കരിമ്പനകള്‍ കാറ്റിലാടുന്നു

എന്നും സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന സ്ഥലമാണ് പാലക്കാട്, പാലക്കാടിന്റെ ഭംഗി ആദ്യം ഒപ്പിയെടുത്തത് മലയാള സിനിമകളാണ്. കഥകളിലും നോവലുകളിലുമെല്ലാം പാലക്കാട് എന്നും നിറഞ്ഞു നിന്നു. പലക്കാട് പലതവണ പോയതാണങ്കിലും പാലക്കാട് മാത്രമായി പോകുന്നത് ഇതാദ്യമാണ്. നാഷണല്‍ ഹൈവേയിലൂടെ സുഹൃത്ത് റഫീഖിന്റെ കിയ സെല്‍റ്റോസ് പാലക്കാട് ലക്ഷ്യമാക്കി ഓടുകയാണ്. സഹയാത്രികരായി അമീര്‍, ഹമീദ് എന്നിവര്‍ കൂടെയുണ്ട്. പാലക്കാടന്‍ ഗ്രാമീണ ശാലീനതയില്‍ പച്ചച്ചേല ചുറ്റിയ കൃഷിയിടങ്ങളെല്ലാം കാഴ്ചകളില്‍ മാറിമറിഞ്ഞു. കൃഷി പന്തലുകളില്‍ കായ്ച്ചുനില്‍കുന്ന വിവിധയിനം പച്ചക്കറികള്‍. സൂര്യന്‍ ചില സമയങ്ങളില്‍ മേഘങ്ങള്‍ക്കുള്ളിലൂടെ […]

എന്നും സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന സ്ഥലമാണ് പാലക്കാട്, പാലക്കാടിന്റെ ഭംഗി ആദ്യം ഒപ്പിയെടുത്തത് മലയാള സിനിമകളാണ്. കഥകളിലും നോവലുകളിലുമെല്ലാം പാലക്കാട് എന്നും നിറഞ്ഞു നിന്നു. പലക്കാട് പലതവണ പോയതാണങ്കിലും പാലക്കാട് മാത്രമായി പോകുന്നത് ഇതാദ്യമാണ്. നാഷണല്‍ ഹൈവേയിലൂടെ സുഹൃത്ത് റഫീഖിന്റെ കിയ സെല്‍റ്റോസ് പാലക്കാട് ലക്ഷ്യമാക്കി ഓടുകയാണ്. സഹയാത്രികരായി അമീര്‍, ഹമീദ് എന്നിവര്‍ കൂടെയുണ്ട്. പാലക്കാടന്‍ ഗ്രാമീണ ശാലീനതയില്‍ പച്ചച്ചേല ചുറ്റിയ കൃഷിയിടങ്ങളെല്ലാം കാഴ്ചകളില്‍ മാറിമറിഞ്ഞു. കൃഷി പന്തലുകളില്‍ കായ്ച്ചുനില്‍കുന്ന വിവിധയിനം പച്ചക്കറികള്‍. സൂര്യന്‍ ചില സമയങ്ങളില്‍ മേഘങ്ങള്‍ക്കുള്ളിലൂടെ ഒളിക്കണ്ണിട്ടു നോക്കാന്‍ തുടങ്ങി. വിന്‍ഡോ ഗ്ലാസ് താഴ്ത്തിയപ്പോള്‍ പാലക്കാടന്‍ കാറ്റ് മുഖത്തു വന്ന് തലോടിപ്പോയി.
