തുടക്കം മുതല്‍ മടക്കം വരെ വ്യാപാരി പക്ഷത്ത്...
തൊണ്ണൂറ് വര്‍ഷത്തിലേറെ നീണ്ട ജീവിതത്തിനൊടുവില്‍ കാസര്‍കോട് ഫോര്‍ട്ട് റോഡിലെ കെ. യശ്വന്ത് കാമത്ത് ഈ ലോകത്തോട് വിട പറഞ്ഞു പോയെങ്കിലും അദ്ദേഹം പറഞ്ഞു തന്ന കാസര്‍കോടന്‍ ചരിത്രങ്ങള്‍ കാലമെത്ര കഴിഞ്ഞാലും മായാതെ തിളങ്ങി നില്‍ക്കും. 'ദേശക്കാഴ്ച'ക്ക് വേണ്ടി അദ്ദേഹം പങ്കുവെച്ച കഥകള്‍ക്ക് ചരിത്രത്തിന്റെ വീര്യമുണ്ട്. കാസര്‍കോട്ട് ആദ്യമായി ഒരു പെട്രോള്‍ പമ്പ് തുറന്നത് (1921ല്‍) യശ്വന്ത് കാമത്തിന്റെ വല്ല്യച്ഛന്‍ കെ. വാസുദേവ കാമത്താണ്. പില്‍ക്കാലത്ത് ദീര്‍ഘകാലം കെ. യശ്വന്ത് കാമത്ത് ഈ പെട്രോള്‍ പമ്പ് നോക്കിനടത്തി. യശ്വന്ത് […]
തൊണ്ണൂറ് വര്‍ഷത്തിലേറെ നീണ്ട ജീവിതത്തിനൊടുവില്‍ കാസര്‍കോട് ഫോര്‍ട്ട് റോഡിലെ കെ. യശ്വന്ത് കാമത്ത് ഈ ലോകത്തോട് വിട പറഞ്ഞു പോയെങ്കിലും അദ്ദേഹം പറഞ്ഞു തന്ന കാസര്‍കോടന്‍ ചരിത്രങ്ങള്‍ കാലമെത്ര കഴിഞ്ഞാലും മായാതെ തിളങ്ങി നില്‍ക്കും. 'ദേശക്കാഴ്ച'ക്ക് വേണ്ടി അദ്ദേഹം പങ്കുവെച്ച കഥകള്‍ക്ക് ചരിത്രത്തിന്റെ വീര്യമുണ്ട്. കാസര്‍കോട്ട് ആദ്യമായി ഒരു പെട്രോള്‍ പമ്പ് തുറന്നത് (1921ല്‍) യശ്വന്ത് കാമത്തിന്റെ വല്ല്യച്ഛന്‍ കെ. വാസുദേവ കാമത്താണ്. പില്‍ക്കാലത്ത് ദീര്‍ഘകാലം കെ. യശ്വന്ത് കാമത്ത് ഈ പെട്രോള്‍ പമ്പ് നോക്കിനടത്തി. യശ്വന്ത് […]

തൊണ്ണൂറ് വര്‍ഷത്തിലേറെ നീണ്ട ജീവിതത്തിനൊടുവില്‍ കാസര്‍കോട് ഫോര്‍ട്ട് റോഡിലെ കെ. യശ്വന്ത് കാമത്ത് ഈ ലോകത്തോട് വിട പറഞ്ഞു പോയെങ്കിലും അദ്ദേഹം പറഞ്ഞു തന്ന കാസര്‍കോടന്‍ ചരിത്രങ്ങള്‍ കാലമെത്ര കഴിഞ്ഞാലും മായാതെ തിളങ്ങി നില്‍ക്കും. 'ദേശക്കാഴ്ച'ക്ക് വേണ്ടി അദ്ദേഹം പങ്കുവെച്ച കഥകള്‍ക്ക് ചരിത്രത്തിന്റെ വീര്യമുണ്ട്. കാസര്‍കോട്ട് ആദ്യമായി ഒരു പെട്രോള്‍ പമ്പ് തുറന്നത് (1921ല്‍) യശ്വന്ത് കാമത്തിന്റെ വല്ല്യച്ഛന്‍ കെ. വാസുദേവ കാമത്താണ്. പില്‍ക്കാലത്ത് ദീര്‍ഘകാലം കെ. യശ്വന്ത് കാമത്ത് ഈ പെട്രോള്‍ പമ്പ് നോക്കിനടത്തി. യശ്വന്ത് കാമത്തിന്റെ ജീവിതം വായിക്കുമ്പോള്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ചരിത്രം കൂടിയാണ് വായിക്കപ്പെടുക. അജയ്യമായ സംഘടനാ ശക്തികൊണ്ട് കേരളത്തിലെ വ്യാപാരി സമൂഹം ഉണ്ടാക്കിയ മുന്നേറ്റങ്ങള്‍ ചെറുതല്ല. