കാണാതെ പോകുന്ന കാലത്തിന്റെ ചുവരെഴുത്തുകള്‍

വീണ്ടും ഒരു റമദാന്‍ സമാഗതമാവുകയാണ്. ഇതേ പോലെ കൊടും വേനലി (കടുത്ത കോവിഡ്)ലൂടെയാണ് കഴിഞ്ഞ തവണത്തെ റമദാനും കടന്നു പോയത്. വല്ലാത്തൊരനുഭവമായിരുന്നുവല്ലേ അത്? ഇന്നുള്ള തലമുറയെ സംബന്ധിച്ചിടത്തോളം മുമ്പനുഭവിച്ചിട്ടില്ലാത്തത്. അറിഞ്ഞിടത്തോളം ഒരു നൂറ്റാണ്ടിന്-സ്പാനിഷ് ഫ്‌ളൂവിന്-ശേഷം. ഇരുപതാം നൂറ്റാണ്ടിന്റെ 30-40കളില്‍ വസൂരി, കോളറ, ക്ഷയം തുടങ്ങിയ രോഗങ്ങള്‍, നമ്മുടെ ഉപഭൂഖണ്ഡത്തിന്റെ പല ഭാഗങ്ങളിലും മനുഷ്യ സമൂഹത്തിന് നേരെ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. എന്റെ മാമ(വാപ്പയുടെ ഉമ്മ)പറഞ്ഞു കേട്ടിട്ടുണ്ട്. വസൂരി പിടിച്ചോരുടെ മയ്യത്ത് തൊടാനാരും ബെരേല. അയിന്റെ അടുത്ത് പോലും പോവേല. […]

വീണ്ടും ഒരു റമദാന്‍ സമാഗതമാവുകയാണ്. ഇതേ പോലെ കൊടും വേനലി (കടുത്ത കോവിഡ്)ലൂടെയാണ് കഴിഞ്ഞ തവണത്തെ റമദാനും കടന്നു പോയത്. വല്ലാത്തൊരനുഭവമായിരുന്നുവല്ലേ അത്? ഇന്നുള്ള തലമുറയെ സംബന്ധിച്ചിടത്തോളം മുമ്പനുഭവിച്ചിട്ടില്ലാത്തത്. അറിഞ്ഞിടത്തോളം ഒരു നൂറ്റാണ്ടിന്-സ്പാനിഷ് ഫ്‌ളൂവിന്-ശേഷം. ഇരുപതാം നൂറ്റാണ്ടിന്റെ 30-40കളില്‍ വസൂരി, കോളറ, ക്ഷയം തുടങ്ങിയ രോഗങ്ങള്‍, നമ്മുടെ ഉപഭൂഖണ്ഡത്തിന്റെ പല ഭാഗങ്ങളിലും മനുഷ്യ സമൂഹത്തിന് നേരെ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. എന്റെ മാമ(വാപ്പയുടെ ഉമ്മ)പറഞ്ഞു കേട്ടിട്ടുണ്ട്. വസൂരി പിടിച്ചോരുടെ മയ്യത്ത് തൊടാനാരും ബെരേല. അയിന്റെ അടുത്ത് പോലും പോവേല. മേലിലാകെ പുണ്ണായി പൊട്ടിയൊലിച്ച്, തോലൊക്കെ പൊടിഞ്ഞ്, മറ മാടാന്‍ പോലും ആരും മുന്നോട്ട് ബെരാത്ത സ്ഥിതി. അതിന് ധൈര്യപ്പെട്ട ഒരു മന്‍സന് (ഓരോ മന്‍സനും- ഓരോ നാട്ടിലും -പടച്ചോന്‍ ഏര്‍പ്പാടാക്കിയിരിക്കാം.) മാമയുടെ ആ നാട്ടില്‍ ഉണ്ടായിരുന്നു. ആരോഗ്യദൃഢ ഗാത്രനായ ഒരു മനുഷ്യന്‍. അദ്ദേഹം രോഗിയുടെ ദേഹം വാഴയിലയില്‍ വെച്ച്, അത് കൈതോലപ്പായയില്‍ പൊതിഞ്ഞ് മുളക്കഷ്ണങ്ങള്‍ വെച്ച് കെട്ടി, ഒറ്റക്ക് ചുമലില്‍ വെച്ച് ദൂരം കൊണ്ട് പോയി മനുഷ്യവാസം കുറഞ്ഞ ഒരിടത്ത് ഖബറടക്കം ചെയ്തത്. മാമ അത് വിവരിക്കുമ്പോള്‍ ആ ചുക്കിച്ചുളുങ്ങിയ കണ്ണുകള്‍ നനയുന്നത് സങ്കടത്തോടെ നോക്കിയിരുന്നു പോയിട്ടുണ്ട്. അപ്പോള്‍ അതെന്റെ മനസില്‍ ഒരു ചലനദൃശ്യ സമാനമായി കടന്നു പോകും. ഇന്നത്തെ പരിയാരം മെഡിക്കല്‍ കോളേജ് അന്ന് ജില്ലയിലെ, അതോ മലബാറിലെ ഏക ടി.