ജി.ബി.ജി ചെയര്‍മാനും ഡയറക്ടറും റിമാണ്ടില്‍; ഇനി അറസ്റ്റിലാകാനുള്ളത് നാലുപ്രതികള്‍

കാസര്‍കോട്: കോടികളുടെ നിക്ഷേപതട്ടിപ്പ് കേസില്‍ അറസ്റ്റിലായ കുണ്ടംകുഴിയിലെ ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ് (ജി.ബി.ജി) നിധി ലിമിറ്റഡ് ചെയര്‍മാനെയും ഡയറക്ടറെയും കോടതി റിമാണ്ട് ചെയ്തു. ചെയര്‍മാന്‍ കുണ്ടംകുഴി ചിന്നലാല്‍ വീട്ടിലെ ഡി. വിനോദ്കുമാര്‍ (51), ഡയറക്ടര്‍മാരില്‍ ഒരാളായ പെരിയ നിടുവോട്ടുപാറയിലെ പി. ഗംഗാധരന്‍ നായര്‍ (67) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്. ഇന്നലെ വൈകിട്ടാണ് രണ്ടുപേരുടെയും അറസ്റ്റ് ബേഡകം പൊലീസ് രേഖപ്പെടുത്തിയത്. ഈ കേസില്‍ ജി.ബി.ജിയുടെ മറ്റ് ഡയറക്ടര്‍മാരായ ആലംപാടി നാല്‍ത്തടുക്കയിലെ എ.സി […]

കാസര്‍കോട്: കോടികളുടെ നിക്ഷേപതട്ടിപ്പ് കേസില്‍ അറസ്റ്റിലായ കുണ്ടംകുഴിയിലെ ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ് (ജി.ബി.ജി) നിധി ലിമിറ്റഡ് ചെയര്‍മാനെയും ഡയറക്ടറെയും കോടതി റിമാണ്ട് ചെയ്തു. ചെയര്‍മാന്‍ കുണ്ടംകുഴി ചിന്നലാല്‍ വീട്ടിലെ ഡി. വിനോദ്കുമാര്‍ (51), ഡയറക്ടര്‍മാരില്‍ ഒരാളായ പെരിയ നിടുവോട്ടുപാറയിലെ പി. ഗംഗാധരന്‍ നായര്‍ (67) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്. ഇന്നലെ വൈകിട്ടാണ് രണ്ടുപേരുടെയും അറസ്റ്റ് ബേഡകം പൊലീസ് രേഖപ്പെടുത്തിയത്. ഈ കേസില്‍ ജി.ബി.ജിയുടെ മറ്റ് ഡയറക്ടര്‍മാരായ ആലംപാടി നാല്‍ത്തടുക്കയിലെ എ.സി മുഹമ്മദ് റസാഖ്, പിലിക്കോട് മല്ലക്കര വീട്ടില്‍ പി. സുഭാഷ്, മാണിയാട്ട് പുതിയ വളപ്പില്‍ സി.പി പ്രീജിത്ത്, മാണിയാട്ട് പടിഞ്ഞാറേ വീട്ടില്‍ പി.വി രാജേഷ് എന്നിവരും പ്രതികളാണ്. ഇവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. 10 മാസം കൊണ്ട് 80 ശതമാനം ലാഭവും മുടക്കുമുതലും തിരികെ നല്‍കുമെന്ന വാഗ്ദാനം നല്‍കി നിക്ഷേപകരെ വഞ്ചിച്ചുവെന്നാണ് ജി.ബി.ജി ചെയര്‍മാനും ഡയറക്ടര്‍മാര്‍ക്കുമെതിരായ കേസ്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 18 കേസുകളാണ് ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ആകെ 68 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് പ്രതികള്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്.
കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലുള്ളവരും ജി.ബി.ജിയുടെ നിക്ഷേപതട്ടിപ്പിന് ഇരകളായിട്ടുണ്ടെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ പത്രസമ്മേളനത്തിനായി പുറപ്പെടുന്നതിനിടെയാണ് വിനോദ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പത്രസമ്മേളനത്തിന് പ്രസ്‌ക്ലബ്ബിലേക്ക് വരുമ്പോഴാണ് ഗംഗാധരന്‍ നായര്‍ പിടിയിലായത്.

Related Articles
Next Story
Share it