ഇടുക്കി: ഇടുക്കി ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം വിജയത്തിലേക്ക്.
അരിക്കൊമ്പനെ ദൗത്യസംഘം മയക്കുവെടിവച്ചു. ശനിയാഴ്ച ഉച്ചയോടെ സിമന്റ് പാലത്തിന് സമീപം വച്ചാണ് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടിവച്ചത്. ദൗത്യത്തിന്റെ രണ്ടാം ദിനത്തിലാണ് അരിക്കൊമ്പനെ കണ്ടെത്തി മയക്കുവെടിവയ്ക്കാനായത്. കഴിഞ്ഞദിവസം ഒമ്പത് മണിക്കൂര്‍ തിരഞ്ഞിട്ടും അരിക്കൊമ്പനെ കണ്ടെത്താനായിരുന്നില്ല. വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് ദൗത്യസംഘം ശ്രമം അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു. ശനിയാഴ്ച രാവിലെത്തന്നെ ആരംഭിച്ച തിരച്ചിലില്‍ അരിക്കൊമ്പനെ സിങ്കുകണ്ടത്ത് കണ്ടെത്തി. പിന്നാലെ വനംവകുപ്പിന്റെ സംഘം പ്രദേശത്തേക്ക് തിരിക്കുകയായിരുന്നു. ആനയെ ദൗത്യമേഖലയായ സിമന്റുപാലത്തേക്ക് എത്തിക്കാനുള്ള ശ്രമം വിജയിക്കുകയായിരുന്നു. പിന്നാലെ മയക്കുവെടി വെക്കാനുള്ള സംഘം ചിന്നക്കനാല്‍ ഫാത്തിമ മാതാ സ്കൂളിലെ ബേസ് ക്യാമ്പില്‍നിന്ന് പുറപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് അരിക്കൊമ്പനെ ആനയിറങ്കലിന് സമീപം ശങ്കരപാണ്ഡ്യമെട്ടില്‍ പ്രദേശവാസികള്‍ കണ്ടെത്തിയിരുന്നു. ഒന്‍പത് മണിക്കൂറോളം പ്രദേശമാകെ അരിച്ചുപെറുക്കിയെങ്കിലും അരിക്കൊമ്പനെ കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ്, ശങ്കരപാണ്ഡ്യമെട്ടില്‍ ആനയെ കണ്ടെത്തിയത്. ബൂസ്റ്റര്‍ ഡോസ് നല്‍കിയതോടെയാണ് അരിക്കൊമ്പന് മയങ്ങിയത്. പൂര്‍ണ്ണമായി മയങ്ങിയ ശേഷം റേഡിയോ കോളര്‍ ഘടിപ്പിക്കും. കാലില്‍ വടം കെട്ടി പൂര്ണ്ണനിയന്ത്രണത്തിലാക്കും. അതുപോലെ തന്നെ ലോറിയില്‍ കയറ്റും മുമ്പ് കണ്ണുകെട്ടും. കാലില്‍ വടം കെട്ടാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നാല് കുങ്കിയാനകളാണ് അരിക്കൊമ്പന് ചുറ്റുമുള്ളത്. കുങ്കിയാനകള്‍ ചേര്‍ന്നാണ് അരിക്കൊമ്പനെ ലോറിയില്‍ കയറ്റുക.