തിരുവനന്തപുരം: പബ്ലിക് വൈഫൈ ഉപയോഗിച്ച് പണമിടപാട് നടത്തുന്നത് സുരക്ഷിതമല്ലെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്. മാളുകള്‍, എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് പൊതു സ്ഥലങ്ങള്‍ തുടങ്ങിയ സ്ഥലത്ത് ലഭ്യമാകുന്ന വൈഫൈ ഹോട്ട്സ്പോട്ടുകള്‍ ഉപയോഗിച്ച് പണമിടപാട് നടത്തുമ്പോള്‍ നമ്മുടെ വിവരങ്ങള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കാനുള്ള സാധ്യതയുണ്ടെന്ന് കേരള പോലീസ് പറയുന്നു.
ഇത്തരം വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സൗകര്യപ്രദമാണെങ്കിലും പലപ്പോഴും അവ സുരക്ഷിതമല്ല. ഒരു വൈഫൈ നെറ്റ്വര്‍ക്കിലേക്ക് കണക്റ്റുചെയ്ത് വെബ്സൈറ്റുകളിലൂടെയോ മൊബൈല്‍ ആപ്പുകളിലൂടെയോ വിവരങ്ങള്‍ കൈമാറുമ്പോള്‍ മറ്റാര്‍ക്കെങ്കിലും അവ കൈക്കലാക്കാനുള്ള സാധ്യത കൂടുതലാണ്. അവര്‍ക്ക് നിങ്ങളുടെ സെഷന് ഹൈജാക്ക് ചെയ്യാനും നിങ്ങളെപ്പോലെ ലോഗിന്‍ ചെയ്യാനും കഴിയും. സൗജന്യമായി ലഭ്യമാകുന്ന ഹാക്കിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ള ഉപയോക്താക്കള്‍ക്ക് പോലും ഇത് സാധ്യമാകും.
നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍, സ്വകാര്യ രേഖകള്‍, കോണ്ടാക്റ്റുകള്, കുടുംബ ഫോട്ടോകള്‍, ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ എന്നിവ പോലും നഷ്ടപ്പെടാനിടയുണ്ട്. സാമ്പത്തിക വിവരങ്ങള്‍ സൂക്ഷിക്കുന്ന സൈറ്റുകള്‍ ഉള്‍പ്പെടെ – മറ്റ് വെബ്സൈറ്റുകളില്‍ നിങ്ങളുടെ യൂസര്‍ ഐഡികളും പാസ് വേഡുകളും ഹാക്ക് ചെയ്യുന്നതിനോ അല്ലെങ്കില്‍ നിങ്ങളുടെ കോണ്ടാക്റ്റ് ലിസ്റ്റുകളിലെ ആള്‍ക്കാരെ തട്ടിപ്പിനിരയാക്കുന്നതിനോ നിങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കാം. തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, അവര്‍ക്ക് നിങ്ങളുടെ ഐഡന്റിറ്റി തന്നെ തട്ടിപ്പിനിരയാക്കാമെന്നും പോലീസ് മുന്നറിയിപ്പില്‍ പറയുന്നു.