നാലാംമൈല്‍: മടവൂര്ക്കോട്ടയുടെ 36-ാം വാര്‍ഷിക ആധ്യാത്മിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ചരിത്രകാരനും മഹാകവി മോയിന്‍കുട്ടി വൈദ്യര് മാപ്പിള കലാഅക്കാദമി ചെയര്‍മാനുമായ ഡോ. ഹുസൈന് രണ്ടത്താണി ഉദ്ഘാടനം ചെയ്തു. എല്ലാവരും ഒരുമിച്ച് ജീവിച്ചിരുന്ന സൗഹാര്‍ദ്ദപരമായ സാഹചര്യം പതുക്കെ മാഞ്ഞുപോവുകയാണെന്നും അവരവര്‍ മാത്രം കൂടിച്ചേരുന്ന സാഹചര്യങ്ങളിലേക്ക് നമ്മുടെ രാജ്യം മാറിക്കൊണ്ടിരിക്കു കയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്ക്കും തന്റെ വിശ്വാസവും സ്നേഹവും പരസ്പരം പങ്കുവെക്കാന്‍ കഴിഞ്ഞിരുന്ന, മതങ്ങളെ പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന കാലഘട്ടത്തെ തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും ഹുസൈന് രണ്ടത്താണി കൂട്ടിച്ചേര്‍ത്തു. ഡോ. അമീന്‍ഷാ ഇ.എം അധ്യക്ഷത വഹിച്ചു. സയ്യിദ് യഹ്യല്‍ ബുഖാരി തങ്ങള്‍ മടവൂര്ക്കോട്ട സ്വാഗതം പറഞ്ഞു.
ഗ്രന്ഥകാരനും കണ്ണൂര്‍ യൂണിവേഴ്സിറ്റി ബഹുഭാഷ പഠനകേന്ദ്രം ഡയറക്റുമായ ഡോ. എ.എം ശ്രീധരന് വിശിഷ്ടാതിഥിയായിരുന്നു. തെയ്യം മഖാമിലേക്ക് ചെന്ന് മുസ്ലിയാരുമായി സ്നേഹസംവാദം നടത്തുന്ന നല്ല കാഴ്ചകള്‍ ഒരിക്കലും മായാതിരിക്കണമെന്നും പൗരത്വബില്‍ അടക്കമുള്ളവ നിര്‍ബന്ധ ബുദ്ധിയോടെ അടിച്ചേല്‍പ്പിക്കുമ്പോള്‍ ലോകഭൂപടത്തില്‍ ഇന്ത്യ അഭിമാനപൂര്‍വ്വം അടയാളപ്പെടുത്തിയ നാനാത്വത്തില്‍ ഏകത്വം എന്ന മഹത്വമാണ് നഷ്ടമാവുന്നതെന്നും അദ്ദേഹം പറഞ്ഞു. കവി പി.എസ് ഹമീദ് മുഖ്യപ്രഭാഷണം നടത്തി. കണ്ണുകളും കാതുകളും കാണാതിരിക്കാനും കേള്‍ക്കാതിരിക്കാനും വേണ്ടിയുള്ളതാണ് എന്ന നിലയിലേക്ക് കെട്ടകാലഘട്ടം മാറിപ്പോയിരിക്കുന്നുവെന്ന് ഹമീദ് പറഞ്ഞു. അഡ്വ. ബഷീര്‍ ആലടി, പ്രൊഫ. മുഹമ്മദ് സ്വാലിഹ് സഅദി തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.