വ്യാഴാഴ്ചയാണ് സംഭവം. പിന്നില്‍ വധുവിന്റെ ബന്ധുക്കളെന്നാണ് വിവരം. വധുവിന്റെ ബന്ധുക്കള്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ആറ് പേര്‍ക്കതിരെ പൊലീസ് കേസെടുത്തു. വരനും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ പട്ടാപ്പകല്‍ തടഞ്ഞാണ് എട്ടംഗസംഘം ആക്രമണം നടത്തിയത്. വടിവാള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളുമായി ആയിരുന്നു ആക്രമണം. സംഘം ഭീഷണിപ്പെടുത്തുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.
കൊയിലാണ്ടി സ്വദേശിയായ മുഹമ്മദ് സ്വാലിഹ് ഒരു പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ബന്ധുക്കള്‍ എതിര്‍ത്തതിനാല്‍ റജിസ്റ്റര്‍ വിവാഹമായിരുന്നു നടത്തിയത്. ഇതിന്റെ വൈരാഗ്യത്തില്‍ യുവാവിനെ പെണ്‍കുട്ടിയുടെ അമ്മാവന്മാരായ കബീര്‍, മന്‍സൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗുണ്ടകള്‍ വാഹനം തടഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞതുകൊണ്ടാണ് യുവാവിന്റെയും സുഹൃത്തുക്കളുടെയും ജീവന് തിരിച്ചുകിട്ടിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വാപ്പയ്ക്കും ഉമ്മയ്ക്കും വിവാഹത്തിന് സമ്മതമാണെന്നും അമ്മാവന്മാരാണ് പ്രശ്നം ഉണ്ടാക്കിയതെന്നും വധുവായ ഫര്‍ഹാന പ്രതികരിച്ചു. ആദ്യ ആക്രമണത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പൊലീസ് കര്യക്ഷമമായ നടപടി എടുത്തില്ല. ജീവിക്കാന്‍ ഭയം തോന്നിയതിനാലാണ് പൊലീസിനെ സമീപിച്ചതെന്ന് ഫര്‍ഹാന പറഞ്ഞു. പ്രതികള്‍ സ്വാലിഹിനെ കൊല്ലും എന്ന് ഭീഷണി മുഴക്കിയിരുന്നുവെന്നും ഫര്‍ഹാന കൂട്ടിച്ചേര്‍ത്തു.
Goonda attack against newly wed couples