പുതുപ്പള്ളിയില്‍ നിന്ന് ജനഹൃദയങ്ങളില്‍...

കര്‍മ്മസൂര്യാ...വിട. ഒരു ജനപ്രതിനിധി എന്ന നിലയില്‍ എന്നെ ഏറെ ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗ വാര്‍ത്ത തിരുവനന്തപുരത്ത് വെച്ചാണ് ഞാന്‍ കേള്‍ക്കുന്നത്.കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സമാനതകളില്ലാത്ത നായകനാണ് ഉമ്മന്‍ചാണ്ടി. 2020 സെപ്റ്റംബറില്‍ നിയമസഭാ ജീവിതത്തിന്റെ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടി വിട വാങ്ങുന്നത്. അന്ന് ഞാന്‍ ഉത്തരദേശത്തില്‍ എഴുതിയ ലേഖനം അദ്ദേഹം ശ്രദ്ധിച്ച് വായിക്കുകയും സൂക്ഷിച്ച് വെക്കുകയും ചെയ്തിരുന്നു.അനേകം വിശിഷ്ട സ്വഭാവ ഗുണങ്ങളോട് കൂടിയ ഒരപൂര്‍വ്വ വ്യക്തിത്വമായിരുന്ന അദ്ദേഹം എക്കാലവും ജനഹൃദയങ്ങളില്‍ നിറഞ്ഞു […]

ര്‍മ്മസൂര്യാ...വിട. ഒരു ജനപ്രതിനിധി എന്ന നിലയില്‍ എന്നെ ഏറെ ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗ വാര്‍ത്ത തിരുവനന്തപുരത്ത് വെച്ചാണ് ഞാന്‍ കേള്‍ക്കുന്നത്.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സമാനതകളില്ലാത്ത നായകനാണ് ഉമ്മന്‍ചാണ്ടി. 2020 സെപ്റ്റംബറില്‍ നിയമസഭാ ജീവിതത്തിന്റെ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടി വിട വാങ്ങുന്നത്. അന്ന് ഞാന്‍ ഉത്തരദേശത്തില്‍ എഴുതിയ ലേഖനം അദ്ദേഹം ശ്രദ്ധിച്ച് വായിക്കുകയും സൂക്ഷിച്ച് വെക്കുകയും ചെയ്തിരുന്നു.
അനേകം വിശിഷ്ട സ്വഭാവ ഗുണങ്ങളോട് കൂടിയ ഒരപൂര്‍വ്വ വ്യക്തിത്വമായിരുന്ന അദ്ദേഹം എക്കാലവും ജനഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കും. മികച്ച ഭരണാധികാരി എന്ന നിലയിലും സര്‍വ്വോപരി ദീനാനുകമ്പയും ഹൃദയവിശാലതയുമുള്ള ഒരു നല്ല മനുഷ്യന്‍ എന്ന നിലയിലും മുഴുവന്‍ കേരളീയരുടെയും സ്‌നേഹാദരങ്ങള്‍ ആര്‍ജ്ജിച്ച ഒരു വിശിഷ്ട വ്യക്തിത്വമായിരുന്നു ഉമ്മന്‍ചാണ്ടിയുടേത്. സമൂഹ നന്മയ്ക്കായുള്ള യത്‌നം ആനന്ദമായി കരുതാന്‍ കഴിഞ്ഞ കറ കളഞ്ഞ മനുഷ്യസ്‌നേഹി. ഏറ്റവും താഴെത്തട്ടില്‍ ജീവിക്കുന്നവരുടെ ആരും കാണാത്ത പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിച്ചുപരിഹാരം കണ്ടെത്തിയ ജനനായകന്‍. അന്തിയുറങ്ങാന്‍ പാര്‍പ്പിടം തേടി വന്നവനും ക്ഷുത്തടക്കാന്‍ വഴി അന്വേഷിച്ചെത്തിയവനും മുന്നില്‍ നില്‍ക്കുമ്പോള്‍ സ്വന്തം വിശപ്പും ദാഹവും അറിയാത്ത അത്ഭുതമനുഷ്യന്‍. ജീവിതം വഴി മുട്ടി നില്‍ക്കുന്നവര്‍, സങ്കടം പറയാന്‍ വരുമ്പോള്‍ അവരുടെ സങ്കടം സ്വന്തം കണ്ണീരില്‍ അലിയിച്ചു അവരോടൊപ്പം കരയുന്ന ആര്‍ദ്രതയുടെ മറുവാക്ക്. നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി സാറിനോട് എനിക്ക് ആത്മബന്ധമുണ്ടായിരുന്നു. വ്യക്തിപരമായി ആഴത്തിലായിരുന്നു ഞങ്ങളുടെ ബന്ധം. നിയസഭയില്‍ അമ്പതാണ്ട് പിന്നിട്ട അദ്ദേഹത്തോടൊപ്പം ഏതാണ്ട് 11 വര്‍ഷമേ എനിക്ക് ചെലവഴിക്കാന്‍ ഭാഗ്യമുണ്ടായിട്ടുള്ളൂ. എങ്കിലും 11 വര്‍ഷം കൊണ്ടുണ്ടാക്കിയ സ്‌നേഹവും പരസ്പര വിശ്വാസവും അളക്കാന്‍ വര്‍ഷങ്ങളുടെ പഴക്കം പോര. എല്ലാ കാര്യങ്ങളിലും എനിക്ക് നല്ല പരിഗണന നല്‍കിയിട്ടുണ്ട്.
എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം സ്‌നേഹധനനായ ഒരു ജ്യേഷ്ഠ സഹോദര തുല്യനായിരുന്നു. നിയമസഭാ സമാജികന്‍ എന്ന നിലയില്‍ എന്റെ പ്രകടനം അദ്ദേഹം എപ്പോഴും സാകൂതം വീക്ഷിക്കുമായിരുന്നു. എന്റെ ഒരു അഭ്യൂതയകാംക്ഷി എന്ന നിലയില്‍ എന്നോട് കാട്ടിയ അദ്ദേഹത്തിന്റെ സ്‌നേഹവാത്സല്യങ്ങളെ ഞാന്‍ ആദരപൂര്‍വ്വം സ്മരിക്കുന്നു. ഓര്‍മ്മകള്‍ ഒരുപാടുണ്ടെങ്കിലും ആത്മനിഷ്ഠമായ ചില സ്മരണകള്‍മാത്രമാണ് ഞാനിവിടെ കോറിയിടുന്നത്. സാധാരണക്കാരുടെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമ്പോള്‍ ലഭിക്കുന്ന സംതൃപ്തിയാണ് ഏതൊരു ഭരണാധികാരിയുടെയും ഏറ്റവും വലിയ നേട്ടം. 14 ജില്ലകളിലും ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടി ചരിത്രത്തിന്റെ ഭാഗമാണ്. ദുരിതങ്ങളുടെ മാറാപ്പ് ചുമക്കുന്ന അനേകായിരങ്ങള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കാന്‍ കഴിയൂ എന്നതല്ല ജനസമ്പര്‍ക്ക പരിപാടിയുടെ നേട്ടം. ഉമ്മന്‍ചാണ്ടി തന്നെ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്: 'എനിക്ക് ലഭിച്ച അനേകം പരാതികളില്‍ പലതും ഉടന്‍ പരിഹാരം കാണാന്‍ കഴിയുന്നതല്ല. കാരണം അതിന് ഭരണപരമായ ചില നടപടി ക്രമങ്ങളില്‍ മാറ്റം വരുത്തേണ്ടതായോ അയവ് വരുത്തേണ്ടതായോ ഉണ്ടായിരുന്നു. ജനസമ്പര്‍ക്ക പരിപാടിയിലൂടെ ലഭിച്ച അനുഭവത്തിന്റെ വെളിച്ചത്തില്‍ ജനങ്ങള്‍ നേരിടുന്ന ചില ബുദ്ധിമുട്ടുകള്‍ സംബന്ധിച്ചു മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും പലതും മാറ്റങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ ഒട്ടേറേ ഉത്തരവുകള്‍ സര്‍ക്കാര്‍ ഇറക്കി'.
ജനസമ്പര്‍ക്ക പരിപാടിയില്‍ നേരില്‍ കണ്ടതും കേട്ടതുമായ നിരാലംബരുടെയും നിസഹായരുടെയും സങ്കടവും കണ്ണീരും ഉമ്മന്‍ചാണ്ടിയുടെ മനസിലുണ്ടാക്കിയ ചലനമാണ് യു.ഡി.എഫ്. സര്‍ക്കാര്‍ ഇറക്കിയ 43 ഓളം ഉത്തരവുകള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായം ലഭിക്കുന്നതിന് അര്‍ഹതയായി നിശ്ചയിച്ചിട്ടുള്ള പരമാവധി വാര്‍ഷിക വരുമാന പരിധി ഇരുപതിനായിരം രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചത്, ആണ്‍മക്കള്‍ ഉണ്ടങ്കിലും അവരുടെ സംരക്ഷണം ലഭിക്കാത്തമാതാപിതാക്കള്‍ക്കു കൂടി വാര്‍ധക്യ വിധവാ പെന്‍ഷന് അര്‍ഹതയുണ്ടെന്ന് വരുത്തിയത്, കാര്‍ഷിക വായ്പകള്‍ക്ക് പലിശയിളവ് അനുവദിച്ചത്, താല്‍ക്കാലിക റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അനുമതി നല്‍കിയത്, കാന്‍സര്‍ രോഗികള്‍ക്ക് യാത്രാ സൗജന്യം, മറ്റു സ്ഥലങ്ങളില്‍ മരണം നടക്കുകയും ശവസംസ്‌കാരം സ്വന്തം സ്ഥലത്ത് നടത്തുകയും ചെയ്യുന്ന സംഭവങ്ങളില്‍ മരണം സ്വന്തം സ്ഥലത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദം, സംസ്ഥാനത്തെ ഓര്‍ഫനേജുകള്‍, വൃദ്ധസദനങ്ങള്‍, വികലാംഗ സ്ഥാപനങ്ങള്‍ തുടങ്ങി ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനങ്ങളിലെ അന്തേവാസികളെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്, കൂടുതല്‍ പേര്‍ക്ക് എന്‍ഡോസള്‍ഫാന്‍ ആനുകൂല്യങ്ങള്‍, കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ അര്‍ബുദ രോഗികള്‍ക്ക് മൂന്ന് ലക്ഷം രൂപ ഗഡുക്കളായി നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളിലിറക്കിയ ഉത്തരവുകള്‍ ശ്രദ്ധേയമാണ്.