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കെട്ടുറപ്പ് കേരളം അനുഭവിച്ചറിഞ്ഞതാണ്. യശ്വന്ത് കാമത്തിന്റെ മുന്നില്‍ ചെന്നിരിക്കുമ്പോഴൊക്കെ അജയ്യമായ വ്യാപാരി കൂട്ടായ്മയുടെ കഥ വിളമ്പുമായിരുന്നു. കേരളത്തിലെ ഏറ്റവും ശക്തമായ സംഘടനകളില്‍ ഒന്ന് എന്ന് അഭിമാനപൂര്‍വ്വം വിളിക്കാവുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അമരക്കാരിലും സ്ഥാപക നേതാക്കളിലും പ്രമുഖന്‍ തന്നെയായിരുന്നു കെ. യശ്വന്ത് കാമത്ത്.
ചിതറിക്കിടന്ന വ്യാപാരി സമൂഹത്തെ ഒരു കുടക്കീഴില്‍ അണിനിരത്താന്‍ വേണ്ടി കാസര്‍കോട് ജില്ലക്കാരനായ എ. പൂക്കുഞ്ഞി സാഹിബ് അടക്കമുള്ളവര്‍ നടത്തിയ ധീരവും ശക്തവുമായ പ്രവര്‍ത്തനങ്ങളെയും കാലം മറന്നിട്ടില്ല. പൂക്കുഞ്ഞി പിന്നീട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനം വരെ അലങ്കരിച്ചു.
വേറിട്ട അഭിപ്രായങ്ങളും വ്യത്യസ്തമായ ചിന്താധാരകളുമായി ചിതറിക്കിടന്ന വ്യാപാരികളെ ഒരു കൊടിക്കു കീഴില്‍ അണിനിരത്താന്‍ അന്നത്തെ നേതൃത്വം അനുഭവിച്ച ത്യാഗവും സാഹസവും ഇന്നത്തെ തലമുറക്ക് അറിയണമെന്നില്ല.
കേരളത്തില്‍ വ്യാപാരികള്‍ സംഘടിക്കാന്‍ തുടങ്ങിയത് 1970കളുടെ മധ്യത്തിലാണ്. കെ. കരുണാകരന്‍ രാജിവെച്ച് എ.കെ. ആന്റണി മുഖ്യമന്ത്രിയായ നേരം. അക്കാലത്താണ് വ്യാപാരികള്‍ക്ക് കനത്ത പ്രഹരമെന്നോണം അഡീഷണല്‍ സെയില്‍സ് ടാക്‌സ് (എ.എസ്.ടി.) പ്രാബല്യത്തില്‍ വരുന്നത്. എ.എസ്.ടി. പിന്‍വലിക്കാതെ തങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്ന ചിന്ത വ്യാപാരികളില്‍ വളര്‍ന്നു. എ.എസ്.ടിക്കെതിരെ പല കോണുകളില്‍ നിന്നും പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ന്നു. സര്‍ക്കാരാണെങ്കില്‍ ഉറച്ച നിലപാടിലും.
പലയിടത്തും വ്യാപാരികളുടെ ചെറുകൂട്ടായ്മകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. അന്ന് കാസര്‍കോട് ജില്ല പിറന്നിട്ടില്ല. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചാണ് ഈ ഭാഗത്ത് ആദ്യമായി ഒരു കൂട്ടായ്മ പ്രത്യക്ഷപ്പെട്ടത്. പൂക്കുഞ്ഞി സാഹിബും ബി.ഡി.എല്‍. പ്രഭുവും ഉമേശ് കാമത്തുമൊക്കെ ചേര്‍ന്ന് ആ കൂട്ടായ്മക്ക് നേതൃത്വം നല്‍കി.
