വെജ് പിസ ഓര്‍ഡര്‍ ചെയ്‌തെങ്കിലും ലഭിച്ചത് നോണ്‍ വെജ് പിസ; മതവികാരം വ്രണപ്പെട്ടുവെന്നാരോപിച്ച് യുവതിയുടെ പരാതി, നഷ്ടപരിഹാരം നല്‍കണമെന്നാവശ്യം

ഗാസിയാബാദ്: നോണ്‍വെജ് പിസ നല്‍കി മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണവുമായി യുവതി രംഗത്ത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ യുവതിയാണ് റസ്റ്റോറന്റിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കിയത്. ഓര്‍ഡര്‍ ചെയ്ത വെജിറ്റേറിയന്‍ പിസയ്ക്ക് പകരം നോണ്‍ വെജ് പിസ നല്‍കിയതിന്റെ പേരിലാണ് പരാതി. നോണ്‍ വെജ് പിസ തന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും മാനസികമായി വേദനിപ്പിച്ചെന്നും കാണിച്ചാണ് യുവതി കണ്‍സ്യൂമര്‍ കോടതിയെ സമീപിച്ചത്. ദീപാലി ത്യാഗി എന്ന സ്ത്രീയാണ് പരാതി നല്‍കിയിരിക്കുന്നത്. ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് യുവതിയുടെ ആവശ്യം. […]

ഗാസിയാബാദ്: നോണ്‍വെജ് പിസ നല്‍കി മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണവുമായി യുവതി രംഗത്ത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ യുവതിയാണ് റസ്റ്റോറന്റിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കിയത്. ഓര്‍ഡര്‍ ചെയ്ത വെജിറ്റേറിയന്‍ പിസയ്ക്ക് പകരം നോണ്‍ വെജ് പിസ നല്‍കിയതിന്റെ പേരിലാണ് പരാതി. നോണ്‍ വെജ് പിസ തന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും മാനസികമായി വേദനിപ്പിച്ചെന്നും കാണിച്ചാണ് യുവതി കണ്‍സ്യൂമര്‍ കോടതിയെ സമീപിച്ചത്.

ദീപാലി ത്യാഗി എന്ന സ്ത്രീയാണ് പരാതി നല്‍കിയിരിക്കുന്നത്. ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് യുവതിയുടെ ആവശ്യം. 'മതപരമായ വിശ്വാസവും കുടുംബ പാരമ്പര്യവും പഠിച്ച സംസ്‌കാരവും സ്വയം തിരഞ്ഞെടുത്ത വിശ്വാസവും അനുസരിച്ച് താന്‍ പൂര്‍ണ വെജിറ്റേറിയനാണ്. എന്നാല്‍ റസ്റ്റോറന്റ് തനിക്ക് നല്‍കിയത് നോണ്‍ വെജ് പിസയാണ്. ഇത് കഴിച്ചതിന് ശേഷമാണ് വെജ് അല്ലെന്ന് മനസ്സിലായത്". യുവതി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

2019 മാര്‍ച്ച് 21 നാണ് ദീപാലി ത്യാഗി ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള അമേരിക്കന്‍ പിസ ഔട്ട്‌ലെറ്റില്‍ നിന്നും പിസ ഓര്‍ഡര്‍ ചെയ്തത്. ഹോളി ആഘോഷങ്ങള്‍ക്ക് ശേഷം കുടുംബാംഗങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഓര്‍ഡര്‍. പിസ എത്താന്‍ വൈകിയതിനാല്‍ വായിച്ചു നോക്കാതെ തന്നെ കഴിച്ചു. വായിലിട്ടതിന് ശേഷമാണ് മഷ്‌റൂമിന് പകരം മാംസമാണെന്ന് തിരിച്ചറിഞ്ഞതെന്ന് പരാതിയില്‍ പറയുന്നു.

പിസ മാറിയെന്ന് മനസ്സിലായ ഉടനെ തന്നെ ദീപാലി കസ്റ്റമര്‍ കെയറിലേക്ക് വിളിച്ച് പരാതി നല്‍കിയതായി അഭിഭാഷകന്‍ പറയുന്നു. പൂര്‍ണമായും സസ്യാഹാരികളായ കുടുംബത്തിലേക്ക് നോണ്‍ വെജ് ആഹാരം നല്‍കിയ സ്ഥാപനത്തിന്റെ ഉത്തരവാദിത്തമില്ലായ്മയെ കുറിച്ചും ദീപാലി പരാതി ഉന്നയിച്ചിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പിസ ഔട്ട്‌ലെറ്റിലെ മാനേജര്‍ ദീപാലിയെ വിളിച്ച് കുടുംബത്തിലുള്ളവര്‍ക്കെല്ലാം സൗജന്യമായി പിസ നല്‍കാമെന്ന് വാഗ്ദാനവും നല്‍കി. എന്നാല്‍ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായത് ചെറിയ പിഴവല്ലെന്നും തങ്ങളുടെ മതവികാരത്തെയാണ് കമ്പനി വ്രണപ്പെടുത്തിയതെന്നും ദീപാലി മറുപടി നല്‍കുകയായിരുന്നു. കൂടാതെ കടുത്ത മാനസിക പ്രയാസവും ഇതുമൂലം തങ്ങള്‍ക്കുണ്ടായെന്നും ദീപാലി ചൂണ്ടിക്കാട്ടി.

മാംസാഹാരം അറിയാതെയാണെങ്കിലും കഴിച്ചതിന്റെ പേരില്‍ ചിലവ് കൂടിയ മതപരമായ പല പരിഹാര മാര്‍ഗങ്ങളും തങ്ങള്‍ക്ക് ചെയ്യേണ്ടി വന്നു. ഇതിനായി തനിക്ക് ലക്ഷങ്ങള്‍ ചെലവ് വന്നു എന്നാണ് യുവതി പറയുന്നത്. ഇതേ തുടര്‍ന്നാണ് കണ്‍സ്യൂമര്‍ കോര്‍ട്ടില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കിയത്.

അതേസമയം, യുവതിയുടെ പരാതിയില്‍ കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പരാതിയില്‍ കമ്പനിയുടെ ഭാഗം വിശദീകരിക്കാന്‍ കണ്‍സമ്യൂര്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് വാദം കേള്‍ക്കുന്നതിനായി മാര്‍ച്ച് 17 ലേക്ക് മാറ്റിവെച്ചു.

Related Articles
Next Story
Share it