സ്വര്‍ണം-വെള്ളി വ്യാപാരികള്‍ കരിദിനം ആചരിക്കുന്നു

കാസര്‍കോട്: ബി.ഐ.എസ് ഹാള്‍മാര്‍ക്കിനൊപ്പം എച്ച്.യു.ഐ.ഡി സംവിധാനം കൂടി സ്വര്‍ണാഭരണങ്ങളില്‍ നടപ്പാക്കുന്നതിനെതിരെ ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഇന്ന് കരിദിനം ആചരിക്കുന്നു. ഇതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലും ഇന്ന് മുഴുവന്‍ സ്വര്‍ണം-വെള്ളി വ്യാപാരികളും ജീവനക്കാരും കറുത്ത ബാഡ്ജ് ധരിച്ച് കരിദിനാചരണത്തില്‍ പങ്കെടുത്തു. കടയുടെ മുന്‍ വശം കരിദിനത്തിന്റെ പോസ്റ്റര്‍ പതിച്ചു കൊണ്ടാണ് ജില്ലയിലെ അംഗങ്ങള്‍ പ്രതിഷേധത്തില്‍ പങ്കാളികളായത്. ബി.ഐ.എസ് ഹോള്‍ മാര്‍ക്ക് സിസ്റ്റത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പുതിയ പരിഷ്‌ക്കാരമായ എച്ച്.യു.ഐ.ഡി സ്വര്‍ണവ്യാപാര […]

കാസര്‍കോട്: ബി.ഐ.എസ് ഹാള്‍മാര്‍ക്കിനൊപ്പം എച്ച്.യു.ഐ.ഡി സംവിധാനം കൂടി സ്വര്‍ണാഭരണങ്ങളില്‍ നടപ്പാക്കുന്നതിനെതിരെ ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഇന്ന് കരിദിനം ആചരിക്കുന്നു. ഇതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലും ഇന്ന് മുഴുവന്‍ സ്വര്‍ണം-വെള്ളി വ്യാപാരികളും ജീവനക്കാരും കറുത്ത ബാഡ്ജ് ധരിച്ച് കരിദിനാചരണത്തില്‍ പങ്കെടുത്തു. കടയുടെ മുന്‍ വശം കരിദിനത്തിന്റെ പോസ്റ്റര്‍ പതിച്ചു കൊണ്ടാണ് ജില്ലയിലെ അംഗങ്ങള്‍ പ്രതിഷേധത്തില്‍ പങ്കാളികളായത്.
ബി.ഐ.എസ് ഹോള്‍ മാര്‍ക്ക് സിസ്റ്റത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പുതിയ പരിഷ്‌ക്കാരമായ എച്ച്.യു.ഐ.ഡി സ്വര്‍ണവ്യാപാര മേഖലയില്‍ ഒട്ടനവധി പ്രയാസങ്ങളാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഈ പരിഷ്‌ക്കാരങ്ങള്‍ ചെറുകിട-ഇടത്തരം സ്വര്‍ണവ്യാപാരികളെ ഈ മേഖലയില്‍ നിന്നും തുടച്ചുനീക്കാനും കുത്തകക്ക് മാത്രം വ്യാപാര മേഖല തുറന്നു കൊടുക്കാനും ലക്ഷ്യമിട്ടാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ധൃതിപ്പെട്ടുള്ള ഈ പരിഷ്‌ക്കാരങ്ങള്‍ നിര്‍ത്തി വെക്കാനും വേണ്ടത്ര കൂടിയാലോചനയിലുടെ കുറ്റമറ്റ രീതിയില്‍ എച്ച്.യു.ഐ.ഡി നടപ്പില്‍ വരുത്താനും സാവകാശം ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യയിലെ ഏതാണ്ട് നാല് ലക്ഷത്തോളം വരുന്ന സ്വര്‍ണം- വെള്ളി വ്യാപാരികള്‍ മുന്നുറ്റി അമ്പതോളം സംഘടനകളുടെ കീഴിലാണ് സമരം നടത്തുന്നത്. കേരളത്തില്‍ ഓണ സീസണ്‍ കണക്കിലെടുത്ത് ഇന്ന് കടകള്‍ അടക്കാതെ കരിദിനമാചരിക്കാനും എല്ലാവരും ഹാള്‍ മാര്‍ക്കിങ്ങ് ചെയ്യുന്നത് ബഹിഷ്‌ക്കരിക്കാനുമാണ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ.എ. അബ്ദുല്‍ കരീം, ജനറല്‍ സെക്രട്ടറി കോടോത്ത് അശോകന്‍ നായര്‍, ട്രഷറര്‍ ബി.എം. അബ്ദുല്‍ കബീര്‍, വര്‍ക്കിങ്ങ് പ്രസിഡണ്ട് റോയ് ജോസഫ് എന്നിവര്‍ അറിയിച്ചു.

Related Articles
Next Story
Share it