പിന്നാലെ കാസര്‍കോട്ടും വ്യാപാരികള്‍ ഉണര്‍ന്നു. കെ. യശ്വന്ത് കാമത്തും ടി.എ. ഇബ്രാഹിം സാഹിബും സി. വസന്ത ഷേണായിയും സി.എല്‍. അബ്ദുല്ല ഹാജിയും വിനായക കാമത്തും സി.ടി. മൊയ്തീന്‍കുഞ്ഞി ഹാജിയുമൊക്കെ മുന്‍നിരയില്‍ നിന്നു. എ.എസ്.ടിക്കെതിരെ കാസര്‍കോട്ട് പ്രകടനം നടന്നു. പ്രകടനാനന്തരം എവറസ്റ്റ് ഹോട്ടലിലെ മീറ്റിങ്ങ് ഹാളില്‍ പ്രതിഷേധ യോഗവും കൂടി. എവറസ്റ്റ് ഹോട്ടലിലെ മീറ്റിങ്ങ് ഹാളായിരുന്നു അക്കാലത്ത് കാസര്‍കോട്ടെ പ്രധാന മീറ്റിങ്ങ് ഹാള്‍.
എ.എസ്.ടിക്കെതിരെയുള്ള രോഷം വ്യാപാരി സമൂഹത്തിന് സംഘടിക്കാനും ഒരു മെയ്യായി പ്രവര്‍ത്തിക്കാനും വേദിയായി. മാസങ്ങള്‍ക്കകം തന്നെ അവര്‍ ഒരു കുടക്കീഴില്‍ അണിനിരന്നു കഴിഞ്ഞിരുന്നു.
തൊട്ടുപിന്നാലെ എം.ജി. റോഡിലെ ഹോം ലിങ്ക്‌സ് ലോഡ്ജില്‍ ഒരു ഓഫീസ് തുറന്നു. സി. വസന്ത ഷേണായ് പ്രസിഡണ്ടും ഹമീദ് കരിപ്പൊടി ജനറല്‍ സെക്രട്ടറിയുമായി കാസര്‍കോട് താലൂക്ക് മര്‍ച്ചന്റ്‌സ് ആന്റ് ഇന്‍ഡസ്ട്രിയലിസ്റ്റ് അസോസിയേഷന്‍ എന്ന പേരില്‍ കാസര്‍കോട്ടെ ആദ്യത്തെ വ്യാപരി കൂട്ടായ്മ നിലവില്‍ വന്നത് അന്നാണ്. കാസര്‍കോട്ട് വ്യാപാരികള്‍ തുറന്ന ആദ്യത്തെ ഓഫീസും ഹോംലിങ്ക്‌സ് ലോഡ്ജിലേതായിരുന്നു.
കാസര്‍കോട് മര്‍ച്ചന്റ്‌സ് ആന്റ് ഇന്‍ഡസ്ട്രിയലിസ്റ്റ് അസോസിയേഷന്‍ എന്ന് സംഘടനക്ക് പേരുമിട്ടു. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എന്ന സംഘടനയും അതിനിടെ നിലവില്‍ വന്നിരിക്കുന്നു.
'കാസര്‍കോട്ടെക്കാള്‍ വ്യാപാരികളുടെ കൂട്ടായ്മ കാഞ്ഞങ്ങാട്ടായിരുന്നു ശക്തം. അവിടെ പൂക്കുഞ്ഞിക്ക അടക്കമുള്ളവരുടെ നേതൃത്വം ഈ കൂട്ടായ്മക്ക് ശക്തിയും ആവേശവും പകര്‍ന്നു...'-കെ. യശ്വന്ത് കാമത്ത് ഓര്‍മ്മയില്‍ നിന്നും പെറുക്കിയെടുത്ത് പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.
