ഇന്ധനക്കൊള്ള തുടരുമ്പോള്‍

രാജ്യത്തെ പെട്രോള്‍ വില 100 രൂപ കടന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ മെയ് നാല് മുതല്‍ ഇതുവരെ ഒരു മാസത്തിനുള്ളില്‍ 17 തവണയാണ് ഇന്ധനവില കൂട്ടിയത്. പെട്രോള്‍, ഡീസല്‍ വില റിക്കാര്‍ഡ് ഉയരത്തിലെത്തിയിട്ടും കേന്ദ്രത്തിന് ഒരു കുലുക്കവുമില്ല. മുംബൈയില്‍ പെട്രോള്‍ വില 100 കഴിഞ്ഞപ്പോള്‍ കേരളത്തില്‍ മിക്കയിടത്തും 95 രൂപയ്ക്ക് മുകളിലെത്തിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കാരണം ഇടക്കാലത്ത് നിര്‍ത്തിവെച്ച ഇന്ധനവില വര്‍ധന തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് വീണ്ടും നടപ്പാക്കിത്തുടങ്ങിയത്. ഓരോ ദിവസവും 25 പൈസമുതല്‍ 35 പൈസ വരെയായിരുന്നു വര്‍ധന. […]

രാജ്യത്തെ പെട്രോള്‍ വില 100 രൂപ കടന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ മെയ് നാല് മുതല്‍ ഇതുവരെ ഒരു മാസത്തിനുള്ളില്‍ 17 തവണയാണ് ഇന്ധനവില കൂട്ടിയത്. പെട്രോള്‍, ഡീസല്‍ വില റിക്കാര്‍ഡ് ഉയരത്തിലെത്തിയിട്ടും കേന്ദ്രത്തിന് ഒരു കുലുക്കവുമില്ല. മുംബൈയില്‍ പെട്രോള്‍ വില 100 കഴിഞ്ഞപ്പോള്‍ കേരളത്തില്‍ മിക്കയിടത്തും 95 രൂപയ്ക്ക് മുകളിലെത്തിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കാരണം ഇടക്കാലത്ത് നിര്‍ത്തിവെച്ച ഇന്ധനവില വര്‍ധന തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് വീണ്ടും നടപ്പാക്കിത്തുടങ്ങിയത്. ഓരോ ദിവസവും 25 പൈസമുതല്‍ 35 പൈസ വരെയായിരുന്നു വര്‍ധന. അസംസ്‌കൃത എണ്ണയുടെ വില വര്‍ധന ചൂണ്ടിക്കാട്ടിയാണ് തുടര്‍ച്ചയായി വില വര്‍ധിപ്പിക്കുന്നത്. എന്നാല്‍ ഇത് പൊള്ളയായ ഒരു കാരണം മാത്രമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി വന്‍ തോതില്‍ വര്‍ധിച്ചതാണ് വില റിക്കാര്‍ഡ് ഉയരത്തിലെത്താന്‍ കാരണം. പെട്രോളിന് അടിസ്ഥാന വില 47 രൂപ മാത്രമാണ്. ബാക്കിയെല്ലാം കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും നികുതിയാണ്. 2020 മാര്‍ച്ച് -മെയ് കാലയളവില്‍ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വന്‍ തോതില്‍ കുറഞ്ഞപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് നല്‍കാതെ തീരുവ വര്‍ധിപ്പിക്കുകയായിരുന്നു.
