കാഞ്ഞങ്ങാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ പയ്യന്നൂര്‍ അന്നൂര്‍ പ്രിയദര്‍ശിനിയിലെ കെ.പി കുഞ്ഞിക്കണ്ണന് (75) അന്തരിച്ചു. ഈ മാസം ഏഴിന് നീലേശ്വരത്ത് ഉണ്ടായ വാഹന അപകടത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. വാരിയെല്ലിന് ക്ഷതമേറ്റിരുന്നുവെങ്കിലും ഭേദമായി വീട്ടിലേക്ക് മടങ്ങിയിരുന്നു. അതിനിടെ ശ്വാസകോശത്തില്‍ നീര്‍ക്കെട്ട് വന്നതിനെ തുടര്‍ന്ന് നേരിയ ശ്വാസതടസം അനുഭവപ്പെട്ട് വീണ്ടും കണ്ണൂരിലെ മിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നേരിയ മാറ്റം ഉണ്ടായിരുന്നെങ്കിലും രണ്ടുദിവസം മുമ്പ് ഹൃദയാഘാതവും ഉണ്ടായി. ശരീരത്തിലെ പല അവയവങ്ങളുടെയും പ്രവര്‍ത്തനം തകരാറിലായി. ചൊവ്വാഴ്ച വൈകിട്ട് മുതല്‍ വെന്റിലേറ്ററില്‍ ആക്കി. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
1987 ലാണ് ഉദുമയില്‍ നിന്നും എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നാലെ കാസര്‍കോട് ഡി.സി.സി പ്രസിഡണ്ടായി. തുടര്‍ന്ന് വന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിലുള്ള വിഭാഗം മേല്‍ക്കൈ നേടിയെങ്കിലും ഡി.സി.സി പ്രസിഡണ്ട് സ്ഥാനത്തിന് തര്‍ക്കം ഉണ്ടായി. കുറച്ചുകാലം കുഞ്ഞിക്കണ്ണന് ഡി.സി.സി പ്രസിഡണ്ടായി തുടര്‍ന്നു. സ്ഥാനം ഒഴിഞ്ഞതോടെ കെ.പി.സി.സിയുടെ ജനറല്‍ സെക്രട്ടറിയായി. ദീര്‍ഘകാലം ഈ സ്ഥാനത്ത് തുടര്‍ന്നു. കേരഫെഡ് ചെയര്മാന്, വൈദ്യുതി ബോര്‍ഡ് അംഗം, കാന്‍ഫെഡ് ചെയര്മാന്, പി.എന്‍ പണിക്കര്‍ സൗഹൃദ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ചെയര്മാന്, പി.എന്‍ പണിക്കര്‍ സഹകരണ സംഘം പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. ഭാര്യ: സുശീല (റിട്ട. അധ്യാപിക). മക്കള്‍: കെ.പി.കെ. തിലകന് (പ്രതിപക്ഷ നേതാവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി), കെ.പി.കെ. തുളസി (അധ്യാപിക, ബി.ഇ.എം. ഹയര്‍സെക്കണ്ടറി സ്കൂള്‍ പയ്യന്നൂര്‍). മരുമക്കള്‍: അഡ്വ. വീണ എസ്. നായര്‍ തിരുവനന്തപുരം (യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട്), പ്രതീഷ്.