നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ കൊച്ചി മുന്‍ മേയര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ റിമാന്‍ഡില്‍

കൊച്ചി: സമരത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ അടിച്ചുതകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ റിമാന്‍ഡിലായി. പ്രതികളായ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് റിമാന്‍ഡിലായത്. കേസില്‍ അറസ്റ്റ് ഉറപ്പായതോടെ ഒന്നാം പ്രതി മുന്‍ മേയര്‍ ടോണി ചമ്മണി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി മനു ജേക്കബ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജര്‍ജസ്, കോണ്‍ഗ്രസ് വൈറ്റില ബൂത്ത് കമ്മിറ്റി പ്രസിഡന്റ് ജോസ് മാളിയേക്കല്‍ എന്നിവര്‍ മരട് പോലീസ് […]

കൊച്ചി: സമരത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ അടിച്ചുതകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ റിമാന്‍ഡിലായി. പ്രതികളായ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് റിമാന്‍ഡിലായത്. കേസില്‍ അറസ്റ്റ് ഉറപ്പായതോടെ ഒന്നാം പ്രതി മുന്‍ മേയര്‍ ടോണി ചമ്മണി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി മനു ജേക്കബ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജര്‍ജസ്, കോണ്‍ഗ്രസ് വൈറ്റില ബൂത്ത് കമ്മിറ്റി പ്രസിഡന്റ് ജോസ് മാളിയേക്കല്‍ എന്നിവര്‍ മരട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

കാര്‍ തകര്‍ത്ത സംഭവത്തില്‍ ടോണി ചമ്മണി ഉള്‍പ്പടെയുള്ള പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്ന് കീഴടങ്ങാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് സൂചന. അതേസമയം പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച പരിഗണിക്കും.

കോണ്‍ഗ്രസ് സമരം അലങ്കോലമാക്കുകയായിരുന്നു ജോജുവെന്നും ജോജുവിന്റെത് വ്യാജ പരാതിയാണെന്നും കീഴടങ്ങുന്നതിന് തൊട്ടുമുമ്പ്് ടോണി ചമ്മണി ആരോപിച്ചു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നാല് പേരെയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. പിന്നീട് അഞ്ച് മണിയോടെ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികളെ ഈ മാസം 22 വരെ കോടതി റിമാന്‍ഡ് ചെയ്തു.

സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ്, അറസ്റ്റ് നടപടികളിലേക്ക് കടന്നതോടെ ജോജുവുമായി കോണ്‍ഗ്രസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നു. എന്നാല്‍ തനിയ്‌ക്കെതിരെ നേതാക്കള്‍ ഉന്നയിച്ച വ്യാജ ആരോപണങ്ങള്‍ പിന്‍വലിച്ച് പരസ്യമായി ഖേദ പ്രകടനം നടത്തിയാല്‍ മാത്രം ഒത്തുതീര്‍പ്പെന്നായിരുന്നു ജോജുവിന്റെ നിലപാട്.

Related Articles
Next Story
Share it