ആഗോള ഗ്രാമവും<br>മായുന്ന അതിര്‍ത്തികളും…

ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 21ന് ലോകസമാധാന ദിനം ആചരിക്കുകയാണ്. 'വംശീയത അവസാനിപ്പിക്കൂ, സമാധാനം സ്ഥാപിക്കൂ' എന്നാണ് ഇപ്രാവശ്യത്തെ സമാധാനദിന മുദ്രാവാക്യം. രാജ്യാതിര്‍ത്തികളുടെ വിഭജനമതിലുകള്‍ക്കുമപ്പുറത്ത് ജനങ്ങള്‍ക്കിടയില്‍ സമാധാനത്തിന്റെ ആശയങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. വിവിധ മേഖലകളില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കണ്ടെത്താനും ശത്രുതക്ക് അറുതി വരുത്താനും ഈ ദിനം പ്രയോജനപ്പെടുത്തണമെന്നാണ് ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തിട്ടുള്ളത്. ദേശ-രാഷ്ട്രങ്ങള്‍ അതിര്‍ത്തികള്‍ക്കുള്ളിലേക്ക് ചുരുങ്ങുമ്പോഴും വിദ്വേഷത്തിന്റെ മതിലുകള്‍ തകര്‍ത്ത് സമാധാനം സൃഷ്ടിക്കേണ്ടത് സാമൂഹിക ജീവിയെന്ന നിലയില്‍ നമ്മുടെ കര്‍ത്തവ്യമാണ്.മനുഷ്യഭാവനക്കതീതമായി അനന്തതയിലേക്ക് വ്യാപിച്ച് […]

ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 21ന് ലോകസമാധാന ദിനം ആചരിക്കുകയാണ്. 'വംശീയത അവസാനിപ്പിക്കൂ, സമാധാനം സ്ഥാപിക്കൂ' എന്നാണ് ഇപ്രാവശ്യത്തെ സമാധാനദിന മുദ്രാവാക്യം. രാജ്യാതിര്‍ത്തികളുടെ വിഭജനമതിലുകള്‍ക്കുമപ്പുറത്ത് ജനങ്ങള്‍ക്കിടയില്‍ സമാധാനത്തിന്റെ ആശയങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. വിവിധ മേഖലകളില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കണ്ടെത്താനും ശത്രുതക്ക് അറുതി വരുത്താനും ഈ ദിനം പ്രയോജനപ്പെടുത്തണമെന്നാണ് ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തിട്ടുള്ളത്. ദേശ-രാഷ്ട്രങ്ങള്‍ അതിര്‍ത്തികള്‍ക്കുള്ളിലേക്ക് ചുരുങ്ങുമ്പോഴും വിദ്വേഷത്തിന്റെ മതിലുകള്‍ തകര്‍ത്ത് സമാധാനം സൃഷ്ടിക്കേണ്ടത് സാമൂഹിക ജീവിയെന്ന നിലയില്‍ നമ്മുടെ കര്‍ത്തവ്യമാണ്.
