ഗോകുലം ഗോശാല പശുക്കളുടെ ആശ്രമം

പശു വളര്‍ത്തലിലും സംരക്ഷണത്തിലും തനതായ ശൈലി അവലംബിച്ച് ശ്രദ്ധേയമായിരിക്കുകയാണ് പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്തില്‍പ്പെട്ട ആലക്കോട്ടുള്ള ഗോകുലം ഗോശാല. പലരും വിട്ടു നില്‍ക്കുന്ന ഈ മേഖലയില്‍ പുത്തന്‍ അറിവുകളുമായി നമ്മെ സ്വാഗതം ചെയ്യുകയാണ് ഗോകുലം ഗോശാല. പശു വളര്‍ത്തലിലൂടെ ലഭ്യമായ പാലും ഗോമൂത്രവും ചാണകവും ഉപയോഗിച്ച് പല രോഗങ്ങള്‍ക്കുള്ള ഔഷധങ്ങള്‍ വരെ വികസിപ്പിച്ചെടുക്കുക കൂടി ഈ ഉദ്യമത്തിനു പിന്നിലുണ്ട്.പെരിയ ടൗണില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ ആലക്കോട്ട് എന്ന സ്ഥലത്താണ് ഗോശാല സ്ഥിതി ചെയ്യുന്നത്. ഗോകുലം ഗോശാല ഗോക്കളുടെ […]

പശു വളര്‍ത്തലിലും സംരക്ഷണത്തിലും തനതായ ശൈലി അവലംബിച്ച് ശ്രദ്ധേയമായിരിക്കുകയാണ് പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്തില്‍പ്പെട്ട ആലക്കോട്ടുള്ള ഗോകുലം ഗോശാല. പലരും വിട്ടു നില്‍ക്കുന്ന ഈ മേഖലയില്‍ പുത്തന്‍ അറിവുകളുമായി നമ്മെ സ്വാഗതം ചെയ്യുകയാണ് ഗോകുലം ഗോശാല. പശു വളര്‍ത്തലിലൂടെ ലഭ്യമായ പാലും ഗോമൂത്രവും ചാണകവും ഉപയോഗിച്ച് പല രോഗങ്ങള്‍ക്കുള്ള ഔഷധങ്ങള്‍ വരെ വികസിപ്പിച്ചെടുക്കുക കൂടി ഈ ഉദ്യമത്തിനു പിന്നിലുണ്ട്.
പെരിയ ടൗണില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ ആലക്കോട്ട് എന്ന സ്ഥലത്താണ് ഗോശാല സ്ഥിതി ചെയ്യുന്നത്. ഗോകുലം ഗോശാല ഗോക്കളുടെ ആശ്രമം എന്നു തന്നെ പറയാം. പല തരം പശുക്കളുടെ അപൂര്‍വ്വ കാഴ്ചകളാല്‍ സമ്പന്നമാണ് ഈ ഗോശാല.
