കാസര്‍കോട്: വിദ്യാനഗര്‍ പരിസരത്ത് സര്‍വീസ് റോഡിനോട് ചേര്‍ന്ന നടപ്പാതയോരത്ത് കാട് കയറിയത് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാകുന്നു. വീതികുറഞ്ഞ സര്‍വീസ് റോഡില്‍ വിദ്യാനഗര്‍ മുതല്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് വരെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. സര്‍വീസ് റോഡിനോട് ചേര്‍ന്ന ഓവുചാലിന് മുകളിലടക്കം വാഹനങ്ങള്‍ കടന്നുപോകുന്നതും പതിവാണ്. അതിനിടെയാണ് തിരക്കേറിയ റോഡരികിലെ ഓവുചാലില്‍ കാടുകയറിയത്. ഇതുകാരണം കാല്‍നടയാത്രക്കാര്‍ വലിയ പ്രയാസമാണ് നേരിടുന്നത്. സ്വാകാര്യാസ്പത്രികളും ക്ലിനിക്കുകളും വക്കീല്‍ ഓഫീസുകളുമടക്കം സ്ഥിതിചെയ്യുന്ന ഈ ഭാഗത്ത് നിരവധി കാല്‍നടയാത്രക്കാരാണ് ദിനേന എത്തുന്നത്. വിദ്യാര്‍ത്ഥികളടക്കമുള്ളവരും സഞ്ചരിക്കാറുണ്ട്. എന്നാല്‍ നടന്നുപോകുന്ന ഭാഗത്ത് കാടുകയറിയത് കാരണം എങ്ങനെ യാത്രചെയ്യുമെന്നതാണ് പ്രയാസമുണ്ടാക്കുന്നത്. തിരക്കേറിയ സര്‍വീസ് റോഡിലൂടെ നടന്നാല്‍ അപകട സാധ്യത ഏറെയാണ്. അതോടൊപ്പം രൂക്ഷമായ ഗതാഗതക്കുരുക്കും യാത്രക്കാരില്‍ പ്രയാസമുണ്ടാക്കുന്നു.