ബി. സാനറ്റേറിയം ആയിരുന്നുവെന്ന് പഴയ തലമുറക്കറിയാം.! മുപ്പതുകള്‍, നാല്‍പ്പതുകള്‍.. ആ ദശകങ്ങളില്‍ തുടങ്ങി രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലമര്‍ന്നതും അതൊക്കെ കാരണമാവാം. രോഗങ്ങള്‍, ക്ഷയമൊഴിച്ച്- (അത് ഒറ്റപ്പെട്ടവരെ ക്ഷയിപ്പിച്ചു കൊണ്ട് എഴുപതിനടുത്ത് വരെ-ഇന്നും പൂര്‍ണ്ണമായും ഒഴിവായിട്ടില്ല.) കോളറയും മഴക്കാലത്തിന്റെ ആരംഭത്തില്‍, ആ ആരവം കേള്‍ക്കാമായിരുന്നു, ഇന്നും. വസൂരി (ചിക്കന്‍ പോക്‌സ് എന്ന ഒരു മാരകമല്ലാത്ത വകഭേദം ബാക്കി വെച്ച്) തീര്‍ത്തും വിട്ട് പോയി. അതിന്റെ ഒടുവിലത്തെ വൈറസ് സാമ്പിള്‍ റഷ്യയില്‍ (അന്നത്തെ സോവിയറ്റ് യൂണിയനില്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും എവിടെയോ വായിച്ച ഓര്‍മ്മ. ഇപ്പോഴും അതവിടെ ലാബില്‍ ഉണ്ടോ എന്നറിയില്ല. (കൂടുതലറിയുന്നവര്‍ക്ക് പ്രതികരിക്കാം.) ഏപ്രിലിന്റെ മൂന്നാം ആഴ്ചയിലാണ് കഴിഞ്ഞ ആണ്ടിലെ നോമ്പ് ആരംഭിച്ചത്. കോവിഡ് നിമിത്തം പള്ളികളൊക്കെ അടഞ്ഞു കിടന്നു. വീട്ടില്‍, ദുഃഖഭരിതമായ ആശങ്കകളോടെ, പുറം ലോകത്തെ കുറിച്ചോര്‍ത്തിരിക്കുമ്പോള്‍, സന്ധ്യക്കുള്ള ആസാന് (ബാങ്ക്) മുമ്പോ പിമ്പോ ആയി വരുന്ന വാര്‍ത്തക്കും ആകാംക്ഷയോടെ കാതോര്‍ത്തിരിക്കും. നോമ്പിന്റെ വയറിലെ വിശപ്പിന്റെ കാളലിനൊപ്പം കോവിഡ് മഹാമാരിയുടെ വ്യാപനം, മനസ്സിനകത്ത് ഒരു ആളള്‍ സൃഷ്ടിക്കും. മനുഷ്യര്‍ എത്ര നിസ്സഹായര്‍! പലര്‍ക്കും കൈയില്‍ കാശുണ്ടായിട്ടും നിത്യോപയോഗ അത്യാവശ്യ സാധനങ്ങള്‍ക്ക് പോലും മുട്ട് വന്ന അവസ്ഥ. ഭൂമിയില്‍ എനിക്ക് മുതലുണ്ട്, മക്കളുണ്ട് എന്ന് അഹങ്കരിക്കരുതെന്ന് ഖുര്‍ആനില്‍ താക്കീതുണ്ട്. ഒരിടത്ത് (വി.ഖു. 18:46) മുതലും മക്കളും ഐഹീക ജീവിതത്തിന്റെ വെറും അലങ്കാരങ്ങള്‍ മാത്രമാണെന്ന്. മറ്റൊരിടത്ത്.