കാസര്‍കോട്: നഗരത്തില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നു. ഫോര്‍ട്ട് റോഡ് നാഗര്‍കട്ട ജംഗ്ഷനിലെ പരേതനായ മുഹമ്മദ് കുഞ്ഞി എന്ന ഇസ്തിരി ഉമ്പിച്ചയുടെ വീടായ സഫ്നാസ് മന്‍സിലിലാണ് കവര്‍ച്ച നടന്നത്. എറണാകുളത്ത് വ്യാപാരികളായ മക്കളോടൊപ്പം താമസിക്കാനായി കുടുംബം വീടു പൂട്ടി ഒന്നര മാസം മുമ്പ് പോയതായിരുന്നു. ഇന്നലെ രാത്രിയാണ് കവര്‍ച്ച നടന്നതെന്നാണ് സംശയം. സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാനായി മകന് ഇല്യാസ് എറണാകുളത്ത് നിന്ന് ഇന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് അടുക്കള ഭാഗത്തേ വരാന്തയിലെ ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. അകത്ത് കയറി നോക്കിയപ്പോള്‍ കിടപ്പുമുറികളിലെ അലമാര കുത്തിതുറന്ന് വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും പണവുമാണ് കവര്‍ന്നത്. ഇല്യാസിന്റെ സഹോദരന് അല്‍ത്താഫിന്റെ ഭാര്യയുടെ രണ്ട് മോതിര സെറ്റ്, കുട്ടിയുടെ മോതിരങ്ങള്‍ എന്നിവയും പണവുമാണ് കവര്‍ന്നത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്.ഐ.ഷാജുവും സംഘവുമെത്തി പരിശോധന നടത്തി. സമീപത്തെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വ്യക്തമായ സൂചനയൊന്നും ലഭിച്ചില്ല. ഉച്ചയോടെ വിരലടയാള വിദഗ്ദര്‍ എത്തും. ഇല്യാസിന്റെ പരാതിയില്‍ കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.