വിമാനങ്ങളുടെ തീവെട്ടിക്കൊള്ള; വലഞ്ഞ് പ്രവാസികള്‍

വിദേശ പര്യടനവേളയില്‍ രാജ്യത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും ഒഴിച്ച് കൂടാനാകാത്തവരാണ് പ്രവാസികളെന്ന മന്ത്രിമാരുടെയും എം.പിയുടെയും എം.എല്‍.എമാരുടെയും സ്ഥിരം പുകഴ്ത്തലുകള്‍ കേട്ട് കൈയടിക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണ് പ്രവാസികള്‍. അതേ സമയം രാജ്യത്ത് ഭരണകൂടങ്ങള്‍ തീര്‍ത്തും പ്രവാസി വിരുദ്ധമായ നടപടികള്‍ക്ക് കൂട്ടുനില്‍ക്കുകയും സാധ്യമായ വിധത്തിലൊക്കെ പ്രവാസികളെ ചൂഷണങ്ങള്‍ക്ക് ഇരയാക്കുകയുമാണ് ചെയ്യുന്നത്.പ്രവാസികളുടെ വിവിധ പ്രശ്‌ന പരിഹാരങ്ങള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഇടപ്പെടലുകള്‍ ആശാവഹമാണ്. എന്നാല്‍ വിമാന ടിക്കറ്റ് വര്‍ധന മൂലം പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ചെറുതല്ല. സീസണുകളിലെ വിമാന നിരക്ക് വര്‍ധനവില്‍ […]

വിദേശ പര്യടനവേളയില്‍ രാജ്യത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും ഒഴിച്ച് കൂടാനാകാത്തവരാണ് പ്രവാസികളെന്ന മന്ത്രിമാരുടെയും എം.പിയുടെയും എം.എല്‍.എമാരുടെയും സ്ഥിരം പുകഴ്ത്തലുകള്‍ കേട്ട് കൈയടിക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണ് പ്രവാസികള്‍. അതേ സമയം രാജ്യത്ത് ഭരണകൂടങ്ങള്‍ തീര്‍ത്തും പ്രവാസി വിരുദ്ധമായ നടപടികള്‍ക്ക് കൂട്ടുനില്‍ക്കുകയും സാധ്യമായ വിധത്തിലൊക്കെ പ്രവാസികളെ ചൂഷണങ്ങള്‍ക്ക് ഇരയാക്കുകയുമാണ് ചെയ്യുന്നത്.
പ്രവാസികളുടെ വിവിധ പ്രശ്‌ന പരിഹാരങ്ങള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഇടപ്പെടലുകള്‍ ആശാവഹമാണ്. എന്നാല്‍ വിമാന ടിക്കറ്റ് വര്‍ധന മൂലം പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ചെറുതല്ല. സീസണുകളിലെ വിമാന നിരക്ക് വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാര്‍ വിമാന കമ്പനിയുമായി കേരള എം.പിമാരും കേരള മുഖ്യമന്ത്രിയും ചര്‍ച്ച നടത്തണം. മുഖ്യമന്ത്രിയുടെ കത്തിടപാടില്‍ ഒതുങ്ങാതെ സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി കേന്ദ്ര സര്‍ക്കാറിനെ സമീപ്പിക്കുകയും യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ പരിഹാരം കാണേണ്ടതുമുണ്ട്. ചാര്‍ട്ടേഡ് ചെലവ് യുക്തി സഹമാക്കാനും യാത്രക്കാര്‍ക്ക് താങ്ങാവുന്ന പരിധിക്കുള്ളില്‍ ടിക്കറ്റ് നിരക്ക് നിലനിര്‍ത്താനും 15 കോടി