(57:20) നിങ്ങളറിയുക ഐഹീക ജീവിതമെന്നത് കളിയും വിനോദവും പരസ്പരം പൊങ്ങച്ചം പറച്ചിലും മുതലും മക്കളും കൊണ്ടുള്ള പെരുപ്പം നടിക്കലുമാണെന്ന്. ഒരു കര്‍ഷകന്‍, അവന്‍ വിതച്ച വിത്ത് മുള പൊട്ടുന്നത് മുതല്‍ മഞ്ഞവാട്ടം ബാധിക്കുന്നത് വരെ, കണ്ട് അത്ഭുതപരതന്ത്രനാകുന്നതിന്റെ മാനസീക വ്യാപാരങ്ങള്‍ രേഖപ്പെടുത്തി ഖുര്‍ആന്‍ നേരെ പോകുന്നത് മരണാനന്തര ജീവിതത്തിന് ശേഷമുള്ള കഠിനമായ ശിക്ഷയെ ഓര്‍മ്മപ്പെടുത്താനാണ്. ഒടുവില്‍ ഐഹീക ജീവിതമെന്നത് കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ലെന്ന് പറഞ്ഞാണ് ആ വാചകം നിര്‍ത്തുന്നത്.
മനസില്‍ കോവിഡ് ഭീതിയും ശരീരത്തില്‍ അത്യുഷ്ണ പകലുകളുടെ ക്ഷീണവും അതിനിടയില്‍ ബാല്‍ക്കണിയില്‍ കയറി പാത്രങ്ങള്‍ കൊട്ടാനുള്ള ആഹ്വാനങ്ങളെ ചെവി കൊണ്ട് അയല്‍വക്കങ്ങളില്‍ രാത്രി കാലങ്ങളിലെ ചിരട്ട കൊട്ടുന്നവരുടെ തമാശകളും. ജീവിതം ബഹുരസം തന്നെയായിരുന്നു. അപ്പോള്‍ ഞാനോര്‍ത്ത് പോയത് ചെറുപ്പത്തില്‍ വിളഞ്ഞ നെല്ലിന്റെ കതിര്‍കൊല കൊത്തിപ്പറക്കുന്ന കിളികളെ ആട്ടാന്‍ ചിരട്ട കൊട്ടിയ. കാലത്തെയാണ്. ആ നാളുകളിലെ ഞങ്ങളുടെ വലിയൊരു വേദന. രണ്ടാമത്തെ മകന്‍ അസ്ഹര്‍ മുംബൈയിലായിരുന്നു എന്നതാണ്. ഏപ്രിലില്‍ ഓഫീസ് പൂട്ടി തൊഴില്‍ രഹിതനായി. അപ്പോഴേക്കും കോവിഡ് മുംബൈ മഹാനഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചു കെട്ടി. ധാരാവി എന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കോളനിയിലെ മഹാമാരി പടര്‍ച്ച, ലോകത്ത് തന്നെ ആശങ്ക ഉണര്‍ത്തുന്നതായി. ട്രെയിന്‍- റോഡ് ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. മകനും ഭാര്യയും മഹാനഗരത്തില്‍ രോഗ ഭീതിയോടെ ഒറ്റപ്പെട്ടു. തിരിച്ചു വരാനുള്ള പഴുതുകളെല്ലാം അടഞ്ഞു. ഒടുവില്‍ ബസ് മാര്‍ഗ്ഗം തിരിച്ചെത്തിയപ്പോഴേക്കും രോഗലക്ഷണങ്ങള്‍ കലശലായിരുന്നു. തലേന്ന് എത്തി പെരുന്നാളിന് നേരെ ആസ്പത്രിയിലേക്ക്. തിരിച്ച് വീട്ടിലെത്തുന്നത് ജൂലൈ പകുതിയോടെ. ജീവിതത്തിലേക്ക് ഭാഗ്യം കൊണ്ട് തിരിച്ചു വന്നു എന്ന് പറയാം. രണ്ട് ദിവസം കൂടി തങ്ങേണ്ടി വന്നിരുന്നെങ്കില്‍ മുംബൈയിലെ ഏതെങ്കിലും ആസ്പത്രിയെ അഭയം പ്രാപിക്കണമായിരുന്നു. ഭീതിതം തന്നെ അത്! അതിനിടയില്‍ അപ്രതീക്ഷിതമായ കോണുകളില്‍ നിന്ന്, യാദൃച്ഛികമായി സഹായ ഹസ്തവുമായെത്തിയ, അപരിചിതരായ ഒരു പിടി മനുഷ്യ സ്‌നേഹികളെ കോര്‍ത്ത് വെച്ച് കൊണ്ടെഴുതിയ കുറിപ്പ്. അതെന്റെ കയ്യിലുണ്ട്. ഇപ്രാവശ്യത്തെ റമദാനും ചുവട് വെക്കുന്നത് അത്തരമൊരു പരിതസ്ഥിതിയിലേക്കാവുമോ എന്ന് മനസ് വേവലാതിപ്പെടുന്നു. നാളെയെ കുറിച്ച് മനുഷ്യര്‍ക്ക് ഒന്നും പ്രവചിക്കാനാവില്ലല്ലോ? ഇന്ത്യയില്‍ ചില സംസ്ഥാനങ്ങളില്‍, രോഗത്തിന്റെ വലിയ വ്യാപനം രേഖപ്പെടുത്തി വരുന്നു. മഹാരാഷ്ട്ര, മുംബൈ വീണ്ടും ഒരു അടച്ചിരിപ്പിലേക്ക് തന്നെ നീങ്ങുകയാണോ എന്നും ചോദ്യമുയരുന്നു. ധാരാവിയിലും വൈറസിന്റെ പുതിയ വ്യാപന വാര്‍ത്ത കേട്ടപ്പോള്‍ തീര്‍ത്തും വിറച്ചു പോകുന്നു. നന്നായി അറിയാവുന്നത് കൊണ്ടാണത്. അവിടെ ഒരു നിയന്ത്രണം എന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം അപ്രാപ്യമാണ്. ആരൊക്കെ അവകാശവാദം ഉന്നയിച്ചാലും കഴിഞ്ഞ വര്‍ഷത്തേത്, ദൈവത്തിന്റെ ഇടപെടല്‍ തന്നെയെന്ന് ഞാന്‍ വിശ്വസിക്കുന്നു.
പ്രകൃതി ഇടക്കിടെ പല പാഠങ്ങളും നല്‍കുന്നുണ്ട്. അവ അനുഭവിച്ചു തീര്‍ക്കുന്നുണ്ടെങ്കിലും നാം അവയില്‍ നിന്ന് ഒന്നും പഠിക്കുന്നില്ല. ഈയിടെ ഒരു റിപ്പോര്‍ട്ട് കണ്ടു. കേരളത്തില്‍ മരണം 2019ലും കുറവാണ് 2020ല്‍ രേഖപ്പെടുത്തിയതെന്ന്. തിരിച്ച് ചോദിക്കാനുള്ളത്. അവയില്‍ യുവാക്കള്‍ എത്ര ശതമാനം ഉണ്ട് എന്നാണ്. അകാലത്തില്‍ പൊലിഞ്ഞവരുടെ ഒരു ദശകത്തിന്റെ മുഴുവന്‍ കണക്കെടുത്താലും 2020ലാവും കൂടുതല്‍. എത്ര യുവാക്കളാണ്, നമ്മുടെ ചുറ്റുമുള്ള കുടുംബങ്ങളില്‍ നിന്ന് പോലും, നല്ല ആരോഗ്യത്തോടെയിരുന്നവരും ഗള്‍ഫിലും നാട്ടിലുമായി നമ്മോട് വിട പറഞ്ഞത്? ഇതിലൊരാള്‍ ഞാനായിരുന്നെങ്കിലോ എന്ന് ഓര്‍ക്കാന്‍ മിനക്കെട്ടിരുന്നെങ്കില്‍. കാലം പതിച്ചേച്ച് പോകുന്ന ചുവരെഴുത്തുകളിലേക്ക് നാം തിരിഞ്ഞ് പോലും നോക്കാറില്ല. അങ്ങനെയാണെങ്കില്‍ പിന്നെ ജീവിക്കാന്‍ പറ്റോ അല്ലേ?

Related Articles
Next Story
Share it