മംഗളൂരു: ഉള്ളാളില്‍ യുവാവിനെ അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഉള്ളാള്‍ ദര്‍ഗയ്ക്ക് സമീപം താമസിക്കുന്ന കബീര്‍ (26) ആണ് അക്രമത്തിനിരയായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സഹോദരനെ കോട്ടേപ്പൂരിന് സമീപം ബൈക്കില്‍ നിന്ന് ഇറക്കിയ ശേഷം ഉള്ളാള്‍ ദര്‍ഗയ്ക്ക് സമീപത്തെ വീട്ടിലേക്ക് പോകുകയായിരുന്നു കബീര്‍. അബ്ബാക്ക സര്‍ക്കിളിന് സമീപം എത്തിയപ്പോള്‍ ഒരു കാര്‍ പാഞ്ഞുവന്ന് ബൈക്കില്‍ ഇടിച്ചു. നിലത്തുവീണ കബീറിനെ പിടികൂടാന്‍ സംഘം ശ്രമിച്ചുവെങ്കിലും യുവാവ് എഴുന്നേറ്റു ഓടാന്‍ തുടങ്ങി. ഇതോടെ സംഘം കബീറിന്റെ കാലില്‍ ഇരുമ്പ് ദണ്ഡ് വലിച്ചെറിയുകയും വാളിന്റെ പിന്‍ഭാഗം കൊണ്ട് തലയില്‍ ഇടിക്കുകയും ബലമായി കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോകുകയും ചെയ്തു. കാറിലുണ്ടായിരുന്ന അഞ്ചംഗ സംഘത്തിലെ രണ്ടുപേര്‍ കബീറിന്റെ കഴുത്തില്‍ കഠാര പിടിച്ചിരുന്നു. ചാര്‍മാടി ഹില്‍സില്‍ എത്തിയപ്പോള്‍ കാര്‍ നിര്‍ത്തിയ സംഘം കഠാര ഉപയോഗിച്ച് കബീറിന്റെ കഴുത്തില്‍ കുത്താന്‍ ശ്രമിച്ചു. എന്നാല്‍ കബീര്‍ കാറില്‍ നിന്ന് ഇറങ്ങി രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിനിടെ കുഴിയില്‍ വീണ് പരിക്കേറ്റു. വഴിയരികിലെ ഒരു കാടിനുള്ളിലേക്ക് ഓടിക്കയറിയ കബീര്‍ ഒരു വീട്ടില്‍ അഭയം തേടി. വീട്ടുകാര്‍ ടീ ഷര്‍ട്ടും ചെരിപ്പും നല്കി ഓട്ടോറിക്ഷ വിളിച്ച് ഡ്രൈവറോട് മംഗളൂരുവില്‍ ഇറക്കാന്‍ ആവശ്യപ്പെട്ടു. കബീര്‍ പിന്നീട് ഉള്ളാള്‍ പൊലീസില്‍ പരാതി നല്കി. ശരീരത്തില്‍ ഗുരുതരമായി മുറിവേറ്റതിനാല്‍ കബീര്‍ തൊക്കോട്ടെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോപ്പ എന്ന സദകത്തുള്ള, ഉഗ്രാനി മുന്ന, ഇറാഷാദി എന്ന ഇമ്മി, താഹിബ്, അസ്ഹര്‍, കബീര്‍ എന്ന ഇബി എന്നിവര്‍ക്കെതിരെ കേസെടുത്തു. കബീറിനെ കൊലപ്പെടുത്താനും മൃതദേഹം ചാര്‍മാടി കുന്നിലേക്ക് വലിച്ചെറിയാനും പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
കോട്ടേപൂര് ഫിഷ് ഓയില്‍ മില്ലില്‍ നിന്ന് കറുത്ത പുക പുറന്തള്ളുന്നത് കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി കോട്ടേപൂര് നിവാസികള്‍ ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കിയിരുന്നു. അതിനാല്‍ മില്ലിന്റെ പ്രവര്‍ത്തനം സ്റ്റേ ചെയ്തു. പരാതി നല്കാന് മുന്‍കൈയെടുത്തത് കബീര്‍ ആണെന്നാരോപിച്ചാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം നടത്തിയത്. ഉള്ളാള്‍ പോലീസ് ഇന്‍സ്പെക്ടര്‍ സന്ദീപിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.