രൂപയുടെ കോര്‍പസ് ഫണ്ട് രൂപീകരിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. എല്ലാ അവധി കാലങ്ങളില്‍ വിമാന കമ്പനിയുടെ ചൂഷണത്തെ ക്കുറിച്ച് പരിഭവപ്പെടാനും ഭരണകൂടങ്ങളുടെ താല്‍കാലിക പ്രഖ്യാപനങ്ങളില്‍ സംതൃപ്തിയടയാനുമാണ് പ്രവാസികളുടെ വിധി. പ്രവാസികള്‍ രാജ്യത്തിന്റെ ബ്രാന്റ് അംബാസിഡര്‍മാരെന്നും രാഷ്ട്ര നിര്‍മാണത്തിന് അവര്‍ നല്‍കിയത് അസാധാരണമായ സംഭവാനകളാണെന്നും പ്രവാസി ഭാരതീയ ദിവസില്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വലിയ കൈയ്യടി നേടുകയുണ്ടായി. പിന്നീട് പ്രഖ്യാപിച്ച കേന്ദ്ര ബജറ്റില്‍ ഈ 'ബ്രാന്‍ഡ് അബാസിഡര്‍'മാരെ പരിഗണിച്ചില്ല എന്നതാണ് വാസ്തവം. പ്രവാസികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാവുന്ന ഒന്നും തന്നെ ബജറ്റില്‍ പരാമര്‍ശിച്ചിട്ടുമില്ല. ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവരെ പുന:രധിവസിപ്പിക്കാനോ അവധികാലങ്ങളില്‍ തുടര്‍ക്കഥയായ ഇത്തരം ചൂഷണങ്ങളില്‍ നിന്ന് പ്രവാസികളെ സംരക്ഷിക്കാനാവശ്യമായ ഫണ്ട് മാറ്റിവെക്കാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇത്തരം വിഷയങ്ങളില്‍ കാണിക്കുന്ന നിസ്സംഗതക്കെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. പക്ഷെ കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെയടക്കം അനുമതി ആവശ്യമുള്ള പദ്ധതി എത്രത്തോളം പ്രയോഗികമാണ് എന്നത് കണ്ടറിയേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക അഭിവൃദ്ധിയിലും സാമൂഹിക മുന്നേറ്റത്തിലും നിര്‍ണ്ണായക പങ്ക് വഹിച്ചവരാണ് പ്രവാസി സമൂഹമെന്നത് അവിതര്‍ക്കിതമായ കാര്യമാണ്. പ്രവാസികള്‍ നിരന്തരം നേരിട്ടുക്കൊണ്ടിരിക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ നമ്മുടെ സമൂഹത്തില്‍ നിന്ന് നാമമാത്രമായ പ്രതിഷേധം മാത്രമേ ഉയര്‍ന്നു കേള്‍ക്കുന്നു. ഈ വിഷയം പതിറ്റാണ്ടിലേറെയായി സമൂഹത്തിന്റെ മുമ്പില്‍ സമര്‍പ്പിക്കുന്നുണ്ട്. മുഖ്യധാരയുടെ അജണ്ട തീരുമാനിക്കാന്‍ കെല്‍പ്പുള്ള മാധ്യമങ്ങള്‍പ്പോലും വിഷയത്തില്‍ ചിരിക്കുകയാണ്. എതെങ്കിലും ഒരുനിലക്കെങ്കിലും പ്രവാസി സമൂഹത്തിന്റെ ആനുകൂല്യങ്ങള്‍ അനുഭവിച്ച് ജീവിക്കുന്ന കേരളീയ സമൂഹം പ്രവാസികളെ കേവലം കറവപശുക്കളായി കാണാതെ വിഷയം അതീവ ഗൗരവത്തില്‍ പരിഗണിക്കുകയും പരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ കാണുകയും ചെയ്യണം.
