കൊപ്പല്‍ അരങ്ങൊഴിഞ്ഞിട്ട് അഞ്ച് വര്‍ഷം...

2016 നവംബര്‍ 23ന്റെ തലേന്ന് രാത്രി ഞാന്‍ കൊപ്പല്‍ അബ്ദുല്ലയുടെ വീട് ലക്ഷ്യമാക്കി വണ്ടിയോടിച്ചു. എപ്പോഴും രാത്രി ആ വീടിന്റെ പൂമുഖത്ത് ഇരിക്കുന്ന കൊപ്പലിനെ കണ്ടില്ല. വാതില്‍ ചാരിയിരിക്കുകയാണ്. കോളിംഗ് ബെല്‍ അമര്‍ത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയാണ് വാതില്‍ തുറന്നത്. അപ്പുറത്തേ മുറിയിലുണ്ട്. ഞാന്‍ പതിയെ ചെന്നു. ചെറിയ കിടപ്പുമുറിയില്‍ കിടക്കുകയാണ്. കുറേ ദിവസങ്ങളായി ഞങ്ങള്‍ പിണങ്ങിയിട്ട്. പിണക്കം മാറ്റണം. കൊപ്പല്‍ അങ്ങനെയാണ്, പിണങ്ങും, ഇണങ്ങും. ക്ഷമാപണം നടത്തി. എന്തിനാണെടാ സോറി പറയുന്നത്. നീയല്ലേ ഫോണ്‍ വിളിച്ചാല്‍ എടുക്കാത്തത്. […]

