കാസര്‍കോട്: വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ കോടതി അഞ്ചരവര്‍ഷം കഠിനതടവിനും ഒരു ലക്ഷത്തിനാലായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. രാജപുരം പടിമരുതിലെ ജയ്സണ്‍ ജോസഫിനെ(52)യാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് (ഒന്ന്) എ. മനോജ് വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ 15 മാസം അധിക തടവും അനുഭവിക്കണം. 2009 സെപ്തംബര്‍ 28ന് രാവിലെ 5.30 മണിക്ക് കോടോം ഗ്രാമത്തില്‍ പടിമരുതില്‍ താമസിക്കുന്ന സ്ത്രീയാണ് അക്രമത്തിനിരയായത്. വീട്ടില്‍ അതിക്രമിച്ച് കയറിയ ജെയ്സണ്‍ ഭര്‍ത്താവിനെ അടിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ പ്രതി കയ്യില്‍ കരുതിയിരുന്ന സ്റ്റീല്‍ കത്തി കൊണ്ട് വീട്ടമ്മയുടെ ഇടതു നെഞ്ചിനും വയറിനും കുത്തി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. രാജപുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റു ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ രാജപുരം സബ് ഇന്‍സ്പെക്ടറായിരുന്ന ടി. മധുസൂധനന് നായരാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. രാഘവന് ഹാജരായി.