കാസര്‍കോട്: കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലേക്കുള്ള ഇടുങ്ങിയ റോഡില്‍ വാഹനത്തിരക്കുകള്‍ക്കിടയില്‍ ഞെരുങ്ങിയുള്ള യാത്രാദുരിതത്തിന് പരിഹാരമാവുന്നു. റെയില്‍വെ സ്റ്റേഷനിലേക്കുള്ള തായലങ്ങാടി റോഡ് വികസിക്കുകയാണ്. റോഡ് നവീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്നും കാസര്‍കോട് വികസന പാക്കേജില്‍ നിന്നും തുക അനുവദിക്കുകയും റോഡിനോട് ചേര്‍ന്നുള്ള കെട്ടിടങ്ങളുടെ ഉടമകളില്‍ പലരും വീതി കൂട്ടല്‍ പദ്ധതിക്ക് സഹകരണം പ്രഖ്യാപിച്ച് കെട്ടിടങ്ങളുടെ മുന്‍ഭാഗം പൊളിച്ച് മാറ്റാന്‍ തയ്യാറാവുകയും ചെയ്തതോടെയാണ് പതിറ്റാണ്ടുകളായി ഒരു ദുരിതം പോലെ റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ അനുഭവപ്പെട്ടിരുന്ന ശ്വാസംമുട്ടലിന് അറുതിയാവുന്നത്. ഈ ഭാഗങ്ങളിലെ ഒട്ടുമിക്ക കെട്ടിടങ്ങളുടെയും മുന്‍ഭാഗം പൊളിച്ച് നീക്കിക്കഴിഞ്ഞു.
കറന്തക്കാട് മുതല്‍ തായലങ്ങാടിയിലെ ടവര്‍ ക്ലോക്ക് വരെയും തെരുവത്ത് ജുമാ മസ്ജിദിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ നിന്ന് തളങ്കര കടവത്ത് വരെയും പി.ഡബ്ല്യു.ഡിയാണ് നവീകരിക്കുന്നത്. ഇതിന് 6 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചതെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉത്തരദേശത്തോട് പറഞ്ഞു. തായലങ്ങാടി ടവര്‍ ക്ലോക്ക് മുതല്‍ തെരുവത്ത് മസ്ജിദിന് സമീപത്തെ ബസ് സ്റ്റോപ്പ് വരെ അവശേഷിക്കുന്ന സ്ഥലം കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് നവീകരിക്കുന്നത്. ഇതിന് 4 കോടി രൂപയാണ് അനുവദിച്ചതെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. റോഡ് വീതി കൂട്ടി, നടപ്പാതകളൊരുക്കി വാഹന-കാല്‍നട യാത്രക്കുള്ള സൗകര്യം വര്‍ധിപ്പിക്കുന്നതിനുള്ള പ്രവൃത്തികള്‍ ദ്രുതഗതിയില്‍ മുന്നേറുകയാണ്.
കാസര്‍കോട് എം.എ റോഡിന്റെയും കെ.പി.ആര്‍ റാവു റോഡിന്റെയും പള്ളം റോഡിന്റെയും വീതികൂട്ടല്‍ പദ്ധതിക്ക് ശേഷം നഗരത്തില്‍ നടക്കുന്ന ഏറ്റവും വലിയ റോഡ് വികസനമാണിത്. റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ ട്രാഫിക് ജംഗ്ഷന്‍ മുതല്‍ ടവര്‍ ക്ലോക്ക് വരെ ഇടുങ്ങിയ ഭാഗമായതിനാല്‍ തിരക്കേറിയ സമയങ്ങളില്‍ ഇതുവഴി വാഹനങ്ങള്‍ കടന്നുപോകാന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. പലര്‍ക്കും ട്രെയിനുകള്‍ നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടായിരുന്നു. റെയില്‍വെ സ്റ്റേഷന്‍ റോഡിലെ പഴയ കെട്ടിടങ്ങള്‍ നീക്കി റോഡ് വികസിപ്പിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈ ആവശ്യമാണ് പി.ഡബ്ല്യു.ഡിയും കെ.ഡി.പിയും ചേര്‍ന്ന് നിറവേറ്റുന്നത്.
കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ വലിയ രീതിയില്‍ വികസിക്കുമ്പോള്‍ സ്റ്റേഷനിലേക്കുള്ള റോഡും വികസിക്കുന്നത് കാസര്‍കോടിന് ഇരട്ട സന്തോഷമാണ് പകരുന്നത്.