മംഗളൂരു: ഫെബ്രുവരി അഞ്ചിന് ഉഡുപ്പി പംഗളയില്‍ ശരത് ഷെട്ടിയെ കൊലപ്പെടുത്തിയ കേസില്‍ വാടകക്കൊലയാളികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പി ജില്ലാ പൊലീസ് മേധാവി ഹക്കയ് അക്ഷയ് മഹീന്ദ്രയാണ് അറസ്റ്റ് വിവരം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
ഫെബ്രുവരി അഞ്ചിന് നാല് പേര് ആയുധം ഉപയോഗിച്ച് ശരത് ഷെട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ദൃക്സാക്ഷികളില്ലായിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തിന്റെ വൈദഗ്ധ്യം ഉപയോഗിച്ച് ഈ കേസ് തെളിയിക്കുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പേരെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. രണ്ടുപേരെ കൂടി കോടതിയില്‍ ഹാജരാക്കും. മുഖ്യപ്രതി ഇപ്പോഴും ഒളിവിലാണ്, ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മുഖ്യപ്രതിയും കൊല്ലപ്പെട്ടയാളും മുമ്പ് നല്ല സുഹൃത്തുക്കളായിരുന്നുവെങ്കിലും വ്യക്തിവൈരാഗ്യം മൂലം വേര്‍പിരിയുകയായിരുന്നു. ഇരുവരും ഡിസംബറില്‍ കാപ്പ് പൊലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രതികളായിരുന്നു. കൊലപാതകം നടത്താന്‍ മംഗളൂരു നഗരത്തില്‍ നിന്നാണ് നാലുപേരെ വാടകയ്ക്കെടുത്തത്. സംഭവം നടന്നയുടന്‍ അന്വേഷണത്തിനായി ആറംഗ പൊലീസ് ടീം രൂപീകരിച്ചു. സംഭവ സ്ഥലത്ത് നിന്ന് മൊബൈല്‍ ഫോണുകള്‍, പാദരക്ഷകള്‍, ആയുധങ്ങള്‍, മറ്റ് ചില വസ്തുക്കള്‍ എന്നിവ കണ്ടെടുത്തു. ഈ കുറ്റകൃത്യത്തിന് പണം നല്കിയ വ്യക്തിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുഖ്യപ്രതി പിടിയിലാകുന്ന മുറയ്ക്ക് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.