ഇന്ന് 520 രൂപ കൂടി പവന് 59,520
കൊച്ചി: ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ് തുടരുന്ന സ്വര്‍ണവില പവന് വൈകാതെ 60,000 രൂപയില്‍ എത്തിയേക്കും. ഇന്നലെ പവന് 59,000 രൂപ ഉണ്ടായിരുന്ന സ്വര്‍ണത്തിന് ഒറ്റ ദിവസം കൊണ്ട് 520 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ ഔണ്‍സിന് 2,758 ഡോളര്‍ എന്ന റെക്കോര്‍ഡ് രാജ്യാന്തര വില ഇന്ന് മറികടന്ന് 2,781 ഡോളര്‍ എന്ന പുതിയ ഉയരത്തിലെത്തി. ഇന്നലെ കേരളത്തില്‍ പവന് 480 രൂപ ഉയര്‍ന്നാണ് പവന്‍വില ചരിത്രത്തിലാദ്യമായി 59,000 രൂപയില്‍ എത്തിയത്. ഇന്ന് 520 രൂപ വര്‍ധിച്ചതോടെ തൊട്ടടുത്ത ദിവസം തന്നെ പവന് 60,000 രൂപ മറികടന്നേക്കുമെന്നാണ് സ്വര്‍ണ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് അയവില്ലാത്തത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കുമേല്‍ കരിനിഴലാകുന്നതും സ്വര്‍ണ നിക്ഷേപ പദ്ധതികള്‍ക്ക് കരുത്താവുന്നു. ഇതിന് പുറമേ, വിലക്കയറ്റത്തെ കൂസാതെ ഇന്ത്യയില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ഉത്സവകാല വില്‍പ്പന വര്‍ധിച്ചതും വിലക്കയറ്റത്തിന് ആക്കംകൂട്ടുന്നു. ഡോളറിനെ ഒഴിവാക്കി ഇന്ത്യയുടെ റിസര്‍വ് ബാങ്ക് അടക്കമുള്ള ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകള്‍ വിദേശനാണയ ശേഖരത്തിലേക്ക് സ്വര്‍ണം വന്‍തോതില്‍ കൂട്ടിച്ചേര്‍ക്കുന്നതും ഡോളറിനെതിരായ രൂപയുടെ മൂല്യയിടിവ് മൂലം സ്വര്‍ണം ഇറക്കുമതിച്ചെലവ് വര്‍ധിച്ചതും വില വര്‍ധിക്കാനുള്ള കാരണങ്ങളാണ്. നടപ്പുവര്‍ഷം ഏപ്രില്‍-സെപ്റ്റംബറില്‍ മാത്രം 102 ടണ്‍ സ്വര്‍ണമാണ് റിസര്‍വ് ബാങ്ക് വാങ്ങിയത്.