കാഞ്ഞങ്ങാട്: ജഡ്ജി ചമഞ്ഞ് പൊലീസിനെ കബളിപ്പിച്ച തിരുവനന്തപുരം സ്വദേശിയുടെ തട്ടിപ്പുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി എസ്. ഷംനാദാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പ് നടത്തിയത്. പത്തനംതിട്ട ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പൊലീസിനെ മണിക്കൂറുകളോളം വട്ടംകറക്കിയ കേസില്‍ ഷംനാദ് റിമാണ്ടിലാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് പത്തനംതിട്ട ജഡ്ജിയാണെന്നും വാഹനം കേടായെന്നും പറഞ്ഞ് നീലേശ്വരം പോലീസ് സ്റ്റേഷനിലേക്ക് ഷംനാദ് ഫോണ്‍ ചെയ്തത്. നീലേശ്വരം പൊലീസ് വിവരം ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയും തുടര്‍ന്ന് പോലീസെത്തി ഇയാളെ ഹോട്ടലില്‍ എത്തിക്കുകയും ചെയ്തിരുന്നു. ഭീഷണിയുള്ള ജഡ്ജി ആണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഹോട്ടലില്‍ പൊലീസ് സുരക്ഷയും ഏര്‍പ്പാടാക്കി. പിറ്റേദിവസം പുലര്‍ച്ചെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. ഐ.ഡി കാര്‍ഡ് പൊലീസ് ആവശ്യപ്പെട്ടതോടെ ഷംനാദ് നല്കാതിരുന്നതിനാല് പൊലീസിന് സംശയം തോന്നുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കബളിപ്പിച്ചതാണെന്ന് വ്യക്തമായതോടെ ഷംനാദിനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഷംനാദ് മുമ്പ് പാങ്ങോട് പൊലീസ് സ്റ്റേഷന് എസ്.ഐയുടെ വേഷത്തില്‍ വിജനമായ സ്ഥലത്ത് വാഹനം തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുകയും പിഴയടപ്പിക്കുകയും ചെയ്തതിന് കേസ് നിലവിലുണ്ട്. പഞ്ചായത്തില്‍ നിന്ന് വീടിന് ധനസഹായം ലഭിച്ചവരെയും ഷംനാദ് കബളിപ്പിച്ചിട്ടുണ്ട്. വില്ലേജ് ഓഫീസര്‍ ചമഞ്ഞായിരുന്നു തട്ടിപ്പ്. ബാക്കി തുകകള്‍ ഉടന്‍ തന്നെ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 500, 1000 രൂപയുടെ പിരിവും ഷംനാദ് നടത്തിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. തന്റെ അക്കൗണ്ടില്‍ ആറ് കോടി രൂപയുണ്ടെന്നും നികുതിയുടെ പേരില്‍ ഇ.ഡി ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്നും പറഞ്ഞ് നിരവധി പേരെ വ്യാജരേഖകള്‍ കാണിച്ച് കബളിപ്പിച്ചിട്ടുണ്ട്. നികുതി അടക്കാനുള്ള പണം നല്കിയാല് ഇരട്ടിതുക തിരിച്ചുനല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഈ രീതിയില്‍ കോടിക്കണക്കിന് രൂപയാണ് ഷംനാദ് കൈക്കലാക്കിയത്. രേഖകളില്ലാതെ നല്കിയ പണമായതിനാല്‍ തട്ടിപ്പിന് ഇരകളായവര്‍ക്ക് പരാതി നല്കാന് സാധിച്ചിരുന്നില്ല. പൊലീസിലെ ചില ഉന്നത ഉദ്യോഗസ്ഥരുമായും പ്രമുഖ രാഷ്ട്രീയ നേതാക്കളുമായും ഷംനാദിന് ബന്ധമുണ്ടായിരുന്നുവെന്നും തട്ടിപ്പിനായി ഇത്തരം ബന്ധങ്ങള്‍ ദുരുപയോഗം ചെയ്തിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്.
തട്ടിപ്പിലൂടെ ലഭിച്ചിരുന്ന പണം ആഡംബര ജീവിതത്തിനായിരുന്നു ഇയാള്‍ ഉപയോഗിച്ചിരുന്നത്. ഷംനാദിന് ഹോട്ടലില്‍ മുറിയെടുത്ത് കൊടുത്ത ചെറുവത്തൂര്‍ കൈതക്കാട് സ്വദേശിക്കെതിരെയും പൊലീസ് അന്വേഷണം നടത്തിവരികയാണ്.