പെരിയ ആലക്കോട് വിഷ്ണുനാരായണാലയത്തിലെ ജ്യോതിഷ പണ്ഡിതന്‍ വിഷ്ണു ഹെബ്ബാറിന്റെ ഉടമസ്ഥതയിലുള്ള ഗോകുലം ഗോശാല ഇന്ന് അറിയപ്പെടുന്ന പശുവളര്‍ത്തല്‍ കേന്ദ്രമായി മാറിയിരിക്കുകയാണ്. കര്‍ണ്ണാടകയിലെ രാമചന്ദ്രപുരം മഠം സന്ദര്‍ശനത്തോടെയാണ് അദ്ദേഹത്തിന്റെ മനസ്സിലേക്ക് നാടന്‍ പശുക്കള്‍ കുടിയേറിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്തയിനം പശുക്കളുടെ നിര തന്നെ ഈ ഗോശാലയില്‍ ഇന്നു കാണാം. വലുപ്പം കുറവായ കാസര്‍കോടന്‍ കുള്ളന്‍ മുതല്‍ വലിപ്പമേറിയ ഗുജറാത്തിലെ ഗീര്‍, ആന്ധ്രാപ്രദേശിലെ ഓങ്കോള്‍, തമിഴ്‌നാട്ടില്‍ നിന്നുളള കങ്കയം ഇനങ്ങള്‍ വരെ ഇവിടെയുണ്ട്. ആകൃതിയിലും പെരുമാറ്റത്തിലും ഘടനയിലും പാലുല്‍പ്പാദനത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന പശുക്കള്‍ ഇക്കൂട്ടത്തിലുണ്ട്. പശുക്കളേയും പശുക്കുട്ടികളേയും കാളകളേയും വെവ്വേറെ ഷെഡ്ഡുകളിലായാണ് പാര്‍പ്പിക്കുന്നത്. ഇതില്‍ ഓമനത്വം തുളുമ്പുന്ന പശുക്കിടാക്കളുടെ കാഴ്ച പ്രത്യേകം എടുത്തുന്ന പറയേണ്ടതാണ്. ഗോശാലയും ചുറ്റുപാടും വൃത്തിയുള്ളതാണ്. ചപ്പുചവറുകളോ മാലിന്യമോ എവിടെയും കാണാനില്ല.
ഏക്കര്‍കണക്കിന് വരുന്ന വിശാലമായ പാറപ്പുറത്താണ് മനോഹരമായി നിര്‍മ്മിച്ച ഗോശാലകളും അനുബന്ധ നിര്‍മ്മിതികളും. പാറയില്‍ മണ്ണിട്ട് തീറ്റ പുല്‍കൃഷിയും ചെയ്യുന്നുണ്ട്.
പശുക്കളെ പരിപാലിക്കാന്‍ ആറോളം തൊഴിലാളികളുമുണ്ട്. തുച്ഛമായ ലാഭമോ അല്ലെങ്കില്‍ നഷ്ടമോ നേരിടുന്ന ഈ മേഖലയില്‍ നിന്ന് പലരും പിന്തിരിഞ്ഞു നില്‍ക്കുന്ന കാലത്ത് തന്റെ സമ്പാദ്യങ്ങള്‍ പശു വളര്‍ത്തലിനും സംരക്ഷണത്തിനും വിനിയോഗിക്കാന്‍ ഒരാള്‍ മുന്നിട്ടിറങ്ങുന്നുവെങ്കില്‍ അദ്ദേഹത്തെ അഭിനന്ദിച്ചേ മതിയാകൂ. കാരണം നിത്യ ചിലവുകളും തൊഴിലാളികളുടെ ശമ്പളവും മറ്റും കൂട്ടിയാല്‍ ഭീമമായ പണം വേണ്ടിവരുമെന്ന് ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണ്.
പലരുടേയും ആഗ്രഹങ്ങള്‍ പലതായിരിക്കും. അത്തരത്തിലൊരു ആഗ്രഹത്തില്‍ നിന്നുള്ള ആത്മസംതൃപ്തിയായിരിക്കും അദ്ദേഹത്തെ ഈ മേഖലയില്‍ പിടിച്ചു നിര്‍ത്തുന്നത്.