അടുക്കില്ലാത്ത മലനിരകള്‍ ദൂരെ മേഘങ്ങളേ ചുംബിച്ചു നില്‍കുന്നു. ആകാശം തൊട്ടുരുമ്മിയ ഗിരിനിരകള്‍, താഴെ നിലങ്ങളില്‍ അങ്ങിങ്ങ് കന്നുകാലികള്‍ മേഞ്ഞ് നടക്കുന്നു. പുറത്ത് നല്ല ചൂടാണ്. ഒരു മഴ വന്നിരുന്നെങ്കില്‍ എന്നാശിച്ചു. എന്നാല്‍ മഴക്കോളിനുള്ള ലക്ഷണമൊന്നും മാനത്തില്ലെന്ന് തോന്നി! വഴിയോരത്ത് പഴക്കച്ചവടം നടത്തുന്നവരുടെ അടുത്ത് വണ്ടി ഞരങ്ങിനിന്നു. കുറച്ച് പഴങ്ങള്‍ വാങ്ങി കഴിച്ച് വീണ്ടും യാത്ര തുടര്‍ന്നു. റോഡിന്റ രണ്ടുവശങ്ങളിലും ഉഴുതു മറിച്ച പാടങ്ങളാണ് ഇപ്പോള്‍ കാണുന്നത്. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ കൊച്ചു കൊച്ചു വീടുകള്‍ കാണാന്‍ തുടങ്ങി. പിന്നില്‍ തട്ടുതട്ടായി മലനിരകള്‍...
അമീര്‍ വണ്ടി നിര്‍ത്തി ആരായാലും ആ കാഴ്ച കണ്ടാല്‍ നിര്‍ത്തിപ്പോകും! പ്രപഞ്ചമെന്ന ക്യാന്‍വാസില്‍ ആരും കാണാത്ത അദൃശ്യനായ കലാകാരന്‍ വരച്ച പോലെ വിവിധ ചിത്രരൂപങ്ങളുടെ സംയോജനത്തിലൂടെ മറ്റൊരു ചിത്രരൂപം സൃഷ്ടിക്കുന്ന ഒരു ദൃശ്യ വിരുന്ന് ഒരു കൊളാഷ്.
എന്റെ ഓര്‍മ്മകള്‍ പിന്നിലേക്ക് ഓടാന്‍ തുടങ്ങി, വെറുതെയല്ല മലയാളത്തിന്റെ എക്കാലത്തെയും മാസ്റ്റര്‍ ജീനിയസായ ഒ.വി. വിജയന്‍ ഹൃദയം കൊണ്ടെഴുതിയ 'ഖസാക്കിന്റെ ഇതിഹാസം' ഇവിടെ പിറന്നത്.
നോവലുകളുടെ ഭൂമികയും കഥാപാത്ര ഘടനയും നിശ്ചയിക്കുന്നതില്‍ പാലക്കാടിനെ ആശ്രയിച്ചതിലധികം മറ്റൊരു ദേശത്തെയും അവലംബിച്ചിരുന്നില്ല ഈ എഴുത്തുകാരന്‍. ഗതകാലത്തിന്റെ വശ്യതകള്‍ ഒന്നും വിട്ടുപോകാതെ നാട്ടുവഴികളില്‍ പാലക്കാടന്‍ ഗ്രാമങ്ങള്‍ വീണ്ടെടുക്കുന്നത് പ്രൗഢമായൊരു ഇന്നലെകളെയാണെന്ന് എനിക്ക് തോന്നി!
വാളയാറിന്റെ അതിരുകള്‍ കടന്ന് മറുനാടിന്റ നാഗരികതയും ഒപ്പം ചേര്‍ത്ത് നല്ല മലയാളത്തെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച ഈ നാടിന് പങ്കുവെക്കാന്‍ വിശേഷങ്ങള്‍ ഏറെയുണ്ട്.
മലയിറങ്ങി വരുന്ന നേര്‍ത്ത പിശറന്‍ കാറ്റിന്റെ കുളിരില്‍ സ്വയം മറന്നങ്ങനെ നില്‍ക്കാന്‍ ഒരു കുട്ടിയുടെ കൊതിയുണ്ടായിരുന്നു എനിക്ക്. പെട്ടന്നാണ് റഫീഖിന്റ വിളി ഹേയ്, സ്വപ്‌നം കാണുകയാണോ? വാ പോകാം, വണ്ടി വീണ്ടും ഞരങ്ങാന്‍ തുടങ്ങി...