മനുഷ്യഭാവനക്കതീതമായി അനന്തതയിലേക്ക് വ്യാപിച്ച് കിടക്കുന്ന ഈ മഹാപ്രപഞ്ചത്തിലെ ചെറിയൊരു കണിക മാത്രമാണ് നമ്മുടെ ഭൂമി. വളരെ ചെറിയ ജീവിത കാലയളവില്‍ നമുക്ക് പരിമിതമായെങ്കിലും എത്താന്‍ സാധിക്കുക 13,000 കിലോ മീറ്റര്‍ വ്യാസമുള്ള ഭൗമോപരിതലം മാത്രമായിരിക്കും. നിര്‍ഭാഗ്യവശാല്‍ ജനസമൂഹങ്ങളെ ഭിന്നിപ്പിക്കുന്ന കര്‍ശനമായ അതിര്‍ത്തികള്‍ പലപ്പോഴും നമ്മുടെ സഞ്ചാരത്തെ ദുഷ്‌കരമാക്കുന്നു. ഇനി അഥവാ ദേശാന്തര ഗമനം നടത്തി പുതിയൊരു ലക്ഷ്യസ്ഥാനത്തെത്തിയാല്‍ പ്രദേശവാസികളുടെ അസുഖകരമായ ചോദ്യങ്ങളും നിഷേധാത്മകമായ മനോഭാവവും നമ്മെ സ്വത്വപ്രതിസന്ധിയിലേക്ക് നയിക്കുന്നു. ആഫ്രിക്കന്‍ വന്‍കരയിലെ ഒരു കുടുംബത്തില്‍ നിന്ന് ആധുനിക മനുഷ്യരായി വികസിച്ചാണ് നാമെല്ലാരും കുടിയേറ്റത്തിലൂടെ ലോകമാകമാനം വ്യാപിച്ചതെന്ന ചരിത്രവസ്തുത പലപ്പോഴും നാം വിസ്മരിക്കുന്നു. ദേശാന്തര കുടിയേറ്റങ്ങള്‍ക്ക് വളരെയധിക സാഹചര്യങ്ങളുണ്ടായിരുന്ന പ്രാചീന കാലത്തില്‍ നിന്നും ആധുനിക രാഷ്ട്രീയ സംവിധാനത്തിലേക്കെത്തുമ്പോള്‍ കര്‍ശനമായ അതിര്‍ത്തി രേഖകള്‍ക്കിടയില്‍ വിഭജിക്കപ്പെട്ട സമൂഹങ്ങളെയാണ് നാം കാണുന്നത്. ഭരണ-വരേണ്യ വര്‍ഗത്തിന്റെ നയങ്ങള്‍ക്കനുസരിച്ച്, അവരുടെ മാത്രം യുക്തിക്കനുസരിച്ച് നിര്‍ണയിച്ച വിഭജന രേഖകള്‍ക്കകത്ത് മാത്രമായി മനുഷ്യര്‍ തങ്ങളുടെ സഞ്ചാരം പരിമിതപ്പെടുത്തിയിരിക്കുകയാണ്. സാമൂഹിക ജീവിയെന്ന നിലയില്‍ ആയിരക്കണക്കിന് വര്‍ഷങ്ങളുടെ സാമൂഹിക പരിണാമം കൊണ്ട് ആര്‍ജിച്ചെടുത്ത സാമൂഹിക പാഠങ്ങള്‍ പതിയെ നമുക്ക് കൈമോശം വരുന്നുണ്ടോയെന്ന് സംശയമാണ്. മനുഷ്യത്വം ശക്തി പ്രാപിക്കേണ്ടയവസരത്തില്‍ നാം വിഭജന രേഖകള്‍ക്കിടയില്‍ കൂടുതല്‍ ഇടുങ്ങിയ മനസ്സുകളിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്.
ഈയിടെ പോളണ്ടിലും അമേരിക്കയിലും ഇന്ത്യന്‍ വംശജര്‍ക്ക് നേരിട്ട വംശീയാതിക്രമം നാമെല്ലാവരും കണ്ടതാണ്. ഇതില്‍ രണ്ട് സംഭവത്തിലും പ്രതിഭാഗം കുടിയേറ്റത്തിന്റെ ഗുണഭോക്താക്കളായിരുന്നു. മെക്സിക്കോ, യൂറോപ്പ് എന്നിവടങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തവരായിരുന്നു ഇരുവരും. ഇക്കാര്യം സൗകര്യപൂര്‍വം മറന്ന് ഇന്ത്യന്‍ വംശജനെതിരെ തട്ടിക്കയറുകയായിരുന്നു ഇവര്‍.