വിദ്യായലങ്ങളിലെ വേനല്‍ അവധിയും ബലി പെരുന്നാള്‍ അവധിയും അടുക്കുന്നതോടെ യു.എ.ഇയില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന നിരക്ക് കുതിച്ചുയരുന്നു. ജൂണ്‍ അവസാനം ബലി പെരുന്നാള്‍ അവധിയും ജുലായ് ആദ്യം വിദ്യായലങ്ങളിലെ അവധിയും ആരംഭിക്കും. പതിവ് പോലെ അവധിക്കാല സീസണുകളിലെ വിമാനയാത്രാ നിരക്ക് പറ പറപ്പിക്കുകയാണ് വിമാന കമ്പനികള്‍. പ്രത്യേകിച്ച് ഗള്‍ഫ് സെക്ടറില്‍ നിന്നും തിരിച്ചുള്ള സര്‍വീസുകളിലെ ടിക്കറ്റ് നിരക്കിലാണ് ഭീമമായ വര്‍ധന ഉണ്ടായിട്ടുള്ളത്. നാമമാത്രമായ ശമ്പളത്തിന് ജോലി ചെയ്ത് അവധി ദിനങ്ങളില്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ യാത്ര തിരിക്കുന്നവരെ കൊള്ളയടിക്കുന്ന പ്രവണത നിയന്ത്രണ വിധേയമാക്കേണ്ടതുണ്ട്. സീസണുകളിലെ ടിക്കറ്റ് നിരക്ക് സ്വാഭവികമാണെന്നും യാത്രക്കാര്‍ വിപണി മനസിലാക്കി കളിക്കണമെന്നും ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ ഉദ്ദേശമില്ലെന്നുമുള്ള കേന്ദ്ര വ്യോമയാന മന്ത്രിയുടെ പ്രസ്താവന അടുത്ത കാലത്ത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജനങ്ങളുടെ ക്ഷേമം ആത്യന്തിക ലക്ഷ്യമാക്കേണ്ട ഭരണകൂടങ്ങള്‍ ചൂഷകര്‍ക്ക് അരുനില്‍ക്കുന്നത് നീതീകരിക്കാനാവില്ല.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 120ലധികം രാജ്യങ്ങളില്‍ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഗള്‍ഫ് സെക്ടറില്‍ ജോലി ചെയ്യുന്നവരാണ് ഇതില്‍ കൂടുതലും. ഗള്‍ഫില്‍ മാത്രം 50 ലക്ഷത്തോളം മലയാളികള്‍ താമസിക്കുന്നുണ്ട്. വിദേശത്ത് ജോലി ചെയ്യുന്നവരില്‍ നിന്നാണ് വര്‍ഷം തോറും രാജ്യത്തേക്ക് ബാങ്ക് മുഖേന ഭീമമായ തുക എത്തുന്നത്. ലോക ബാങ്കിന്റെ കണക്ക് പ്രകാരം എറ്റവും കൂടുതല്‍ പ്രവാസി പണം ലഭിക്കുന്ന രാജ്യം കൂടിയാണ് ഇന്ത്യ. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 30,000 കോടി ഡോളര്‍ രാജ്യത്ത് എത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. 2022ല്‍ പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചത് 100 ബില്യന്‍ ഡോളറാണ്. ഇതില്‍ നിന്ന് 30 ശതമാനം ഗള്‍ഫ് സെക്ടറില്‍ നിന്നാണ്. രാജ്യത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും മുന്നേറ്റത്തിലും പ്രവാസികള്‍ അഭിവാജ്യഘടകമാണെന്നാണ് സൂചിപ്പിക്കുന്നത്. എന്നിട്ട്‌പോലും വര്‍ഷങ്ങളായി പ്രവാസികളോട് ഭരണകൂടങ്ങള്‍ വെച്ചുപുലര്‍ത്തുന്ന നിഷേധാത്മകമായ സമീപനം തിരുത്താന്‍ ഇപ്പോഴും തയ്യാറായിട്ടില്ലെന്നാണ് വസ്തുത.
