കുന്ന് കൂടുന്ന മാലിന്യവും പടര്‍ന്ന് പിടിക്കുന്ന രോഗാണുവും

ഇന്ന് സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി ഏതെന്ന് ചോദിച്ചാല്‍ ഒരു പക്ഷെ പട്ടിണി, ദാരിദ്ര്യം എന്നൊക്ക പറയാമെങ്കിലും അതിനേക്കാള്‍ ഭീകരമായി നേരിടുന്ന വെല്ലുവിളിയാണ് കുന്നു കൂടുന്ന മാലിന്യങ്ങളെന്ന് പറയാതിരിക്കാന്‍ വയ്യ. ഗ്രാമങ്ങളില്‍ താമസിക്കുന്നവരും നഗരങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേകിച്ചും ഈ മാലിന്യങ്ങളുടെ ദുഷ്ഫലം നിരന്തരം അനുഭവിക്കേണ്ടി വരുന്നവരാണ്. ഹോട്ടലുകളില്‍ നിന്നും ഇറച്ചി കടകളില്‍ നിന്നും ഫാക്ടറികളില്‍ നിന്നും വീടുകളില്‍ നിന്നുമൊക്കെയുള്ള വേസ്റ്റുകള്‍ ഒരു മടിയും കൂടാതെ ഇരുട്ടിന്റെ മറവിലും അല്ലാതെയും പൊതു വഴിയരികിലും പുഴയോരത്തും തള്ളപ്പെടുമ്പോള്‍ അത് കാരണം […]

