ഗാസയിലെ യുദ്ധഭൂമിയില്‍ ആശ്വാസമേകി ഒരു കാസര്‍കോട്ടുകാരന്‍
ഗാസയില്‍ നിന്നുള്ള പിഞ്ചുകുഞ്ഞുങ്ങളുടെ രോദനം നമ്മുടെ ഹൃദയം പിളര്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളേറെയായി. ബോംബ് വര്‍ഷത്തില്‍ ചിതറിത്തെറിച്ച പലസ്തീനികളുടെ മൃതദേഹങ്ങള്‍ കണ്ട് നമ്മുടെ കണ്ണ് കലങ്ങാന്‍ തുടങ്ങിയിട്ട് എത്രയോ നാളുകളായി. ഗാസയിലെ റഫയില്‍ നിന്നുള്ള കൂട്ടനിലവിളി ലോകത്തിന്റെ ഉറക്കം കെടുത്തുന്നു. പലസ്തീന്‍ ജനതക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനല്ലാതെ നമുക്ക് മറ്റൊന്നിനും ആവുന്നില്ല. ഓരോ ദിവസവും ഗാസയില്‍ നിന്നും റഫയില്‍ നിന്നുമുള്ള കരളലിയിക്കുന്ന വാര്‍ത്തകള്‍ നമ്മള്‍ ഇവിടെയിരുന്ന് വായിക്കുമ്പോള്‍, കാസര്‍കോട്ടുകാരനായ ഒരു ചെറുപ്പക്കാരന്‍ അവിടെ റഫയില്‍ ചിന്നഭിന്നമായ മൃതദേഹങ്ങള്‍ക്കിടയിലൂടെ ജീവനറ്റുപോവാത്ത പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് […]
ഗാസയില്‍ നിന്നുള്ള പിഞ്ചുകുഞ്ഞുങ്ങളുടെ രോദനം നമ്മുടെ ഹൃദയം പിളര്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളേറെയായി. ബോംബ് വര്‍ഷത്തില്‍ ചിതറിത്തെറിച്ച പലസ്തീനികളുടെ മൃതദേഹങ്ങള്‍ കണ്ട് നമ്മുടെ കണ്ണ് കലങ്ങാന്‍ തുടങ്ങിയിട്ട് എത്രയോ നാളുകളായി. ഗാസയിലെ റഫയില്‍ നിന്നുള്ള കൂട്ടനിലവിളി ലോകത്തിന്റെ ഉറക്കം കെടുത്തുന്നു. പലസ്തീന്‍ ജനതക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനല്ലാതെ നമുക്ക് മറ്റൊന്നിനും ആവുന്നില്ല. ഓരോ ദിവസവും ഗാസയില്‍ നിന്നും റഫയില്‍ നിന്നുമുള്ള കരളലിയിക്കുന്ന വാര്‍ത്തകള്‍ നമ്മള്‍ ഇവിടെയിരുന്ന് വായിക്കുമ്പോള്‍, കാസര്‍കോട്ടുകാരനായ ഒരു ചെറുപ്പക്കാരന്‍ അവിടെ റഫയില്‍ ചിന്നഭിന്നമായ മൃതദേഹങ്ങള്‍ക്കിടയിലൂടെ ജീവനറ്റുപോവാത്ത പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് […]
