കാസര്‍കോട്: രാഷ്ട്രീയ നേതാവും ജനപ്രതിനിധിയുമെന്ന നിലയില്‍ കാസര്‍കോട് നഗരത്തിന്റെ വികസനത്തിന് വേണ്ടി നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ സാഹിത്യ, സാംസ്കാരിക മേഖലകളുടെ വളര്‍ച്ചയ്ക്ക് വേണ്ടി ടി.ഇ അബ്ദുല്ല നടത്തിയ നിസ്തുലമായ സേവനങ്ങളെ അനുസ്മരിച്ച് കാസര്‍കോട് സാഹിത്യവേദിയും കവി ടി. ഉബൈദ് സാഹിത്യകലാ പഠന കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ്.
ഇന്നലെ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അനുസ്മരണ പരിപാടി ടി.ഇ അബ്ദുല്ല നടത്തിയ നിസ്തുലമായ സേവനങ്ങളെ ഓര്‍ത്തെടുക്കുന്നതായി. ഷേക്സ്പിയര് നാടകങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ടി.ഇ അബ്ദുല്ലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനിന്ന ‘നാടക ഭാരതി-2001’ കാസര്‍കോടിന്റെ സാംസ്കാരിക ചരിത്രത്തിലെ തിളങ്ങുന്ന ഏടാണെന്ന് പ്രാസംഗികര്‍ അനുസ്മരിച്ചു. ഇതുപോലെ സാംസ്കാരിക മേഖലയെ ഉണര്‍ത്തുന്ന വിവിധ സെമിനാറുകള്‍ സംഘടിപ്പിക്കുകയും പ്രശസ്തരായ സാഹിത്യ നായകന്മാരെ കാസര്‍കോട്ട് കൊണ്ടുവരികയും ചെയ്ത് ടി.ഇ അബ്ദുല്ല, പതിവ് ജനപ്രതിനിധികളില്‍ നിന്ന് വ്യത്യസ്തമായ വഴിയിലാണ് സഞ്ചരിച്ചതെന്നും പുസ്തക പ്രിയനായ അദ്ദേഹത്തിന്റെ പക്കല്‍ എപ്പോഴും ശ്രദ്ധേയമായ പുസ്തകങ്ങള്‍ ഉണ്ടായിരുന്നുവെന്നും നിരന്തര വായനയുടെ പെരുമ അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം പ്രകടമായിരുന്നുവെന്നും പ്രാസംഗികര്‍ അനുസ്മരിച്ചു. ടി.ഇ അബ്ദുല്ലയുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും യാഥാര്‍ത്ഥ്യമാക്കാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ ശ്രമങ്ങളുണ്ടാവണമെന്നും ടി.ഇ കാസര്‍കോടിന് സമ്മാനിച്ച ഏറ്റവും മനോഹരമായ സാന്ധ്യാരാഗം ഓഡിറ്റോറിയം അടക്കമുള്ള വേദികള്‍ സാഹിത്യ, സാംസ്കാരിക പരിപാടികളിലൂടെ സജീവമാക്കാനുള്ള ശ്രമങ്ങളുണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഉബൈദ് പഠന കേന്ദ്രം പ്രസിഡണ്ട് യഹ്യ തളങ്കര അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് സംസാരിച്ച റഹ്മാന് തായലങ്ങാടിയുടെ വാക്കുകള്‍ സദസിന്റെ ഉള്ള് തൊടുന്നതായി. ഡോ. ഖാദര്‍ മാങ്ങാട്, നഗരസഭാ ചെയര്മാന് വി.എം മുനീര്‍, ജി.ബി വല്സന്, വി. രവീന്ദ്രന്, എ. അബ്ദുല്റഹ്മാന്, നാരായണന് പേരിയ, പി.എസ് ഹമീദ്, ടി.വി ഗംഗാധരന്, സാഹിത്യവേദി പ്രസിഡണ്ട് പത്മനാഭന് ബ്ലാത്തൂര്‍, ട്രഷറര്‍ മുജീബ് അഹ്മദ്, വി.വി പ്രഭാകരന്, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അബ്ബാസ് ബീഗം എന്നിവരും ടി.ഇയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അയവിറക്കി. കാസര്‍കോട് സാഹിത്യവേദി സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും ഉബൈദ് പഠന കേന്ദ്രം സെക്രട്ടറി ടി.എ ഷാഫി നന്ദിയും പറഞ്ഞു.