ഇന്ന് സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി ഏതെന്ന് ചോദിച്ചാല്‍ ഒരു പക്ഷെ പട്ടിണി, ദാരിദ്ര്യം എന്നൊക്ക പറയാമെങ്കിലും അതിനേക്കാള്‍ ഭീകരമായി നേരിടുന്ന വെല്ലുവിളിയാണ് കുന്നു കൂടുന്ന മാലിന്യങ്ങളെന്ന് പറയാതിരിക്കാന്‍ വയ്യ. ഗ്രാമങ്ങളില്‍ താമസിക്കുന്നവരും നഗരങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേകിച്ചും ഈ മാലിന്യങ്ങളുടെ ദുഷ്ഫലം നിരന്തരം അനുഭവിക്കേണ്ടി വരുന്നവരാണ്.
ഹോട്ടലുകളില്‍ നിന്നും ഇറച്ചി കടകളില്‍ നിന്നും ഫാക്ടറികളില്‍ നിന്നും വീടുകളില്‍ നിന്നുമൊക്കെയുള്ള വേസ്റ്റുകള്‍ ഒരു മടിയും കൂടാതെ ഇരുട്ടിന്റെ മറവിലും അല്ലാതെയും പൊതു വഴിയരികിലും പുഴയോരത്തും തള്ളപ്പെടുമ്പോള്‍ അത് കാരണം ഈ സമൂഹം അനുഭവിക്കുന്ന അല്ലെങ്കില്‍ അനുഭവിക്കാന്‍ പോവുന്ന വിപത്തുകള്‍ എത്ര മാത്രം വലുതാണെന്ന് പലപ്പോഴും നാം ചിന്തിക്കാറില്ല.
വീട്ടില്‍ ഒരു കല്യാണമോ സല്‍കാരമോ നടന്നാല്‍ ഉണ്ടാവുന്ന മാലിന്യം മുതല്‍ സ്ഥിരമായി കുന്ന്കൂട്ടുന്ന മാലിന്യങ്ങള്‍ വരെ ഈ പ്രകൃതിക്ക് നല്‍കുന്ന ദോഷങ്ങള്‍ വളരെ വലുതാണെന്ന് നാം പലപ്പോഴും ശ്രദ്ധിക്കാതെ പോവുകയാണ്. ദൈനം ദിനം പുതിയ പേരുകളാല്‍ വര്‍ധിച്ചു വരുന്ന വൈറസുകളും രോഗങ്ങളും ഒരു പരിധിവരെ നമ്മള്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ നമുക്ക് തിരിച്ചു തരുന്നതാണെന്ന് അറിയാഞ്ഞിട്ടോ മനസ്സിലാവാഞ്ഞിട്ടോ അല്ല, എങ്കിലും നമ്മള്‍ ഈ സമൂഹത്തോട് നിഷ്‌കരുണം അത് ചെയ്യുന്നു എന്നതാണ് യാഥാര്‍ഥ്യം.
കെട്ടികിടക്കുന്ന മലിനജലവും കൂമ്പാരമായികിടക്കുന്ന മാലിന്യവും കൊതുകുകള്‍ മുട്ടയിട്ട് പെരുകാനും അതുവഴി മലേറിയ പോലുള്ള രോഗങ്ങള്‍ മുതല്‍ വലിയ വലിയ രോഗങ്ങള്‍ വരെ പടര്‍ന്ന് പിടിക്കാനുമുള്ള സാധ്യതകള്‍ ഏറെയാണ്.
മാലിന്യങ്ങളുടെ കൂട്ടത്തിലെ ഏറ്റവും വലിയ വില്ലന്‍ പ്ലാസ്റ്റിക്കാണ് പ്ലാസ്റ്റിക്കിന്റെ കടന്ന് കയറ്റം ഈ ലോകത്ത് വിതച്ച നാശം ചെറുതൊന്നുമല്ല. എത്ര ഉപകാരം നല്‍കിയോ അതിന്റെ പതിന്മടങ്ങ് ഉപദ്രവവും നല്‍കാന്‍ കഴിവുള്ള ഒന്നാണ് പ്ലാസ്റ്റിക്. കാലങ്ങള്‍ കഴിഞ്ഞാലും ഈ മണ്ണില്‍ നിന്നും ലയിച്ചു പോവാതെ പ്രകൃതിയെ പ്രതികൂലമായി ബാധിക്കുംവിധം ഇവിടെ ബാക്കിയാവുന്ന ഒന്നാണ് ഇവകള്‍. കടകളില്‍ സാധനങ്ങള്‍ ഇട്ട് തരുന്ന പോളിത്തീന്‍ ബാഗ് മുതല്‍ വെള്ളം കുടിച്ചുകളയുന്ന കുപ്പികള്‍വരെ നമ്മള്‍ നിസ്സാരമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ നമ്മളും നമ്മുടെ തലമുറയും ഇവിടുന്ന് പോയാലും ഇവകള്‍ പോവില്ല എന്നത് നമ്മള്‍ പലപ്പോഴും മറന്ന് പോവുകയാണ്.
പ്രകൃതി ദിനത്തില്‍ തൈകള്‍ നട്ടും പ്രകൃതിയെ കുറിച്ച് വാതോരാതെ സംസാരിച്ചും വാചാലരാവുന്ന നമ്മള്‍ പ്രകൃതിയുടെ ഏറ്റവും വലിയ വിനാശകാരികളായ മാലിന്യങ്ങള്‍ക്ക് തടയിടാന്‍ വേണ്ടതുപോലെ ശ്രദ്ധിക്കുന്നില്ല എന്നതും വേറൊരു യാഥാര്‍ഥ്യമാണ്.
ഇന്ന് അലസമായി നമ്മള്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ നാളെ നമുക്ക് തന്നെ അതൊരു വില്ലനായി വരുമെന്നതില്‍ സംശയം വേണ്ട.
അത്‌കൊണ്ട് തന്നെ ഈ കുന്നുകൂട്ടുന്ന മാലിന്യത്തിന് തടയിടാന്‍ നമ്മളോരുത്തരും ബാധ്യസ്ഥരാണെന്നുള്ള ബോധം മനസ്സിലാക്കി സ്വയം നിയന്ത്രിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളു. അതില്‍ തന്നെ ഒരു പ്രധാന ഘടകം മുകളില്‍ പറഞ്ഞത് പോലെ പ്ലാസ്റ്റികളുടെ ഉപയോഗം കുറക്കുക എന്നതാണ്.
എന്നിട്ട് നമ്മുടെ വീട്ടിലും സ്ഥാപനത്തിലും ഉണ്ടാവുന്ന വേസ്റ്റുകളെ പൊതുവഴിയിലോ മറ്റോ വലിച്ചെറിയാതെ, നമ്മുടെ വീട്ടുവളപ്പില്‍ തന്നെ ഒരു കമ്പോസ്റ്റ് കുഴി എടുത്ത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാവാത്ത രീതിയില്‍ അതിലിട്ട് നിര്‍വീര്യമാക്കുകയോ ബയോഗ്യാസ് പോലെയുള്ളവ നിര്‍മ്മിച്ച് ഉപയോഗിക്കുകയോ ചെയ്യാന്‍ ശ്രമിക്കുക. ഗവണ്മെന്റ് തലത്തില്‍ മാലിന്യ നിര്‍മ്മാര്‍ജനത്തിന് ഒരുപാട് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും ഇന്നും നമ്മുടെ നാടുകളില്‍ ഒരു രണ്ട് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മനസ്സിലാക്കാന്‍ സാധിക്കും നമ്മുടെ നാട് എത്രത്തോളം അതിനോട് നീതി പുലര്‍ത്തുന്നുണ്ട് എന്ന്. അത്‌കൊണ്ട് തന്നെ പഞ്ചായത്ത് അടിസ്ഥാനത്തിലും വാര്‍ഡ് അടിസ്ഥാനത്തിലും ഇനിയും ഒരല്‍പം കൂടി ശ്രദ്ധ കേന്ദ്രീകരിച്ചു ബോധവത്കരണം നടത്തി എന്റെ നാട് മാലിന്യമുക്തമാക്കാന്‍ ഞാന്‍ പൂര്‍ണ്ണമായും സഹകരിക്കുമെന്ന് ഉറപ്പ് വരുത്തിയാല്‍ നമുക്കും നമ്മുടെ നാടിനെ വൃത്തിയായി സൂക്ഷിക്കാന്‍ സാധിക്കും. അല്ലെങ്കില്‍ ഇനിയും ഈ മാലിന്യങ്ങളെ ശ്വസിച്ചും പേറിയും നടന്നാല്‍ ഇതിന്റെ അനന്തര ഫലം നമുക്ക് മാത്രമല്ല, നാളെ വളര്‍ന്ന് വരുന്ന ഒരു സമൂഹത്തിന് തന്നെ അത് ദോഷം ചെയ്യും എന്ന് കൂടി മനസ്സിലാക്കുക.

-അച്ചു പച്ചമ്പള

Related Articles
Next Story
Share it