കുറച്ച് കഴിഞ്ഞ് ജില്ലാ തലത്തില്‍ എന്നോണം കണ്ണൂര്‍ ജില്ലാ മര്‍ച്ചന്റ്‌സ് ആന്റ് ട്രേഡേര്‍സ് അസോസിയേഷന്‍ എന്ന സംഘടന നിലവില്‍ വന്നു. കണ്ണൂരിലെ പ്രമുഖ വ്യാപാരി കെ.വി.എന്‍. ഷേണായി ആയിരുന്നു പ്രസിഡണ്ട്. കെ. യശ്വന്ത് കാമത്ത് വൈസ് പ്രസിഡണ്ടും. അടിയന്തിരാവസ്ഥക്കാലത്ത് കെ.വി.എന്‍. ഷേണായി അറസ്റ്റിലായി. അതോടെ അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു. പകരം പ്രസിഡണ്ടായത് യശ്വന്ത് കാമത്താണ്. പൂക്കുഞ്ഞി സാഹിബായിരുന്നു ജനറല്‍ സെക്രട്ടറി.
പിന്നീട് തൃശൂര്‍ ജില്ലയെ ദിവസങ്ങളോളം സ്തംഭിപ്പിച്ച ചുമട്ടുതൊഴിലാളി സമരം വന്നതോടെയാണ് കേരളത്തിലെ മൊത്തം വ്യാപാരികളെയും അണിനിരത്തിക്കൊണ്ട് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി നിലവില്‍ വരുന്നത്. സി.എം. ജോര്‍ജായിരുന്നു ആദ്യത്തെ പ്രസിഡണ്ട്. എം.ഒ. ജോണ്‍ ജനറല്‍ സെക്രട്ടറിയും. അന്നേ പൂക്കുഞ്ഞി സംസ്ഥാന നേതൃനിരയിലുണ്ടായിരുന്നു.
മൂന്നുമാസം കഴിഞ്ഞ് കാസര്‍കോട് മിലന്‍ തിയേറ്ററില്‍ കാസര്‍കോട് മേഖലയിലെ വ്യാപാരികളുടെ വലിയൊരു കണ്‍വെന്‍ഷന്‍ നടന്നു. മംഗലാപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് ചെയര്‍മാന്‍ എസ്.ആര്‍. കാമത്തായിരുന്നു ഉദ്ഘാടകന്‍. ടി.എ. ഇബ്രാഹിം സാഹിബ് എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ച് ഓടിനടന്നു. ആദ്യമായി കാസര്‍കോട്ട് ഇത്രയധികം വ്യാപാരികള്‍ ഒത്തുകൂടുകയും തങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്ത കണ്‍വെന്‍ഷന്‍ അതായിരുന്നു.
കാസര്‍കോട് ജില്ല പിറന്നതോടെ ജില്ലാ തലത്തില്‍ കമ്മിറ്റി വന്നു. കെ. യശ്വന്ത് കാമത്ത് പ്രഥമ പ്രസിഡണ്ടായി. കൃഷ്ണന്‍ കക്കാണത്ത് ജനറല്‍ സെക്രട്ടറിയും. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചാണ് ജില്ലാ കമ്മിറ്റി ഓഫീസ് തുറന്നത്. കാസര്‍കോട്ടെ താലൂക്ക് കമ്മിറ്റി ഓഫീസ് അപ്പോഴേക്കും ഹോംലിങ്ക്‌സ് ലോഡ്ജില്‍ നിന്ന് എം.ജി. റോഡിലെ തന്നെ പഴയൊരു കെട്ടിടത്തിലേക്ക് മാറിയിരുന്നു.
അക്കാലത്ത് കാസര്‍കോടിന്റെ വികസനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സംഘടന മുന്‍ഗണന നല്‍കിയത്. ടെലിഫോണ്‍ സംവിധാനം വിപുലീകരിക്കുന്നതിനും എക്‌സ്‌ചേഞ്ച് നിലവില്‍ വരുന്നതിനും ടി.വി. റിലേ കേന്ദ്രം സ്ഥാപിക്കുന്നതിനുമൊക്കെ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചത് വ്യാപാരി സംഘടനയാണ്. വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം തന്നെ നാടിന്റെ പൊതുവായ മുന്നേറ്റത്തിനും കൈകോര്‍ത്തു. ഒരുപാട് കായിക പരിപാടികളും സംഘടിപ്പിച്ചു. മര്‍ച്ചന്റ്‌സ് ട്രോഫി ഫുട്‌ബോള്‍ അക്കാലത്ത് കായികപ്രേമികള്‍ക്ക് ചെറിയ ആവേശമൊന്നുമല്ല പകര്‍ന്നത്. യശ്വന്ത് കാമത്ത് മുന്നില്‍ നിന്ന് നയിച്ചു.