2016 നവംബര്‍ 23ന്റെ തലേന്ന് രാത്രി ഞാന്‍ കൊപ്പല്‍ അബ്ദുല്ലയുടെ വീട് ലക്ഷ്യമാക്കി വണ്ടിയോടിച്ചു. എപ്പോഴും രാത്രി ആ വീടിന്റെ പൂമുഖത്ത് ഇരിക്കുന്ന കൊപ്പലിനെ കണ്ടില്ല. വാതില്‍ ചാരിയിരിക്കുകയാണ്. കോളിംഗ് ബെല്‍ അമര്‍ത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയാണ് വാതില്‍ തുറന്നത്. അപ്പുറത്തേ മുറിയിലുണ്ട്. ഞാന്‍ പതിയെ ചെന്നു. ചെറിയ കിടപ്പുമുറിയില്‍ കിടക്കുകയാണ്. കുറേ ദിവസങ്ങളായി ഞങ്ങള്‍ പിണങ്ങിയിട്ട്. പിണക്കം മാറ്റണം. കൊപ്പല്‍ അങ്ങനെയാണ്, പിണങ്ങും, ഇണങ്ങും. ക്ഷമാപണം നടത്തി. എന്തിനാണെടാ സോറി പറയുന്നത്. നീയല്ലേ ഫോണ്‍ വിളിച്ചാല്‍ എടുക്കാത്തത്. എന്നും കാണുമ്പോള്‍ പറയുന്ന നാട്ടുവിശേഷങ്ങളും രാഷ്ടീയവും കുറേ സമയം സംസാരിച്ചു. പോകാന്‍ നേരം.നമുക്ക് കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഞാന്‍ രാവിലെ കോഴിക്കോട്ടേക്ക് പോവുകയാണ്. തിരിച്ച് വന്നാല്‍ ഒന്ന് കാണണം. ഫോണ്‍ വിളിച്ചാല്‍ എടുക്കണം. അതിനിടെ കൊപ്പല്‍ കുറേ ചുമച്ചു. ഏതാനും ആഴ്ച്ചകളായി ചുമ കൂടിവരികയാണെന്നും പറഞ്ഞു. നന്നായി ഒന്ന് പരിശോധിചൂടേ..? എന്ന എന്റെ ചോദ്യത്തിനുള്ള മറുപടി ചിരിയിലൊതുക്കി. ഞങ്ങള്‍ തമ്മിലുള്ള പിണക്കം ഒരു മണിക്കൂര്‍ കൊണ്ട് ഇല്ലാതായി. പിറ്റേന്ന് ഞാന്‍ വീട്ടില്‍ നിന്ന് കുറേ ഇളനീരുമായി കൊപ്പലിന്റെ വീട്ടിലെത്തിയപ്പോള്‍ അദ്ദേഹം ഏറെ സന്തോഷിച്ചു. അതവസാനത്തെ കണ്ട് മുട്ടലാണെന്ന് അറിഞ്ഞില്ല. കൊപ്പല്‍ ഒരു സ്‌നേഹസാഗരമാണ്. അദ്ദേഹത്തിന് ഏറ്റവും കൂടുതലുള്ളത് രാഷ്ടീയത്തില്‍ ശത്രുക്കളായിരുന്നു. പക്ഷേ വിവാഹ ചടങ്ങിലും വിരുന്നിലുമൊക്കെ ഈ ശത്രുക്കളെ കെട്ടിപിടിക്കുന്നത് കണ്ടിട്ടുണ്ട്. ഫോട്ടോഗ്രാഫര്‍മാര്‍ മാത്രമല്ല മാധ്യമ പ്രവര്‍ത്തകര്‍ പോലും അദ്ദേഹത്തിന്റെ ഏറ്റവും വലിയ സുഹൃത്തുക്കളായിരുന്നു. മാപ്പിളപ്പാട്ടിനെ നെഞ്ചിലേറ്റിയ കൊപ്പല്‍ എത്രയത്ര പരിപാടികളാണ് കാസര്‍കോട് സംഘടിപ്പിച്ചത്. ഇങ്ങ് മംഗ്‌ളൂര്‍ മുതല്‍ കന്യാകുമാരി വരെ നീളുന്ന സൗഹൃദ ബന്ധങ്ങള്‍ മറ്റാര്‍ക്കും ഉണ്ടാവില്ല. ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിനെ അതിരറ്റം സ്‌നേഹിച്ചു. പാര്‍ട്ടി പിളര്‍ന്ന് ഖായിദെമില്ലത്ത് കള്‍ച്ചറല്‍ ഫോറവും ഐ.എന്‍.എല്ലും രുപീകരിച്ചപ്പോള്‍ അതിനെ വളര്‍ത്തി വലുതാക്കാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ച വ്യക്തിയായിരുന്നു കൊപ്പല്‍. സഅദിയ ലോഡ്ജിലാണ് അദ്ദേഹത്തിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ കൊപ്പലിനെ കാണാന്‍ എത്തും. കൊപ്പലിന്റെ ആവശ്യമല്ല അവരുടെ ആവശ്യമായിരുന്നു. നഗരസഭയിലാവട്ടെ, സെക്രട്ടറിയേറ്റിലാവട്ടെ എവിടെ കടലാസ് ജോലികള്‍ ശരിയാക്കണോ, കൊപ്പലിനെ ഒന്ന് കണ്ടാല്‍ മതി. പിന്നീട് ആ ആവശ്യത്തിന് അലയേണ്ട. പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കാന്‍ പ്രായപൂര്‍ത്തിയാവുമ്പോള്‍ വീട്ടുകാരായിരുന്നില്ല പലരേയും ഓര്‍മ്മപ്പെടുത്തിയത്. കൊപ്പലായിരുന്നു. എത്ര പേര്‍ക്കാണ് കൊപ്പല്‍ പാസ്‌പോപോര്‍ട്ടുകള്‍ അതിവേഗതയില്‍ ഓഫീസുകളില്‍ പോയി ശരിയാക്കി കൊടുത്തത്. കോഴിക്കോട്ടെ പാസ്‌പോര്‍ട്ട് ഓഫീസിലെ ചുമരുകള്‍ക്ക് പോലും കൊപ്പലിനെ അറിയാം. അവിടെയുള്ള ഉദ്യോഗസ്ഥരൊക്കെ കൊപ്പലിന്റെ സുഹൃത്തുക്കളായിരുന്നു.
നഗരസഭയില്‍ നെല്ലിക്കുന്ന്, ബങ്കരക്കുന്ന് വാര്‍ഡുകളെ പ്രതിനിധീകരിച്ച് എത്ര വര്‍ഷമായിരുന്നു അംഗമായത്. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായി. ഈ സമയത്തൊക്കെ നെല്ലിക്കുന്ന്, ബങ്കരക്കുന്ന് പ്രദേശങ്ങളില്‍ അദ്ദേഹം വെളിച്ച വിപ്ലവം തന്നെ നടത്തി. ഇത് രാഷ്ടീയ എതിരാളികള്‍ പോലും സമ്മതിച്ചിട്ടുണ്ട്. ഉത്തരദേശം അടക്കമുള്ള പത്രസ്ഥാപനങ്ങളില്‍ നിരന്തരം കയറി വാര്‍ത്തകള്‍ നല്‍കും. വിവാഹം, വിരുന്ന്, മരണ ചടങ്ങ് അത് ഏതായാലും കൊപ്പല്‍ അവിടെ എത്തും. ദിവസം പത്തും പതിനഞ്ചും പരിപാടികള്‍ ഉണ്ടാകും. അതൊക്കെ ചെറിയൊരു കടലാസില്‍ കുറിച്ചിടും. എല്ലായിടത്തും രാത്രിയായാലും ഓടിയെത്തുമായിരുന്നു. ടൂ വീലേഴ്‌സ് അസോസിയേഷന്‍ അടക്കം നിരവധി സംഘടനകള്‍ക്ക് രൂപം നല്‍കി അതിനെ ഭംഗിയായി കൊണ്ടെത്തിച്ചു. തളങ്കര ഗവ. മുസ്ലീം ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ കൊപ്പല്‍ അവിടെ നടക്കുന്ന എല്ലാ പരിപാടികളിലും നിറസാന്നിധ്യമുണ്ടാകും. പറയാന്‍ ഏറേ, എഴുതാന്‍ അതിനപ്പുറമുണ്ട്. ഇന്ന് കൊപ്പല്‍ ഇല്ല. അരങ്ങൊഴിഞ്ഞ് പോയി അഞ്ച് വര്‍ഷമാകുന്നു. അദ്ദേഹത്തിന്റെ പേരില്‍ കാസര്‍കോട് ഒരു അനുസ്മരണ ചടങ്ങ് പോലും നടന്നില്ല. കൊപ്പല്‍ അവസാനം കണ്ടപ്പോള്‍ ഒരു വാക്ക് പറഞ്ഞിരുന്നു. അതോര്‍മ്മയില്‍ വരികയാണ്. ഞാന്‍ പോയിട്ട് തിരിച്ച് വരാം. നമുക്ക് കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്.. മഗ്ഫിറത്തിനായി പ്രാര്‍ത്ഥിക്കുന്നു.

Related Articles
Next Story
Share it