ചില ജില്ലകളില്‍ ജനസമ്പര്‍ക്ക പരിപാടി 24 മണിക്കൂറുകളോളം നീണ്ടുനിന്നിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെന്ന അസാധാരണ മനുഷ്യന്റെ അതിസാധാരണമായ സഹന ശക്തിയും ഇച്ഛാശക്തിയുമാണ് അവിടങ്ങളില്‍ നാം കണ്ടത്. 24 മണിക്കൂര്‍ വെള്ളവും ഭക്ഷണവുമില്ലാതെ കഴിയാം. പക്ഷേ മൂത്രമൊഴിക്കാന്‍ പോലും സമയം കണ്ടെത്താതെ നിന്ന നില്‍പ്പില്‍ ഒരു ദിവസം മുഴുവന്‍ ജനങ്ങളുടെ സങ്കടവും പരാതിയും കേള്‍ക്കാന്‍ ആര്‍ക്കാണ് കഴിയുക. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത്ഭുത സിദ്ധിയുള്ള ഒരു നേതാവ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ കടമെടുക്കട്ടെ. കഠിനാധ്വാനവും സ്ഥിരോത്സാഹവും എന്നും ഉമ്മന്‍ചാണ്ടിയെ നയിച്ചു. ഊണിനും ഉറക്കത്തിനുമൊന്നും പ്രധാന്യം കല്‍പ്പിക്കാതെ ആരോഗ്യം പോലും നോക്കാതെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വ്യാപരിക്കുന്ന പ്രകൃതക്കാരനായി അദ്ദേഹം മാറി.
അധികമാളുകളും പ്രാധാന്യം കല്‍പ്പിക്കുന്ന ഭക്ഷണത്തിനും വിശ്രമത്തിനും ഉറക്കത്തിനും ഉമ്മന്‍ചാണ്ടി തീരെ പരിഗണന നല്‍കാറില്ലായിരുന്നു. ഒരു പ്രധാനപ്പെട്ട അപേക്ഷ അദ്ദേഹത്തെ കാണിച്ചു. ബന്ധപ്പെട്ട സെക്ഷനില്‍ എത്തിക്കണം. കാണാന്‍ കഴിയുമോ എന്ന ശങ്കയോടെ രാത്രി ഒരു മണിക്കാണ് ഞാന്‍ ക്ലിഫ് ഹൗസിലേക്ക് പോയത്. അത്ഭുതമെന്ന് പറയട്ടെ. ആള്‍ക്കൂട്ടത്തിന് നടുവില്‍ അപ്പോഴും അദ്ദേഹം പരാതികളും അപേക്ഷകളും സ്വീകരിക്കുന്നുണ്ടായിരുന്നു.
