ബംഗളൂരു: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവനുസരിച്ച് കര്‍ണാടകയിലെ ഭൂരിപക്ഷം മുസ്ലീം വിദ്യാര്‍ത്ഥികളും തിങ്കളാഴ്ച ഹിജാബ് ധരിക്കാതെ ക്ലാസുകളില്‍ പങ്കെടുത്തു. ശിവമോഗ ജില്ലയിലെ സര്‍ക്കാര്‍ ഹൈസ്കൂളിലെ 13 വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിച്ച് പത്താംക്ലാസ് പരീക്ഷയെഴുതാനെത്തി. സ്കൂളില്‍ അധ്യാപകര്‍ തടഞ്ഞതോടെ പരീക്ഷയെഴുതാതെ ഇവര്‍ തിരിച്ചുപോയി.
ശിവമോഗ ജില്ലയിലെ സര്‍ക്കാര്‍ പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ തടഞ്ഞുനിര്‍ത്തി ഹിജാബ് അഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഇതിന് വിസമ്മതിക്കുകയും ഹിജാബ് ധരിച്ചുകൊണ്ടുതന്നെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഹിജാബ് ധരിക്കാതെ പ്രത്യേക മുറിയില്‍ പരീക്ഷയെഴുതണമെന്ന് അധ്യാപകരും സ്കൂള്‍ മാനേജ്മെന്റും ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ഥിനികള്‍ ഈ ആവശ്യം നിരസിക്കുകയും പരീക്ഷ ബഹിഷ്കരിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. സ്കൂളിലെത്തിയ രക്ഷിതാക്കള്‍ കുട്ടികളെ പിന്തുണച്ച് ഹിജാബ് ഇല്ലാതെ ക്ലാസില്‍ പോകാന്‍ കഴിയില്ലെന്ന് അറിയിച്ച ശേഷം ഇവരെ വീട്ടിലേക്ക് കൊണ്ടുപോയി.
അതേസമയം പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് കോണ്‍ഗ്രസ് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തത്. സംസ്ഥാനത്ത് ബി.ജെ.പി.യുടെ ഭരണകാലത്ത് ഭരണഘടനാ മൂല്യങ്ങളുടെ തകര്‍ച്ചയില്‍ പ്രതിഷേധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് എംഎല്‍എ കനീസ് ഫാത്തിമ ഹിജാബ് ധരിച്ചാണ് ആദ്യദിന സമ്മേളനത്തില്‍ പങ്കെടുത്തത്. മുസ്ലീം വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കവെ, താന്‍ ഹിജാബ് ധരിച്ച് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അവര്‍ പറഞ്ഞിരുന്നു, തന്നെ തടയാന്‍ ഭരണകക്ഷിയെ അവര്‍ വെല്ലുവിളിക്കുകയും ചെയ്തു.