മൊഗ്രാല്‍പുത്തൂരില്‍ മാലിന്യങ്ങള്‍ സൂക്ഷിക്കുന്നത് ജനവാസ കേന്ദ്രത്തില്‍; പ്രതിഷേധം ശക്തം

മൊഗ്രാല്‍പുത്തൂര്‍: പഞ്ചായത്തില്‍ വിവിധ വാര്‍ഡുകളില്‍ നിന്നും ഹരിത കര്‍മ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ ജനവാസ കേന്ദ്രമായ അറഫാത്ത് നഗറിലെ കുടുംബശ്രീ കെട്ടിടത്തില്‍ മാസങ്ങളോളം സൂക്ഷിച്ചു വെക്കുന്നത് വലിയ പാരിസ്ഥിതിക ദുരന്തത്തിന് കാരണമായി മാറുമെന്ന് പ്രദേശവാസികളുടെ പരാതി. തുടക്കത്തില്‍ വൃത്തിയാക്കിയ പ്ലാസ്റ്റിക്ക് കവറുകളായിരുന്നു ഇവിടെ ശേഖരിച്ചു വെച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവിടം മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു. മദ്യക്കുപ്പികളും പഴയ ചെരുപ്പുകളും ട്യൂബ്‌ലൈറ്റുകളുമടക്കമുള്ള എല്ലാതരം മാലിന്യങ്ങളും ഈ കെട്ടിടത്തില്‍ ശേഖരിച്ചു വെച്ചിരിക്കുകയാണ്. മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയതുകാരണം പാമ്പുകളടക്കമുള്ള ഇഴജന്തുക്കള്‍ നിറയാന്‍ സാധ്യതയേറെയാണ്. എലിശല്യവും […]

മൊഗ്രാല്‍പുത്തൂര്‍: പഞ്ചായത്തില്‍ വിവിധ വാര്‍ഡുകളില്‍ നിന്നും ഹരിത കര്‍മ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ ജനവാസ കേന്ദ്രമായ അറഫാത്ത് നഗറിലെ കുടുംബശ്രീ കെട്ടിടത്തില്‍ മാസങ്ങളോളം സൂക്ഷിച്ചു വെക്കുന്നത് വലിയ പാരിസ്ഥിതിക ദുരന്തത്തിന് കാരണമായി മാറുമെന്ന് പ്രദേശവാസികളുടെ പരാതി. തുടക്കത്തില്‍ വൃത്തിയാക്കിയ പ്ലാസ്റ്റിക്ക് കവറുകളായിരുന്നു ഇവിടെ ശേഖരിച്ചു വെച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവിടം മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു. മദ്യക്കുപ്പികളും പഴയ ചെരുപ്പുകളും ട്യൂബ്‌ലൈറ്റുകളുമടക്കമുള്ള എല്ലാതരം മാലിന്യങ്ങളും ഈ കെട്ടിടത്തില്‍ ശേഖരിച്ചു വെച്ചിരിക്കുകയാണ്. മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയതുകാരണം പാമ്പുകളടക്കമുള്ള ഇഴജന്തുക്കള്‍ നിറയാന്‍ സാധ്യതയേറെയാണ്. എലിശല്യവും രൂക്ഷമായിട്ടുണ്ട്. വ്യാപകമായ ദുര്‍ഗ്ഗന്ധവും വമിക്കുന്നു. മാലിന്യം സൂക്ഷിച്ച കെട്ടിടത്തിന് തൊട്ടടുത്താണ് അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്. നിരവധി കുട്ടികളെത്തുന്ന അംഗനവാടിയാണിത്. മൃഗാസ്പത്രി, ഹോമിയോ ആസ്പത്രി എന്നിവയും പ്രവര്‍ത്തിക്കുന്നത് ഇതേ കോമ്പൗണ്ടിലാണ്. നിത്യേന നിരവധി പേര് എത്തുന്ന, ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്ത് മാലിന്യങ്ങള്‍ ശേഖരിക്കുന്നത് തീര്‍ത്തും ജനദ്രോഹപരമാണ്. പ്രദേശത്ത് കൊതുക് വളര്‍ച്ചക്കും ദുര്‍ഗന്ധ വമിക്കാനും ഇത് കാരണമാവുന്നു. ഇത് കാരണം അംഗന്‍വാടി കുട്ടികള്‍ ഭീതിയിലാണ്. മാലിന്യ ശേഖരം ഇവിടെനിന്ന് മാറ്റണമെന്ന് വാര്‍ഡ് മെമ്പര്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന നവകേരള സദസ്സിലടക്കം ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും പരിഹാരമായില്ല. പ്രശ്‌നത്തിന് നടപടി ഉണ്ടാവാത്തതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി, ഫ്രണ്ട്‌സ് അറഫാത്ത് നഗര്‍, ആസ്‌ക് പുത്തൂര്‍ തുടങ്ങിയ സംഘടനകള്‍ ഇത് സംബന്ധിച്ച് നിരന്തരം പരാതി ഉന്നയിക്കുന്നുണ്ട്.
അടിയന്തരമായും കുടുംബശ്രീ കെട്ടിടത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്ത് ഇവിടെ കുടുംബശ്രീയുടെ കീഴില്‍ വനിതകള്‍ക്കുള്ള തൊഴില്‍ പരിശീലനത്തിനും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അവസരം ഒരുക്കണമെന്ന് വാര്‍ഡ് മെമ്പര്‍ നൗഫല്‍ പുത്തൂര്‍ ആവശ്യപ്പെട്ടു.
പഞ്ചായത്ത് ഭരണസമിതി ഇത് മാറ്റുന്നതിന് ഭൂമി കണ്ടെത്താന്‍ ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. മാലിന്യ സംഭരണത്തിന് ആവശ്യമായ സംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Related Articles
Next Story
Share it