യുവതികളെ തട്ടിക്കൊണ്ടുപോയി നഗ്‌നവീഡിയോകള്‍ ചിത്രീകരിച്ച് പണം തട്ടുന്ന ദമ്പതികള്‍ അടക്കമുള്ള നാലംഗസംഘം ബംഗളൂരുവില്‍ പിടിയില്‍

ബംഗളൂരു: യുവതികളെ തട്ടിക്കൊണ്ടുപോയി നഗ്‌നവീഡിയോകള്‍ ചിത്രീകരിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്ന ദമ്പതികള്‍ അടക്കമുള്ള നാലംഗസംഘം ബംഗളൂരുവില്‍ പൊലീസ് പിടിയിലായി. ചിക്കഗൊല്ലറഹട്ടി സ്വദേശി രവി, ഭാര്യ മംഗള, ശ്രീനിവാസ്, തുംകൂര്‍ കുനിഗലിലെ ശിവകുമാര്‍ എന്നിവരെയാണ് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക സഹായവും ജോലിയും നല്‍കാമെന്ന് വിശ്വസിപ്പിച്ച് നിരവധി സ്ത്രീകളെ സംഘം കടത്തിക്കൊണ്ടുപോയി നഗ്‌നവീഡിയോകള്‍ ചിത്രീകരിക്കുകയും ബ്ലാക്ക് മെയില്‍ ചെയ്ത് പണം കൈക്കലാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഗ്യാസ് ഏജന്‍സിയില്‍ ജോലി ചെയ്തിരുന്ന സഹോദരങ്ങളാണ് ശ്രീനിവാസും […]

ബംഗളൂരു: യുവതികളെ തട്ടിക്കൊണ്ടുപോയി നഗ്‌നവീഡിയോകള്‍ ചിത്രീകരിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്ന ദമ്പതികള്‍ അടക്കമുള്ള നാലംഗസംഘം ബംഗളൂരുവില്‍ പൊലീസ് പിടിയിലായി. ചിക്കഗൊല്ലറഹട്ടി സ്വദേശി രവി, ഭാര്യ മംഗള, ശ്രീനിവാസ്, തുംകൂര്‍ കുനിഗലിലെ ശിവകുമാര്‍ എന്നിവരെയാണ് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക സഹായവും ജോലിയും നല്‍കാമെന്ന് വിശ്വസിപ്പിച്ച് നിരവധി സ്ത്രീകളെ സംഘം കടത്തിക്കൊണ്ടുപോയി നഗ്‌നവീഡിയോകള്‍ ചിത്രീകരിക്കുകയും ബ്ലാക്ക് മെയില്‍ ചെയ്ത് പണം കൈക്കലാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഗ്യാസ് ഏജന്‍സിയില്‍ ജോലി ചെയ്തിരുന്ന സഹോദരങ്ങളാണ് ശ്രീനിവാസും ശിവകുമാറും. വിധവകളെയും വിവാഹമോചിതരായ സ്ത്രീകളെയും ഭര്‍ത്താക്കന്‍മാരില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുന്ന സ്ത്രീകളെയുമാണ് സംഘം കൂടുതല്‍ ബ്ലാക്ക് മെയില്‍ ചെയ്യാറുള്ളതെന്ന് പൊലീസ് പറഞ്ഞു.
മംഗള യുവതികളെ സമീപിക്കുകയും വിശദാംശങ്ങള്‍ ശേഖരിച്ച ശേഷം അവര്‍ക്ക് സഹായം വാഗ്ദാനം ചെയ്യുകയും അവരോട് സഹതാപം പ്രകടിപ്പിച്ച് ഫോണില്‍ സംസാരിക്കുകയും വിശ്വാസം നേടുകയും ചെയ്യുന്നതാണ് രീതി. സ്ത്രീകളെ പ്രലോഭിപ്പിച്ച ശേഷം, ജോലി ലഭിക്കുമെന്ന് ഉറപ്പ് നല്‍കി അവരെ ഉദ്ദേശിച്ച സ്ഥലത്ത് എത്തിക്കുന്നു. തുടര്‍ന്ന് തട്ടിക്കൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ എത്തിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്യും. എതിര്‍ത്താല്‍ അവരെ അക്രമിക്കുകയും നഗ്നവീഡിയോകള്‍ പകര്‍ത്തുകയും ചെയ്യുന്നു.
പിന്നീട് നഗ്നവീഡിയോകള്‍ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുക്കും.
1.20 ലക്ഷം രൂപയുടെ സ്വര്‍ണവും 70,000 രൂപയും കുറ്റകൃത്യങ്ങള്‍ നടത്താന്‍ ഉപയോഗിച്ച കാറും ആയുധങ്ങളും പൊലീസ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. എട്ട് സ്ത്രീകളെ പ്രതികള്‍ ഉപദ്രവിച്ചതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രത്യാഘാതങ്ങള്‍ ഭയന്ന് ഇരകള്‍ പൊലീസില്‍ പരാതി നല്‍കിയില്ല.
എന്നാല്‍, മഹാലക്ഷ്മി ലേഔട്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട യുവതി പൊലീസില്‍ പരാതി നല്‍കി. പ്രതികള്‍ തന്നെ കാറില്‍ തട്ടിക്കൊണ്ടുപോയി തവരെകെരെയിലെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വലിച്ചിഴച്ച് നഗ്നവീഡിയോകള്‍ പകര്‍ത്തിയെന്നും 23 ഗ്രാം സ്വര്‍ണം തട്ടിയെടുക്കുകയും 84,000 രൂപ കൈക്കലാക്കുകയും ചെയ്തെന്നാണ് യുവതിയുടെ പരാതിയില്‍ വ്യക്തമാക്കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി സംഘത്തെ പിടികൂടുകയും അന്വേഷണത്തില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.

Related Articles
Next Story
Share it