സൗഹൃദത്തിന് അതിരുകളില്ല

സൗഹൃദത്തിന് അതിരുകളും കാലവുമില്ല. ബാല്യകാലത്ത് മൊട്ടിടുന്ന സൗഹൃദങ്ങള്‍ക്കാണ് ഏറെ കരുത്തും മാധുര്യവും. 30 വര്‍ഷം മുമ്പ് കേരളത്തിന്റെ തെക്കേ അറ്റത്തുള്ള കൊല്ലം ജില്ലയില്‍ നിന്ന് മുളച്ച ഒരു സൗഹൃദത്തിന്റെ വേര് തേടി കുറേ കൂട്ടുകാര്‍ സഹപാഠിയെ കാണാന്‍ കാസര്‍കോട്ടേക്ക് വണ്ടി കയറിയത് സൗഹൃദത്തിന്റെ തിളക്കം കൊണ്ടാണ്. കൊല്ലത്ത് നിന്ന് 30 വര്‍ഷം മുമ്പ് പഠനം കഴിഞ്ഞ് കാസര്‍കോട്ടെത്തിയ കൂട്ടുകാരനെ തേടി പഴയ സഹപാഠികള്‍ കുടുംബസമേതം കാസര്‍കോട്ട് എത്തിയപ്പോള്‍ അത് അതിരുകള്‍ പൊട്ടിച്ചെറിഞ്ഞ സൗഹൃദത്തിന്റെ വിളംബമായി മാറി. തളങ്കര […]

സൗഹൃദത്തിന് അതിരുകളും കാലവുമില്ല. ബാല്യകാലത്ത് മൊട്ടിടുന്ന സൗഹൃദങ്ങള്‍ക്കാണ് ഏറെ കരുത്തും മാധുര്യവും. 30 വര്‍ഷം മുമ്പ് കേരളത്തിന്റെ തെക്കേ അറ്റത്തുള്ള കൊല്ലം ജില്ലയില്‍ നിന്ന് മുളച്ച ഒരു സൗഹൃദത്തിന്റെ വേര് തേടി കുറേ കൂട്ടുകാര്‍ സഹപാഠിയെ കാണാന്‍ കാസര്‍കോട്ടേക്ക് വണ്ടി കയറിയത് സൗഹൃദത്തിന്റെ തിളക്കം കൊണ്ടാണ്. കൊല്ലത്ത് നിന്ന് 30 വര്‍ഷം മുമ്പ് പഠനം കഴിഞ്ഞ് കാസര്‍കോട്ടെത്തിയ കൂട്ടുകാരനെ തേടി പഴയ സഹപാഠികള്‍ കുടുംബസമേതം കാസര്‍കോട്ട് എത്തിയപ്പോള്‍ അത് അതിരുകള്‍ പൊട്ടിച്ചെറിഞ്ഞ സൗഹൃദത്തിന്റെ വിളംബമായി മാറി. തളങ്കര തെരുവത്ത് ജുമാമസ്ജിദിന് സമീപം താമസിക്കുന്ന മിലന്‍ മുസ്തഫയെ തേടിയാണ് കൊല്ലത്ത് നിന്ന് സഹപാഠികളും അവരുടെ കുടുംബാംഗങ്ങളായ സ്ത്രീകളും കുട്ടികളുമടക്കം 30 അംഗങ്ങള്‍ എത്തിയത്. കാസര്‍കോടിന്റെ പ്രകൃതി ഭംഗിയും ഭാഷാ വൈവിധ്യവും സംസ്‌കാരങ്ങളും അനുഭവിച്ചറിഞ്ഞാണ് അവര്‍ മടങ്ങിയത്. രണ്ടുനാള്‍ കാസര്‍കോട്ട് തങ്ങിയ സംഘം ബേക്കല്‍കോട്ടയടക്കം പ്രധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. കാസര്‍കോടിനെ കുറിച്ച് കേട്ടറിഞ്ഞ പല തെറ്റിധാരണകളും ഇവിടെ വലിച്ചെറിഞ്ഞാണ് സംഘത്തിന്റെ മടക്കം. ഏറെ പേരും ആദ്യമായാണ് കാസര്‍കോട്ട് എത്തുന്നത്. ഈ വടക്കന്‍ ജില്ലയുടെ സംസ്‌കാരവും വൈവിധ്യങ്ങളും തൊട്ടറിഞ്ഞാണ് സംഘം മടങ്ങിയത്.