അന്ന് പെട്രോളിന് ലിറ്ററിന് 13 രൂപയും ഡീസലിന് 16 രൂപയും തീരുവ വര്‍ധിപ്പിച്ചു. തീരുവയിനത്തില്‍ മാത്രം കേന്ദ്രസര്‍ക്കാരിന്റെ അധിക വരുമാനം 2020-21 വര്‍ഷത്തില്‍ 1.71 ലക്ഷം കോടിയായിരുന്നു. ഇന്ധന വില കുത്തനെ ഉയര്‍ന്നതോടെ അവശ്യ വസ്തുക്കള്‍, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും വലിയ വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ധനവില വര്‍ധനവിന്റെ ദുരിതം ഏറ്റവുമധികം ബാധിക്കുന്നത് കേരളത്തിലെ ജനങ്ങളെയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിനുവേണ്ട ഭക്ഷ്യ സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളുമൊക്കെ എത്തുന്നത്. അതിനിടെ എത്തിക്കാനുള്ള ചെലവ് വര്‍ധിക്കുമ്പോള്‍ സാധനങ്ങളുടെ വിലയിലും വലിയ വര്‍ധിനവുണ്ടാകുന്നു. രണ്ട് വര്‍ഷത്തിനിടെ ഇത്തരത്തിലൊരു വില വര്‍ധനവുണ്ടാകുന്നത് ആദ്യമാണ്. ഒരു ലിറ്റര്‍ പെട്രോളിന് ഈടാക്കുന്ന 95 രൂപയില്‍ മുക്കാല്‍ പങ്കും കേന്ദ്ര-സംസ്ഥാന നികുതിയായി ലഭിക്കുമ്പോള്‍ സംസ്ഥാനങ്ങളും ഇതിനെതിരെ ശബ്ദിക്കുന്നില്ല. ഇതിന് പുറമെയാണ് സെസ് ഇനത്തിനും ജനങ്ങളെ പിഴിയുന്നത്. പാചക വാതകത്തിന്റെ വിലയും തഥൈവ തന്നെ. 600 രൂപയുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിന് ഇപ്പോള്‍ 850 രൂപയോളം കൊടുക്കണം, നേരത്തെ സബ്‌സിഡിയും അനുവദിച്ചിരുന്നു. ഒരറിയിപ്പ് പോലും ഇല്ലാതെയാണ് സബ്‌സിഡി നിര്‍ത്തലാക്കിയത്. കോവിഡ് മഹാമാരി രാജ്യത്തെ സാമ്പത്തിക മേഖലയില്‍ സൃഷ്ടിച്ച മാന്ദ്യവും വന്‍തോതിലുള്ള തൊഴിലില്ലായ്മയും ജനങ്ങളില്‍ വലിയൊരു വിഭാഗത്തെ തീരാദുഃഖത്തിലാഴ്ത്തി. എല്ലാം കൊണ്ടും ജനങ്ങള്‍ ഏറെ പ്രയാസപ്പെടുമ്പോഴാണ് യാതൊരു വീണ്ടുവിചാരവുമില്ലാതെ ഇന്ധന വില തുടര്‍ച്ചയായി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. കോവിഡില്‍ തകര്‍ന്നുതരിപ്പണമായ ഗതാഗത മേഖല ഇന്ധനവില വര്‍ധനകൂടിയായപ്പോള്‍ പിടിച്ചുനില്‍ക്കാനാവാത്ത സ്ഥിതിയിലായിരിക്കയാണ്. ഓട്ടോയും ടാക്‌സിയും ഓടിച്ച് ജീവിതം തള്ളിനീക്കുന്ന പതിനായിരങ്ങള്‍ രാജ്യത്തുണ്ട്. കോവിഡ് മൂലം ലോക്ഡൗണ്‍ കൂടി വന്നതോടെ ഇവരുടെയൊക്കെ ജീവിതമാര്‍ഗം തന്നെ വഴിമുട്ടിയിരിക്കയാണ്. പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ആസാം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് സംസ്ഥാന നികുതിയില്‍ കുറവ് വരുത്തിയത് ആ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കിയിട്ടുണ്ട്. എക്‌സൈസ് നികുതി, അഡീഷണല്‍ എക്‌സൈസ് നികുതി, കൃഷി, അടിസ്ഥാന സൗകര്യ വികസന സെസ് എന്നിവയാണ് കേന്ദ്രം ഇന്ധനവിലയില്‍ ചുമത്തുന്നത്. ഇന്ധനവില വര്‍ധനവില്‍പ്പെട്ട് ജനങ്ങള്‍ ഉഴലുമ്പോള്‍ സംസ്ഥാന സര്‍ക്കാറോ കേന്ദ്ര ഗവണ്‍മെന്റോ അമിതമായി ഈടാക്കുന്ന നികുതി വേണ്ടെന്ന് വെക്കാന്‍ തയ്യാറാവണം.

Related Articles
Next Story
Share it