നിയമസഭയില്‍ അദ്ദേഹം ഒരിക്കല്‍ പോലും പ്രകോപിതനാകുന്നത് കണ്ടിട്ടില്ല. എത്രമോശമായ രീതിയില്‍ വിമര്‍ശിച്ചാലും പ്രതികരിക്കാന്‍ ഒരുമ്പെടില്ല. എവിടെവെച്ചും ഏത് നേരത്തും ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും അദ്ദേഹത്തെ കാണാം. നിയമസഭ സമ്മേളിക്കുമ്പോള്‍ മുഖ്യമന്ത്രിയടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷയുമായി ഭരണ-പ്രതിപക്ഷ ഭേദന്യേ അദ്ദേഹത്തിന്റെ സീറ്റിന് പിറകില്‍ ക്യൂ ആയിരുന്നു. എല്ലാം ശ്രദ്ധിച്ചു കേള്‍ക്കും. സഹായത്തിനപേക്ഷിക്കുന്ന വ്യക്തിയുടെ ദൈന്യതയെക്കുറിച്ച് വിവരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണമുണ്ട് 'അയ്യോ'. മനുഷ്യത്വമുള്ള ഒരു ദീനാനകമ്പന്റെ കാപട്യമില്ലാത്ത മനസിന്റെ സങ്കടം. തമാശകള്‍ പറയുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. ഞാനും പി.ബി. അബ്ദുല്‍ റസാഖും കാസര്‍കോടിന്റെ പൊതുവായ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ ഒന്നിച്ചായിരുന്നു അദ്ദേഹത്തെ കാണാറുണ്ടായിരുന്നത്. ഞങ്ങള്‍ ഇരട്ടകള്‍ക്ക് അദ്ദേഹം ഒരു പേരുനല്‍കി-ബോബനും മോളിയും. ഒരാള്‍ മാത്രം അദ്ദേഹത്തിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടാല്‍ ചോദിക്കും; മോളിയെവിടെ? ഒരിക്കല്‍ ഒരപേക്ഷ നല്‍കാന്‍ ഞാനും അബ്ദുല്‍ റസാഖും അദ്ദേഹത്തിന്റെ ഓഫീസില്‍ ചെന്നു. വലിയ ആള്‍ക്കൂട്ടമായിരുന്നു. അതിനു നടുവില്‍ ഞങ്ങളും നിലയുറപ്പിച്ചു. ഞാന്‍ റസാഖിനോട് പറഞ്ഞു. ഇപ്പോള്‍ പൊട്ടില്ല. നമുക്ക് പിന്നീട് ആകാം. ഉടന്‍ ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം 'ഇല്ല, ഇപ്പോള്‍ തന്നെ പൊട്ടും'. ഞാന്‍ അത്ഭുതപ്പെട്ടു പോയി. എത്ര ചെവികളും കണ്ണുകളും നല്‍കിയാണ് ഈ മനുഷ്യനെ ദൈവം അനുഗ്രഹിച്ചിട്ടുള്ളത്.
ഇരുപത്തിനാലു മണിക്കൂര്‍ പോസ്റ്റുമോര്‍ട്ടം അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് നിയമസഭയില്‍ ഞാന്‍ നടത്തിയ പോരാട്ടത്തിന്റെ വിജയമായിരുന്നു. ഒരേ വിഷയത്തില്‍ നിരവധി സബ് മിഷനുകള്‍. അവസാനത്തെ സബ് മിഷന്‍ അസാനിപ്പിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഇനിയൊരു സബ് മിഷന്‍ അവതരിപ്പിക്കാന്‍ ഇടവരുത്തരുത്. ഇനി ബഹുമാനപ്പെട്ട അംഗങ്ങള്‍ ഈ വിഷയത്തില്‍ സബ് മിഷന്‍ കൊണ്ടുവരേണ്ടതില്ല എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. അദ്ദേഹം വാക്കുപാലിച്ചു. 24 മണിക്കൂര്‍ പോസ്റ്റുമോര്‍ട്ടം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കുടിവെള്ള ക്ഷാമവും വേനല്‍ക്കാലത്തെ ഉപ്പ് വെള്ളവും കാസര്‍കോടിന്റെ ശാപമായിരുന്നുവല്ലോ. ഈ വിഷയത്തിലും ഉമ്മന്‍ചാണ്ടിയുടെ കാര്യമായ ഇടപെടലിന് വഴിവെക്കാന്‍ എനിക്ക് സാധിച്ചു. ബാവിക്കര റഗുലര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടു.
എം.എല്‍.എ. എന്ന നിലയില്‍ എന്റെ ആദ്യ നിവേദനം ഉമ്മന്‍ചാണ്ടിക്കായിരുന്നു. മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ആദ്യത്തെ മന്ത്രിസഭാ യോഗം കഴിഞ്ഞ് പുറത്ത് വരുമ്പോള്‍ ഞാന്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടത് താമസംവിനാ കാസര്‍കോട് സന്ദര്‍ശിച്ച് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരിതം മനസിലാക്കണം എന്നായിരുന്നു. അദ്ദേഹം അത് ചെയ്തു. പിന്നീട് നാം കണ്ടത് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ആനുകൂല്യങ്ങളുടെ പെരുമഴ. കാസര്‍കോട് മെഡിക്കല്‍ കോളേജ് കാസര്‍കോടിനുള്ള അദ്ദേഹത്തിന്റെ സമ്മാനമായിരുന്നു. കാസര്‍കോടിന്റെ പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടി കാലയവനികക്കുള്ളിലേക്ക് മറിയുമ്പോള്‍ ഈ അത്യുത്തര ജില്ല ആദരപൂര്‍വ്വം പ്രണാമമര്‍പ്പിക്കുന്നു.


-എന്‍.എ നെല്ലിക്കുന്ന്
(എം.എല്‍.എ)

Related Articles
Next Story
Share it