1980ലും '81ലും '82ലും തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന എഞ്ചിനീയര്‍ മുഹമ്മദ്കുഞ്ഞി മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മര്‍ച്ചന്റ്‌സ് സെവന്‍സ് എന്ന പേരില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് യൂണിറ്റ് ടീമിനെ ഇറക്കിയ കഥകളൊക്കെ പറയുമ്പോള്‍ കാമത്തിന്റെ അടുത്ത് ഗോളടിച്ച സന്തോഷമായിരുന്നു.
1984ലാണ് ചരിത്രത്തില്‍ ആദ്യമായി കാസര്‍കോട്ട് ടിക്കറ്റ് വെച്ചുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അരങ്ങേറിയത്. മര്‍ച്ചന്റ്‌സ് ട്രോഫി എന്ന പേരില്‍ കാസര്‍കോട് മര്‍ച്ചന്റ്‌സ് യൂണിറ്റ് കമ്മിറ്റിയാണ് ഗവ: കോളേജ് ഗ്രൗണ്ടില്‍ കേരളത്തിലെ വമ്പന്‍ ടീമുകളെ അണിനിരത്തി ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. 1988ലും കാസര്‍കോട്ടെ കായിക പ്രേമികളില്‍ ആവേശതരംഗം സൃഷ്ടിച്ച് വീണ്ടും മര്‍ച്ചന്റ്‌സ് ട്രോഫി കളക്ഷന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടന്നു. താളിപ്പടുപ്പ് മൈതാനിയിലായിരുന്നു അന്ന് ടൂര്‍ണമെന്റ്. യശ്വന്ത് കാമത്ത് തന്നെയായിരുന്നു സംഘാടകന്റെ റോളില്‍ ഏറ്റവും മുന്നില്‍.
നീണ്ട പതിമൂന്ന് വര്‍ഷക്കാലം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചതിന്റെ റെക്കോര്‍ഡും യശ്വന്ത് കാമത്തിന് സ്വന്തമാണ്.
കാസര്‍കോട്ടെ വ്യാപാരി സംഘടനാ നേതാക്കള്‍ക്ക് സമൂഹം വലിയ വില കല്‍പ്പിച്ചിരുന്നു അക്കാലത്ത്. കാസര്‍കോട്ട് എന്ത് പരിപാടി വരുമ്പോഴും പലപ്പോഴും അധ്യക്ഷ സ്ഥാനം അലങ്കരിക്കേണ്ട ചുമതല വ്യാപാരി നേതാക്കള്‍ക്കായിരുന്നു. ഉത്തരദേശം പത്രത്തിന്റെ പ്രകാശന ചടങ്ങ് വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചപ്പോള്‍ അധ്യക്ഷത വഹിക്കാന്‍ നിയോഗിക്കപ്പെട്ടത് വ്യാപാരി പ്രസിഡണ്ട് എന്ന നിലയില്‍ കെ. യശ്വന്ത് കാമത്തായിരുന്നു.
കാസര്‍കോട്ട് ആദ്യമായി എസ്.ടി.ഡി സംവിധാനം ആരംഭിച്ച തിന് പിന്നിലും അണങ്കൂരില്‍ ടി.വി റിലേ കേന്ദ്രത്തിനുള്ള കെട്ടിടത്തിന് വേണ്ടി ധനസമാഹരണം നടത്തിയതും യശ്വന്ത് കാമത്തിന്റെ നേതൃത്വത്തിലാണ് എന്നറിയുമ്പോഴാണ് കാസര്‍കോടിനെ ചലിപ്പിക്കുന്നതിലും ജ്വലിപ്പിക്കുന്നതിലും ഇദ്ദേഹം എത്രമാത്രം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് നമ്മള്‍ തിരിച്ചറിയുക. കാസര്‍കോട് നഗരത്തിന്റെ ചരിത്രം രേഖപ്പെടുത്തുമ്പോള്‍ യശ്വന്ത് കാമത്തിന്റെ പ്രവര്‍ത്തനം തിളങ്ങിനില്‍ക്കുക തന്നെ ചെയ്യും.
-ടി.എ ഷാഫി