ഉദുമ: കണ്ടെയ്‌നര്‍ ലോറി ഓമ്‌നി വാനുമായി കൂട്ടിയിടിച്ച് പാനൂര്‍ സ്വദേശികളായ അഞ്ചു പേര്‍ക്ക് പരിക്ക്. ശനിയാഴ്ച പുലര്‍ച്ചെ 2.30ന് കാസര്‍കോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ പള്ളിക്കര പെട്രോള്‍ പമ്പിന് സമീപമാണ് അപകടം.
പരിക്കേറ്റ പാനൂര്‍ കൈവേലിക്കല്‍ സ്വദേശികളായ കെ പി നിശാന്ത് (28), കെ പി അക്ഷയ് (27), പി ശരത് ലാല്‍ (26), പാനൂര്‍ ചെണ്ടായാട് സ്വദേശി എ സായ്ന്ത് (27), കണ്ണൂര്‍ എടക്കാട് സ്വദേശി കെ ആദീഷ് (28), എന്നിവരെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ പാത വികസനത്തിന്റെ കരാര്‍ക്കാരന് നിശാന്തിന്റെ ജീപ്പ് വാടകയ്ക്ക് കൊടുത്തിരുന്നു. ഈ ജീപ്പിന്റെ ടയര്‍ മാറ്റിയിടാനാണ് പാനൂരില്‍ നിന്ന് ഓമ്‌നി വാനില്‍ ഉപ്പളയില്‍ എത്തിയത്. മടങ്ങുവഴിയാണ് വാന്‍ പള്ളിക്കരയില്‍ അപകടത്തില്‍പ്പെട്ടത്.
കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് മംഗളൂരുവിലേക്ക് പോകുന്ന കണ്ടെയ്‌നിര്‍ ലോറിയാണ് ഇടിച്ചത്. പൂര്‍ണമായി തകര്‍ന്ന ഓമനി വാനിന്‍ നിന്ന് പരിക്കേറ്റവരെ നാട്ടുകാരാണ് കാഞ്ഞങ്ങാട് സ്വകാര്യാസ്പത്രിയിലെത്തിച്ചത്. പരിക്ക് സാരമുള്ളതിനാല്‍ മംഗളൂരു സ്വകാര്യസ്പത്രയിലേക്ക് മാറ്റുകയായിരുന്നു.