ഏകദേശം ഇരുന്നൂറോളം വരുന്ന പശുക്കള്‍ക്ക് അത്യാധുനിക രീതിയിലുള്ള ഗോശാലയും അനുബന്ധ നിര്‍മ്മിതികളും ശ്രദ്ധേയമാണ്. പശുക്കള്‍ക്ക് ഗോശാലയില്‍ വേണ്ടത്ര സ്ഥല സൗകര്യമൊരുക്കിയിട്ടുണ്ട്. തീറ്റയുടെ കാര്യത്തില്‍ യാതൊരു പിശുക്കും കാണിക്കുന്നില്ലെന്ന് അവയെ കണ്ടാലറിയാം. ഒപ്പം സംഗീതം കൂടി കേള്‍ക്കുന്ന സൗകര്യവും ഗോശാലയില്‍ ഒരുക്കിയിട്ടുണ്ട്. ദീപാവലിയോടനുബന്ധിച്ച് ഗോശാല തന്നെ വേദിയാക്കി സംഗീതോല്‍സവം സംഘടിപ്പിക്കാറുണ്ട്. പശുവിന്‍ പാല്‍ ഭൂരിഭാഗവും കിടാക്കള്‍ക്ക് തന്നെയാണ് നല്‍കുന്നത്. ഗോ സംരക്ഷണമാണ് ലക്ഷ്യമെന്നതിനാല്‍ അവയുടെ ആരോഗ്യമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
വിഷ്ണു ഹെബ്ബാറിന്റെ ഈ ഗോശാലക്കു പിന്നില്‍ അദ്ദേഹത്തിന്റെ ഭാര്യ കര്‍ണ്ണാടകയിലെ കാര്‍വാര്‍ സ്വദേശിയായ ഡോ. നാഗരത്‌ന എസ് ഹെഗ്‌ഡെയാണ്. കര്‍ണ്ണാടക സര്‍വകലാശാലയില്‍ നിന്ന് ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം നേടിയ നാഗരത്‌ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ തൈറോയ്ഡ് മരുന്നുകളെ കുറിച്ച് പഠനം നടത്തിയ ശേഷം കേംബ്രിഡ്ജ് യുണിവേഴ്‌സിറ്റിയില്‍ കോമണ്‍വെല്‍ത്ത് ട്രസ്റ്റിന്റെ സ്‌കോളര്‍ഷിപ്പോടെ ഗവേഷണം നടത്തുകയും ഗവേഷണത്തില്‍ സ്തനാര്‍ബുദത്തിന് കാരണമായ 'ഫോക്‌സ് എം വണ്‍' എന്ന പ്രോട്ടീനിനെ തടയാന്‍ കഴിവുള്ള ബാക്ടീരിയകളെ കണ്ടെത്തി. ചെലവു കുറഞ്ഞതും കൂടുതല്‍ ഫലപ്രദവുമായ കാന്‍സര്‍ ചികിത്സക്ക് തന്റെ കണ്ടുപിടിത്തം വഴി തെളിയിക്കുമെന്ന ആത്മവിശ്വാസത്തിലാണവര്‍.
പശുവില്‍ നിന്നും ലഭിക്കുന്ന പാല്‍, ഗോമൂത്രം, ചാണകം, നെയ്യ്, തൈര് എന്നിവ വളരെ ഔഷധ ഗുണമുള്ളതാണ്. ഇത് വെവ്വെറെയായോ മിശ്രിതമായോ ഔഷധത്തില്‍ ഉപയോഗിക്കുന്നു. ഇതിനെ പഞ്ചഗവ്യ ചികിത്സയെന്നു വിളിക്കുന്നു. മാരകമായ എയ്ഡ്‌സ്, കാന്‍സര്‍, പ്രമേഹം എന്നിവയ്ക്കു പുറമേ ഡങ്കിപ്പനി, ചിക്കന്‍ ഗുനിയ തുടങ്ങിയ പനികള്‍ക്കും അലര്‍ജി, കഫം, ജലദോഷം ചിക്കന്‍പോക്‌സ്, മഞ്ഞപ്പിത്തം, ചര്‍മ്മവ്യാധികള്‍, മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ഇതില്‍ നിന്നും പ്രതിവിധി ലഭിക്കും.
നെയ്യ്, പഞ്ചഗവ്യം, തൈലം, സോപ്പ്, ഷാംപൂ, കുങ്കുമം, കര്‍പ്പുരം, വിഭൂതി, ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍, ചൂര്‍ണ്ണം തുടങ്ങിയവ ഇവിടെ നിന്നും നിര്‍മ്മിക്കുന്നുണ്ട്.
ഇത്തരത്തില്‍ പശു വളര്‍ത്തലില്‍ തനതായ ശൈലി പിന്തുടര്‍ന്ന്, ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് മാതൃകയാവുകയാണ് ആലകോട്ടെ ഗോകുലം ഗോശാല.


-രാജന്‍ മുനിയൂര്‍

Related Articles
Next Story
Share it