ബാങ്കില്‍ നിന്ന് വായ്പയെടുത്ത സുഹൃത്ത് കോവിഡ് ബാധിച്ച് മരിച്ചു, ജാമ്യം നിന്നതിന്റെ പേരില്‍ ശമ്പളം പിടിച്ചെടുത്ത് അധികൃതര്‍; നില്‍പ്പ്സമരത്തിലൂടെ പ്രതിഷേധവുമായി കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍

കാസര്‍കോട്: ബാങ്കില്‍ നിന്ന് വായ്പ എടുത്ത സുഹൃത്ത് കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ജാമ്യം നിന്ന തന്റെ ശമ്പളത്തില്‍ നിന്ന് മാസങ്ങളായി പതിനായിരം വീതം പിടിച്ചുവെക്കുന്നതിനെതിരെ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ ഒറ്റയാള്‍ സമരം. കാസര്‍കോട്-സുള്ള്യ റൂട്ടിലെ കെ.എസ്.ആര്‍.ടി.സി ഡ്രൈവറും മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയുമായ പി.കെ ഷംസുദ്ദീ(49)നാണ് ഇന്ന് രാവിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോ രണ്ടാം നിലയിലുള്ള ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ കാര്യാലയത്തിന് മുന്നില്‍ നില്‍പ് സമരം നടത്തിയത്. ലോട്ടറി സ്റ്റാള്‍ തുടങ്ങുന്നതിന് ശംസുദ്ദീന്റെ സുഹൃത്ത് കോട്ടക്കണ്ണിയിലെ സുദര്‍ശന്‍ ജില്ലാ സഹകരണ ബാങ്കില്‍ […]

കാസര്‍കോട്: ബാങ്കില്‍ നിന്ന് വായ്പ എടുത്ത സുഹൃത്ത് കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ജാമ്യം നിന്ന തന്റെ ശമ്പളത്തില്‍ നിന്ന് മാസങ്ങളായി പതിനായിരം വീതം പിടിച്ചുവെക്കുന്നതിനെതിരെ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ ഒറ്റയാള്‍ സമരം.
കാസര്‍കോട്-സുള്ള്യ റൂട്ടിലെ കെ.എസ്.ആര്‍.ടി.സി ഡ്രൈവറും മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയുമായ പി.കെ ഷംസുദ്ദീ(49)നാണ് ഇന്ന് രാവിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോ രണ്ടാം നിലയിലുള്ള ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ കാര്യാലയത്തിന് മുന്നില്‍ നില്‍പ് സമരം നടത്തിയത്.
ലോട്ടറി സ്റ്റാള്‍ തുടങ്ങുന്നതിന് ശംസുദ്ദീന്റെ സുഹൃത്ത് കോട്ടക്കണ്ണിയിലെ സുദര്‍ശന്‍ ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് രണ്ടുവര്‍ഷം മുമ്പ് രണ്ട് ലക്ഷം രൂപ വായ്പ എടുത്തിരുന്നുവത്രെ. ശംസുദ്ദീനാണ് ജാമ്യം നിന്നത്.
ഒരു ലക്ഷം രൂപ സുദര്‍ശന്‍ തിരിച്ചടച്ചതായും പറയുന്നു. ഏതാനും മാസംമുമ്പ് സുദര്‍ശന്‍ കോവിഡ് ബാധിച്ച് ദിവസങ്ങളോളം മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയും അതിനിടെ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ആറ് ലക്ഷത്തോളം രൂപ ചികിത്സക്കായി വേണ്ടിവന്നതായി പറയുന്നു. സുദര്‍ശന്‍ മരിച്ചതോടെ രണ്ടുകുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബം അനാഥമായി. അതിനിടെയാണ് ഇരുട്ടടി പോലെ ജപ്തി നോട്ടീസ് വന്നത്. തുക അടക്കാത്തത് കാരണം ശംസുദ്ദീന്റെ ശമ്പളത്തില്‍ നിന്ന് പ്രതിമാസം പതിനായിരം രൂപ വീതം പിടിച്ചെടുക്കുന്നുവെന്നാണ് പരാതി.
സ്വകാര്യ ലോണ്‍ തിരിച്ചടവും വീടിന്റെ വാടകയും മറ്റു ചെലവുകളും കാരണം ഏറെ ദുരിതത്തിലാണെന്നും നീതി ആവശ്യപ്പെട്ട് പലതവണ ബന്ധപ്പെട്ടവരെ സമീപിച്ചിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് സമരത്തിനിറങ്ങിയതെന്നും ശംസുദ്ദീന്‍ പറഞ്ഞു. 13 വര്‍ഷമായി കാസര്‍കോട് ഡിപ്പോയില്‍ ജോലിചെയ്യുന്ന ശംസുദ്ദീന്‍ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറി കൂടിയാണ്. ജോലിയിലിരിക്കെ മരിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ആശ്രിതര്‍ക്ക് നിയമനമോ പെന്‍ഷനോ നല്‍കാതെ വട്ടംകറക്കുന്നതായും ശംസുദ്ദീന്‍ ആരോപിച്ചു.

Related Articles
Next Story
Share it