കുടിയേറ്റം മലയാളികള്‍ക്ക് സുപരിചിതമാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇങ്ങോട്ടേക്കും നാം മറ്റു പലദേശങ്ങളിലേക്കും വ്യാപകമായി താമസം മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. സാധാരണക്കാരെ സംബന്ധിച്ച് കുടിയേറ്റം വേദനയുടെയും കണ്ണീരിന്റെയും അധ്യായമാണ് തുറക്കുന്നത്. വര്‍ഷങ്ങളായി സൈ്വരവിഹാരം നടത്തിയിരുന്ന സ്വന്തം പ്രദേശത്തേക്ക് 'മറ്റുള്ളവരെ' സ്വാഗതം ചെയ്യാന്‍ നാം വിമുഖത കാണിക്കും. നാം നമ്മുടെ നാട്ടില്‍ 'മറ്റുള്ളവരോട്' കാണിക്കുന്ന മനോഭാവം നമുക്ക് അന്യനാട്ടില്‍ തിരികെ ലഭിക്കുന്നു. സ്വന്തമെന്ന് നാം കരുതി വരുന്ന ഇടങ്ങളിലേക്ക് വേറൊരാള്‍ കടന്നു വരുന്നത് നാം ഇഷ്ടപ്പെടുന്നില്ല. നാമെല്ലാവരും ഒരു കാലത്ത് കുടിയേറിപ്പാര്‍ത്തവരാണെന്ന വസ്തുത നാം പലപ്പോഴും മറന്നുകളയുന്നു.
ഇത് ആരുടെയും ഭൂമിയല്ല, പക്ഷേ എല്ലാവരുടെയും ഭൂമിയാണ്. ഒരു സാമൂഹിക ജീവിയെന്ന നിലയില്‍, കുടിയേറ്റം നമ്മുടെ അടിസ്ഥാനവാസനകളില്‍ ഒന്നാണ്.
രാജ്യാതിര്‍ത്തികള്‍ തുറക്കുന്നത് ആഗോള ജി.ഡി.പി ഇരട്ടിയാക്കാന്‍ സഹായിക്കുമെന്നാണ് വികസന സാമ്പത്തിക വിദഗ്ധന്‍ മൈക്കല്‍ ക്ലെമന്‍സ് വിശ്വസിക്കുന്നത്. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക മേഖലകളിലേക്ക് എത്തിപ്പെടുന്നത് തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ജോലിയും സാമ്പത്തിക ഭദ്രതയും ഉറപ്പു നല്‍കും. കുടിയേറ്റ തൊഴിലാളികള്‍ അവരുടെ മാതൃരാജ്യത്തേക്ക് പണം തിരികെ അയക്കുന്നത് വികസ്വര രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയിലും നല്ല സ്വാധീനം ചെലുത്തുന്നുണ്ട്. അതേ സമയം, കുടിയേറ്റ വിഭാഗം അവര്‍ സ്വന്തം നാട്ടിലേക്ക് കൊണ്ട് പോകുന്നതിന് ആനുപാതികമായി നികുതിയിടക്കമുള്ള ഇടപാടുകളിലൂടെ കുടിയേറ്റ രാജ്യത്തിനും വരുമാനം സൃഷ്ടിക്കുന്നു.
ദൃഷ്യപ്രപഞ്ചത്തിന് 93 ബില്യണ്‍ പ്രകാശവര്‍ഷം വ്യാസമുണ്ട്, അതിന്റെ അചിന്തനീയമായ വിശാലത മനുഷ്യഭാവനക്ക് അതീതതമാണ്. ദൃഷ്യപ്രപഞ്ചത്തിനപ്പുറം യഥാര്‍ത്ഥ പ്രപഞ്ചത്തിന്റെ ശരിയായ വ്യാസം 250 മടങ്ങ് വലുതായിരിക്കാം, അല്ലെങ്കില്‍ കുറഞ്ഞത് ഏഴ് ട്രില്യണ്‍ പ്രകാശവര്‍ഷങ്ങളുടെ വ്യാസമെങ്കിലുമുണ്ടാവാം.
ഈ ഭീമാകാരമായ കോസ്മിക് സമുദ്രത്തില്‍, ജീവജാലങ്ങള്‍ വികസിച്ച ഒരേയൊരു ഇടം താരതമ്യേന വളരെ ചെറിയ ബിന്ദു മാത്രമായ നമ്മുടെ കൊച്ചു ഭൂമി മാത്രമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

-കരീം എരിയാല്‍

Related Articles
Next Story
Share it