ഗാസയില്‍ നിന്നുള്ള പിഞ്ചുകുഞ്ഞുങ്ങളുടെ രോദനം നമ്മുടെ ഹൃദയം പിളര്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളേറെയായി. ബോംബ് വര്‍ഷത്തില്‍ ചിതറിത്തെറിച്ച പലസ്തീനികളുടെ മൃതദേഹങ്ങള്‍ കണ്ട് നമ്മുടെ കണ്ണ് കലങ്ങാന്‍ തുടങ്ങിയിട്ട് എത്രയോ നാളുകളായി. ഗാസയിലെ റഫയില്‍ നിന്നുള്ള കൂട്ടനിലവിളി ലോകത്തിന്റെ ഉറക്കം കെടുത്തുന്നു. പലസ്തീന്‍ ജനതക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനല്ലാതെ നമുക്ക് മറ്റൊന്നിനും ആവുന്നില്ല. ഓരോ ദിവസവും ഗാസയില്‍ നിന്നും റഫയില്‍ നിന്നുമുള്ള കരളലിയിക്കുന്ന വാര്‍ത്തകള്‍ നമ്മള്‍ ഇവിടെയിരുന്ന് വായിക്കുമ്പോള്‍, കാസര്‍കോട്ടുകാരനായ ഒരു ചെറുപ്പക്കാരന്‍ അവിടെ റഫയില്‍ ചിന്നഭിന്നമായ മൃതദേഹങ്ങള്‍ക്കിടയിലൂടെ ജീവനറ്റുപോവാത്ത പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ആഹാരവും വിളമ്പി ഓടി നടക്കുന്നുണ്ട്. യു.എ.ഇ റെഡ്ക്രസന്റിന്റെ വളണ്ടിയറായ ബദിയടുക്ക ചെടേക്കാല്‍ സ്വദേശിയായ ബഷീര്‍.
ഡിസംബര്‍ 21നാണ് ബഷീര്‍ പലസ്തീനിലെ റഫയിലെത്തിയത്. ബഷീറിനൊപ്പം നേഴ്‌സുമാരടക്കം 150 അംഗസംഘമാണ് അന്ന് യു.എ.ഇ ഗവണ്‍മെന്റിന്റെ സേവകസംഘമായി റഫയില്‍ പറന്നിറങ്ങിയത്. റഫ അന്ന് ശാന്തമായിരുന്നു. പലസ്തീനുമേല്‍ കയ്യേറ്റം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. റഫയില്‍ റെഡ്ക്രസന്റ് യു.എ.ഇ ചാപ്റ്ററിന്റെ ഫീല്‍ഡ് ഹോസ്പിറ്റലിലായിരുന്ന ബഷീര്‍ അടക്കമുള്ളവര്‍ക്ക് ഡ്യൂട്ടി. സംഘം റഫയിലെത്തുമ്പോള്‍ അവിടം ജനനിബിഡമായിരുന്നു. ലോകത്തിന് മുന്നില്‍ റഫാ നഗരത്തിന് ഒരു സ്ഥാനമുണ്ട്. ഒരു യുദ്ധത്തിലും റഫയെ അക്രമിക്കില്ലെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ പലസ്തീനിലെ മറ്റു ഭാഗങ്ങളില്‍ ബോംബ് വര്‍ഷിച്ച് അനേകം പേരെ കൊലപ്പെടുത്തുകയും പാര്‍പ്പിടങ്ങള്‍ തകര്‍ക്കുകയും ചെയ്തപ്പോള്‍ പലസ്തീന്‍ ജനത അഭയം തേടിയത് റഫയിലായിരുന്നു. ഇവിടം സുരക്ഷിതമെന്ന് അവര്‍ വിശ്വസിച്ചു. പക്ഷെ, യുദ്ധക്കൊതി മൂത്ത, അനേകം പിഞ്ചുകുഞ്ഞുങ്ങളെ അടക്കം ബോംബിട്ട് ഇല്ലാതാക്കിയവരുടെ രക്തദാഹം അടങ്ങിയില്ല. അവര്‍ റഫയിലേക്കും കൈവെച്ചു. ആകാശത്ത് ഹെലികോപ്റ്ററുകള്‍ വട്ടമിട്ട് പറന്നു.