ജൂണ്‍ 24ന് ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് 1750 ദിര്‍ഹവും ദുബായില്‍ നിന്ന് 1850 ദിര്‍ഹമും അബുദാബിയില്‍ നിന്ന് 1950 ദിര്‍ഹമുമാണ് നിരക്ക്. കൊച്ചിയിലേക്ക് 1800 മുതല്‍ 3000 ദിര്‍ഹം വരെയും തിരുവനന്തപുരത്തേക്ക് 1700 മുതല്‍ 2700 വരെയുമാണ് വിമാന കമ്പനിയുടെ സൈറ്റില്‍ ഈടാക്കുന്നത്. സ്‌പൈസ് ജെറ്റ് അടക്കം മറ്റു വിദേശ വിമാന കമ്പനികളും 2000 ദിര്‍ഹം വരെ ഈടാക്കുന്നു. ഷാര്‍ജയില്‍ നിന്ന് കണ്ണൂരിലേക്ക് 2000 ദിര്‍ഹം. കണ്ണൂരില്‍ നിന്ന് ദുബായിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ജൂണ്‍ അവസാനവാരം മിക്ക ദിവസങ്ങളിലും ഉയര്‍ന്ന നിരക്കാണ് വിമാന കമ്പനികള്‍ ഈടാക്കുന്നത്. ഗോ ഫസ്റ്റ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിയതിനാല്‍ ആ വിമാനത്തില്‍ ടിക്കറ്റ് എടുത്ത പലരും കടുത്ത ആശങ്കയിലാണ്. സര്‍വീസ് പുന:രാരംഭിച്ചില്ലെങ്കില്‍ വലിയ വിഭാഗം ആളുകള്‍ക്ക് പുതിയ ടിക്കറ്റ് എടുക്കേണ്ടി വരും. എയര്‍ ഇന്ത്യ കോഴിക്കോട്ടേക്കുള്ള സര്‍വീസുകള്‍ മാര്‍ച്ച് അവസാനം മുതല്‍ പൂര്‍ണമായും നിര്‍ത്തിയത് വിമാന നിരക്ക് കുതിച്ചുയരാന്‍ കാരണമായിട്ടുണ്ട്. യു.എ.ഇ സെക്ടറില്‍ അധിക സീറ്റുകള്‍ക്ക് വേണ്ടിയുള്ള യു.എ.ഇ.യുടെ ആവശ്യം ഇന്ത്യന്‍ വിമാന കമ്പനിയുടെ എതിര്‍പ്പ് കാരണം ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം മാര്‍ച്ച് അവസാനം നിരസിക്കുകയായിരുന്നു. നാലും അഞ്ചും അംഗമുള്ള ഒരു കുടുംബത്തിന് ജൂണ്‍ അവസാനം നാട്ടില്‍ പോകണമെങ്കില്‍ 9000 ദിര്‍ഹമിന് മുകളില്‍ മാറ്റി വെക്കേണ്ടി വരും. ഇടത്തരം വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് വലിയ ബാധ്യതയാണ് ഇത് വരുത്തിവെക്കുന്നത്. കേരളത്തിന് പുറത്തുള്ള വിമാനത്താവളത്തിലേക്ക് താരതമ്യേന വിമാന ടിക്കറ്റ് കുറവാണ്. പലരും മുംബൈ, ഡല്‍ഹി, ഹൈദരബാദ്, ബംഗളൂരു തുടങ്ങിയ കണക്ഷന്‍ ഫ്‌ളൈറ്റുകളെയാണ് ആശ്രയിക്കുന്നത്. 10 മുതല്‍ 20 മണിക്കൂര്‍ വരെ എടുത്താണ് പലരും നാട്ടിലെത്തുക. യു.എ.ഇയില്‍ നിന്ന് മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കേരളത്തിലേക്കും 9 മണിക്കൂറുള്ള അമേരിക്കയിലേക്കും 8 മണിക്കൂറുള്ള ലണ്ടനിലേക്കും 7 മണിക്കൂറുള്ള ഇറ്റലിയിലേക്കും ഇടാക്കുന്നത് ഒരോ നിരക്ക്! ഇതെന്ത് നിതീ? ഇത്തരം വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടുന്നത് മനസിലാവുന്നില്ല. കേന്ദ്ര-സര്‍ക്കാര്‍ ചില വിമാന കമ്പനിക്ക് ദാസവേല ചെയ്യുന്നു എന്ന് പറയേണ്ടി വരും.


-ഹുസൈന്‍ പടിഞ്ഞാര്‍

Related Articles
Next Story
Share it