1992ല്‍ വെസ്റ്റ് കൊല്ലം ഗവ. ഹൈസ്‌കൂളില്‍ 10-ാം തരം കഴിഞ്ഞിറങ്ങിയവരാണ് ഇവര്‍. വെസ്റ്റ് കൊല്ലം മുതിരപ്പറമ്പ് ജമാഅത്തിലെ ഇബ്രാഹിമിന്റെയും സീനത്തിന്റെയും മകനായ മിലന്‍ മുസ്തഫ വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതൃസഹോദരി അധ്യാപികയായി കാസര്‍കോട്ട് എത്തിയപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം ഇങ്ങോട്ട് വരികയായിരുന്നു. മുസ്തഫയുടെ മുത്തശ്ശി നഫീസത്തും അധ്യാപികയാണ്. പഠനം കഴിഞ്ഞ് ഓട്ടോ ടാക്‌സി ഓടിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ട മിലന്‍ മുസ്തഫ തന്റെ സ്‌കൂള്‍ കൂട്ടുകാരുമായി വാട്‌സ്ആപ്പിലൂടെ നിരന്തരം ബന്ധപ്പെടുമായിരുന്നു. ഓട്ടോ ടാക്‌സിയില്‍ സ്‌കൂളുകളില്‍ നിന്ന് കുട്ടികളെ കൊണ്ടുപോകുന്ന ജോലിയായതിനാല്‍ പലപ്പോഴും കൊല്ലത്ത് നടന്ന ക്ലാസ്‌മേറ്റ്‌സ് കൂട്ടായ്മയില്‍ മിലന്‍ മുസ്തഫക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതു മനസിലാക്കിയ സഹപാഠികള്‍ കൂട്ടത്തോടെ കാസര്‍കോട്ടേക്ക് വരാന്‍ തീരുമാനിക്കുകയായിരുന്നു. തെരുവത്ത് കുടുംബസമേതം കഴിയുന്ന മിലന്‍ മുസ്തഫ കൂട്ടുകാരെ വരവേറ്റ് ആദ്യം കൊണ്ടുപോയത് തളങ്കരയിലെ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയിലേക്കാണ്. പിന്നീട് ബേക്കല്‍കോട്ടക്ക് പുറമെ എരിഞ്ഞിപ്പുഴ, കരിച്ചേരി ഭാഗങ്ങളിലൂടെ സഞ്ചരിച്ച് കാസര്‍കോടിന്റെ പ്രകൃതി ഭംഗിയും കാണിച്ചുകൊടുത്തു. വിയന്നയില്‍ നിന്നെത്തിയ ഡോക്ടര്‍ അടക്കമുള്ളവര്‍ സംഘത്തിലുണ്ടായിരുന്നുവെങ്കിലും പോളിയോ ബാധിതനായി നടക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്ന പത്മകുമാര്‍ എന്ന കൂട്ടുകാരന്‍ എത്തിയത് മുസ്തഫയെ ഏറെ സന്തോഷിപ്പിച്ചു. പത്മകുമാറിന് സഞ്ചരിക്കാന്‍ യഫാ തായലങ്ങാടി എന്ന സംഘടന ഒരു വീല്‍ചെയര്‍ തരപ്പെടുത്തി കൊടുക്കുകയും ചെയ്തു.

ടി.എ.എസ്.

Related Articles
Next Story
Share it