ആ ദിനങ്ങളെ കുറിച്ച് ബഷീര്‍ പറയുന്നത് കേള്‍ക്കാം: 'ഞങ്ങളെത്തിയ ആദ്യ നാളുകളിലൊന്നും റഫയില്‍ പ്രശ്‌നങ്ങളില്ലായിരുന്നു. യു.എ.ഇ ഗവണ്‍മെന്റിന്റെ വലിയ നന്മയുടെയും കാരുണ്യത്തിന്റെയും ഭാഗമായാണ് റെഡ്ക്രസന്റിന്റെ വളണ്ടിയര്‍മാരെ പലസ്തീനില്‍ സേവനത്തിനായി നിയോഗിച്ചത്. റഫയിലെ ഒരു ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സജ്ജീകരിച്ച ഫീല്‍ഡ് ഹോസ്പിറ്റലിലായിരുന്നു ഞാനടക്കമുള്ളവര്‍ക്ക് ഡ്യൂട്ടി. സമീപ പ്രദേശങ്ങളില്‍ നിന്നൊക്കെ ആയിരക്കണക്കിനാളുകള്‍ സുരക്ഷിതയിടം എന്ന നിലയില്‍ റഫയില്‍ അഭയം തേടിയിരുന്നു. എന്നാല്‍ പതുക്കെ ഹെലികോപ്റ്ററുകള്‍ ആകാശത്ത് വട്ടമിട്ട് പറക്കാന്‍ തടങ്ങിയതോടെ അപകടം മണത്തിരുന്നു...'.
'ഭീതി മൂലം എല്ലാവരും അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് മടങ്ങി. ഞങ്ങള്‍ അവിടെ ഭക്ഷണം എത്തിക്കും. യു.എ.ഇ ഗവണ്‍മെന്റിന്റെ വലിയ മനസ് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ടണ്‍ കണക്കിന് ഭക്ഷണവും മരുന്നുകളടക്കം മെഡിക്കല്‍ ഉപകരണങ്ങളും കപ്പലിലും വിമാനത്തിലുമൊക്കെയായി പലസ്തീനിലേക്ക് എത്തിച്ചുകൊണ്ടിരുന്നു. മാനുഷിക പരിഗണന വെച്ച് യു.എ.ഇ ഗവണ്‍മെന്റ് നടത്തിയ പല കാരുണ്യ സേവനങ്ങളും പലസ്തീനിലെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമായി. പൊടുന്നനെയാണ് റഫയും ആക്രമിക്കപ്പെട്ട് തുടങ്ങിയത്. ബോംബുകള്‍ നിരന്തരം വര്‍ഷിച്ചു. ആ ശബ്ദം തന്നെ പേടിപ്പെടുത്തുന്നതായിരുന്നു. അഭയകേന്ദ്രങ്ങളെ പോലും വിട്ടില്ല. ബോംബ് വര്‍ഷത്തില്‍ എല്ലാം തകര്‍ന്നു. കുട്ടികളുടെ നിലവിളി സഹിക്കാന്‍ പറ്റാത്തതായിരുന്നു. 50ലേറെ പേര്‍ ഒന്നിച്ച് ചിന്നിച്ചിതറി കിടക്കുന്ന കാഴ്ച ഹൃദയം നുറുക്കി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പാതിവെന്ത മൃതദേഹങ്ങളുടെ ഗന്ധത്തിന് മരണത്തിന്റെ മണമായിരുന്നു. ജീവന്റെ അംശം അറ്റുപോവാതെ നിന്നവരുടെ അരികിലേക്ക് ഞങ്ങള്‍ ഭക്ഷണവും കൊണ്ടോടി. വിശന്നൊട്ടിയ വയറും വരണ്ടുണങ്ങിയ തൊണ്ടയുമായി മരണവെപ്രാളത്തില്‍ കഴിയുകയായിരുന്ന പച്ചജീവനുകളിലേക്ക് ഒരുതുള്ളി വെള്ളം ഒഴിച്ച് കൊടുക്കുമ്പോള്‍, ഒരു കഷ്ണം റൊട്ടി നീട്ടുമ്പോള്‍ അവരുടെ കണ്ണുകളില്‍ കണ്ടത് ജീവന്‍ തിരിച്ചുകിട്ടുന്നതിന്റെ തെളിച്ചമായിരുന്നു. ഹൃദയത്തെ ഏറെ നോവിച്ചത് കൈകാലുകളറ്റ് ആസ്പത്രിയിലേക്ക് നിരന്തരം കൊണ്ടുവന്നിരുന്ന പിഞ്ചുകുഞ്ഞങ്ങളും സ്ത്രീകളും അടക്കമുള്ളവരുടെ വേദന കണ്ടപ്പോഴാണ്. ദിവസവും നിരവധി ശസ്ത്രക്രിയകള്‍ നടക്കും. ജീവന്‍ തിരികെ കിട്ടിയതിന്റെ വലിയ സന്തോഷവുമായാണ് അവര്‍ മടങ്ങുക.
