മത്സ്യതൊഴിലാളിയുടെ ജീവനെടുത്തത് റോഡിലെ ചതിക്കുഴി; കെ.എസ്.ടി.പി അധികൃതര്‍ക്കെതിരെ പ്രതിഷേധം

ഉദുമ: കാലവര്‍ഷം കനത്തതോടെ കെ.എസ്.ടി.പി. റോഡില്‍ കുഴികള്‍ രൂപപ്പെട്ടു. ഇതോടെ അപകടസാധ്യതയും വര്‍ധിക്കുന്നു. കെ.എസ്.ടി.പി റോഡിലെ ചതിക്കുഴി ഇന്നലെ രാവിലെ മത്സ്യതൊഴിലാളിയുടെ ജീവന്‍ അപഹരിച്ചു. ബേക്കല്‍ ചിറമ്മലിലെ ബാബുരാജാ(45)ണ് മരിച്ചത്. രാവിലെ ബേക്കല്‍ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ബൈക്കില്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്നു ബാബുരാജ്. ബേക്കല്‍ പാലത്തിനോട് ചേര്‍ന്നുള്ള കൂറ്റന്‍ കുഴി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറിക്കടിയില്‍ പെടുകയായിരുന്നു. ബാബുരാജ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. മത്സ്യബന്ധനത്തിന് ഒഴിവുകിട്ടുന്ന സമയങ്ങളില്‍ ബാബുരാജ് മാജിക് […]

ഉദുമ: കാലവര്‍ഷം കനത്തതോടെ കെ.എസ്.ടി.പി. റോഡില്‍ കുഴികള്‍ രൂപപ്പെട്ടു. ഇതോടെ അപകടസാധ്യതയും വര്‍ധിക്കുന്നു. കെ.എസ്.ടി.പി റോഡിലെ ചതിക്കുഴി ഇന്നലെ രാവിലെ മത്സ്യതൊഴിലാളിയുടെ ജീവന്‍ അപഹരിച്ചു. ബേക്കല്‍ ചിറമ്മലിലെ ബാബുരാജാ(45)ണ് മരിച്ചത്.
രാവിലെ ബേക്കല്‍ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ബൈക്കില്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്നു ബാബുരാജ്. ബേക്കല്‍ പാലത്തിനോട് ചേര്‍ന്നുള്ള കൂറ്റന്‍ കുഴി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറിക്കടിയില്‍ പെടുകയായിരുന്നു. ബാബുരാജ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. മത്സ്യബന്ധനത്തിന് ഒഴിവുകിട്ടുന്ന സമയങ്ങളില്‍ ബാബുരാജ് മാജിക് അവതരിപ്പിച്ച് സാമൂഹികാംഗീകാരവും നേടിയിരുന്നു. കെ.എസ്.ടി.പി റോഡില്‍ പല ഭാഗങ്ങളിലും കുഴികള്‍ രൂപപ്പെട്ടതിനാല്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യമാണുള്ളത്. ബാബുരാജിന്റെ മരണത്തിന് കാരണമായ കുഴിക്ക് അരമീറ്ററിലധികം വിസ്തൃതിയും ഒരടിയോളം താഴ്ചയുമുണ്ട്. വിവരമറിഞ്ഞ് കെ.എസ്.ടി.പി അധികൃതരെത്തി കുഴി നികത്തി. കുഴി രൂപപ്പെട്ടപ്പോള്‍ തന്നെ അത് നികത്തിയിരുന്നെങ്കില്‍ വിലപ്പെട്ട മനുഷ്യജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
അപകടമരണത്തിന് കാരണമായ കുഴിയെ അവഗണിച്ച അധികൃതരുടെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. കെ.എസ്.ടി.പി അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ശംഭു ബേക്കല്‍ ആവശ്യപ്പെട്ടു. ബാബുരാജിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാര്‍ പറഞ്ഞു. പുഷ്പയാണ് ബാബുരാജിന്റെ ഭാര്യ. മക്കള്‍: വര്‍ണന്‍, വൃന്ദ (ഇരുവരും വിദ്യാര്‍ഥികള്‍). പരേതരായ അമ്പാടി കടവന്റെയും താലയുടേയും മകനാണ്. സഹോദരങ്ങള്‍: കുമാരന്‍, നന്ദനന്‍ (ഖത്തര്‍), ലളിത, പരേതയായ വത്സല.

Related Articles
Next Story
Share it