ഞങ്ങള്‍ അവിടെ ഇറങ്ങുമ്പോള്‍ കണ്ട റഫയല്ല ഇപ്പോള്‍. തീര്‍ത്തും വിജനമാണ്. എല്ലാവരും പേടിച്ച് അഭയകേന്ദ്രങ്ങളില്‍ ജീവന് വേണ്ടി പ്രാര്‍ത്ഥിച്ച് കഴിയുകയാണ്. ഒരുമാസമായി അതിര്‍ത്തി അടച്ചിട്ടതിനാല്‍ അവിടേക്ക് മരുന്നും ഭക്ഷണവും എത്തിക്കാന്‍ കഴിയുന്നില്ല. അതിര്‍ത്തി എത്രയും പെട്ടെന്ന് തുറക്കുമെന്നും പലസ്തീന്‍ ജനതയെ സഹായിക്കാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ് റെഡ്ക്രസന്റ്. അഭയാര്‍ത്ഥി കേന്ദ്രങ്ങളിലും ഏതുനേരവും ബോംബുകള്‍ വര്‍ഷിക്കാം. എല്ലാം കണ്ട് ആരോഗ്യ പ്രവര്‍ത്തകരുടെ മനസ് മരവിച്ച് പോയിരുന്നു. അപ്പോഴും സേവനരംഗത്ത് നിന്ന് ഒരടിപോലും പിന്നോട്ട് പോയില്ല. യു.എ.ഇ ഗവണ്‍മെന്റ് ഞങ്ങള്‍ക്ക് തന്ന പിന്തുണയും ആവേശവും അത്രയ്ക്കായിരുന്നു. ഏത് നിമിഷവും ഞങ്ങള്‍ക്കും ജീവഹാനി സംഭവിക്കാം. എന്തും പ്രതീക്ഷിച്ചാണ് യുദ്ധഭൂമിയായ റഫയില്‍ ഞങ്ങള്‍ കഴിഞ്ഞത്...'
'പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു. കഴിഞ്ഞ മാസം 27ന് വൈകുന്നേരം. റഫയില്‍ 40 കുഞ്ഞുങ്ങള്‍ ഒന്നിച്ച് കൊല്ലപ്പെട്ട ദിവസം. റഫയില്‍ നിര്‍ത്താതെ ബോംബ് തുപ്പുന്നുണ്ട്. ആ ശബ്ദം കേള്‍ക്കുന്നത് തന്നെ മരണത്തിന്റെ മണിമുഴക്കമായാണ്. ബോംബുകള്‍ തീ തുപ്പുമ്പോള്‍ ഞങ്ങള്‍ കാതുകള്‍ അമര്‍ത്തിയടക്കും. അത് ചിന്നഭിന്നമാവുന്ന കുഞ്ഞുങ്ങളുടെ ഹൃദയം പിളര്‍ക്കുന്ന കരച്ചില്‍ കേള്‍ക്കാതിരിക്കാനാണ്. ആ വൈകിട്ട് ഞാന്‍ ഹോസ്പിറ്റലില്‍ നിന്ന് പുറത്തായിരുന്നു. തൊട്ടടുത്ത കെട്ടിടം ബോംബ് വീണ് തരിപ്പണമാവുന്നു. ബോംബിന്റെ ചീളുകളിലൊന്ന് എന്റെ വലതുകാലിന്റെ തുടയില്‍ തുളച്ചുകയറി. എല്ലിലേക്ക് തറച്ചില്ല. അത് ഭാഗ്യം. ആ ചീളുകള്‍ ഇപ്പോഴും കാല്‍തുടയിലുണ്ട്. നടക്കാന്‍ പ്രയാസമുണ്ട്. വേദനയുമുണ്ട്. തുടയിലെ ചീള് അബൂദാബിയില്‍ ചെന്ന് ശസ്ത്രക്രിയയിലൂടെ നീക്കണം. അബൂദാബിയിലേക്ക് താല്‍ക്കാലികമായി മടങ്ങുകയാണെങ്കിലും റഫയില്‍ നിന്ന് തിരികെ പോവാന്‍ മനസ് അനുവദിക്കുന്നില്ല. യുദ്ധഭൂമിയാണെങ്കിലും ഈ ജനതയെ അത്രയേറെ സ്‌നേഹിച്ചുപോയിരുന്നു. ചികിത്സ പൂര്‍ത്തിയാക്കിയ ഉടനെ റഫയിലേക്ക് മടങ്ങണം. ഈ മണ്ണിനെ വിട്ടുപോവാന്‍, പിഞ്ചുകുഞ്ഞുങ്ങളുടെ രോദനം കേട്ടില്ലെന്ന് നടിക്കാന്‍ ഞങ്ങള്‍ക്കാവില്ല...' -ബഷീര്‍ ചെടേക്കാലിന്റെ വാക്കുകളില്‍ കണ്ണീരും ഭീതിയുമുണ്ടായിരുന്നു.
'എന്നെ കുറിച്ചല്ല നിങ്ങള്‍ എഴുതേണ്ടത്. യു.എ.ഇ ഗവണ്‍മെന്റിന്റെ വലിയ കാരുണ്യത്തെ കുറിച്ചാണ് ലോകത്തെ അറിയിക്കേണ്ടത്. ഗവണ്‍മെന്റ് അയച്ച അനേകം വളണ്ടിയര്‍മാരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. റെഡ്ക്രസന്റ് വഴി യു.എ.ഇ ഗവണ്‍മെന്റ് പലസ്തീനില്‍ നടപ്പിലാക്കിയ എണ്ണമറ്റ കാരുണ്യ പ്രവര്‍ത്തനം അത്ഭുതാവഹമാണ്. റഫയില്‍ ഒരു കപ്പല്‍ തന്നെ ആസ്പത്രിയായി സജ്ജീകരിച്ചിട്ടുണ്ട്. യു.എ.ഇ ഭരണാധികാരിയുടെ കാരുണ്യം ഈ യുദ്ധഭൂമിക്ക് പകര്‍ന്ന ആശ്വാസം വാക്കുകളില്‍ ഒതുങ്ങാത്തതാണ്...'.
അബൂദാബിയില്‍ ആരോഗ്യമേഖലിയില്‍ പ്രവര്‍ത്തിക്കുന്ന ബഷീര്‍, ചെടേക്കാലിലെ മമ്മിഞ്ഞി ഹാജിയുടെയും പരേതയായ ഖദീജയുടെയും മകനാണ്. ഭാര്യ ചെര്‍ക്കള സ്വദേശിനി ഫരീദ. മൂന്ന് മക്കളുണ്ട്; ഹുദൈഫ്, ഹായാ ഫാത്തിമ, ഹിസ ഖദീജ.
ടി.എ ഷാഫി