പാടത്തിന്റ കരയിലെ കരിമ്പനക്കൂട്ടങ്ങളുടെ നെറുകയില്‍ ചെന്തമിഴിന്റെ ഈണമുള്ള പാലക്കാടന്‍ കാറ്റ് ചെറുതായി താളം പിടിച്ചു. ജീവിതത്തിന്റെ ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ വീണുകിട്ടുന്ന ഈ നിമിഷങ്ങളിലാണ് നാം ജീവിക്കുന്നു എന്ന് തോന്നുന്നത്! ആദ്യം എങ്ങോട്ടാണെന്നുള്ള റഫീഖിന്റെ ചോദ്യത്തിന് ഞാന്‍ മറുപടി പറഞ്ഞു. ടിപ്പുവിന്റെ കോട്ട കാണാം. അങ്ങനെ പാലക്കാട് പട്ടണം എത്തി. നഗരത്തിന്റെ ഹൃദയ ഭാഗത്താണ് പാലക്കാട് കോട്ട സ്ഥിതി ചെയ്യുന്നത്. ആളുകള്‍ കോട്ട ലക്ഷ്യമാക്കി നടന്നും വാഹനങ്ങളിലുമായി പോകുന്നത് ഞാന്‍ കണ്ടു. വാഹനം പാര്‍ക്ക് ചെയ്തു ടിക്കറ്റെടുത്ത് അകത്തേക്ക് പ്രവേശിച്ചു. തല ഉയര്‍ത്തി നില്‍ക്കുന്ന കോട്ടയുടെ കവാടത്തിന് പോലും എന്തൊരു ഗാംഭീര്യമാണെന്ന് ഞാന്‍ മനസ്സിലാക്കി. ഹൈദരാലിയുടെ പടയോട്ടങ്ങള്‍ ടിപ്പുവിന്റെ യുദ്ധം കുതിരക്കുളമ്പടി ശബ്ദങ്ങള്‍ വെടിയൊച്ചകള്‍ എല്ലാം അവിടെ മുഴങ്ങുന്നതായി എനിക്ക് തോന്നി.
മൈസൂര്‍ രാജാവായിരുന്ന ഹൈദരാലി 1766ല്‍ പണികഴിപ്പിച്ചതാണ് ഈ കോട്ട. വീരകഥകള്‍ ഉറങ്ങുന്ന ഈ കോട്ട ഇന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷത്തിലാണ്.
ഇന്ത്യയിലെ തന്നെ ഏറ്റവും നന്നായി സംരക്ഷിച്ചിരിക്കുന്ന കോട്ടകളില്‍ ഒന്നാണ് പാലക്കാട് കോട്ട. കോട്ടയുടെ ചുറ്റിലും പത്തു മീറ്ററോളം വീതിയുള്ള, വെള്ളം നിറഞ്ഞുനില്‍ക്കുന്ന കൂറ്റന്‍ കിടങ്ങ് കാണാം. പാലക്കാട്ട് കോട്ടയുടെ പ്രത്യേകത വേനലില്‍പ്പോലും വെള്ളം കെട്ടി നില്‍ക്കുന്ന കരിങ്കല്‍കെട്ടുകളോടു കൂടിയ ഒരു കിടങ്ങാണിത്. എത്ര സമര്‍ത്ഥനായ സൈനികനും ചാടിക്കടക്കാനാകാത്തവണ്ണം വീതിയുള്ളതാണ് ഈ കിടങ്ങ്. ബേക്കലും കണ്ണൂരും മറ്റുമുള്ള കോട്ടകള്‍ പാലക്കാട് കോട്ടയെക്കാള്‍ വലുതാണെങ്കിലും അവയ്‌ക്കൊന്നും ഇതുപോലൊരു കിടങ്ങില്ല. നീളമുള്ള കരിങ്കല്‍ത്തൂണുകള്‍ അടുക്കി പണിഞ്ഞിട്ടുള്ള ഈ കിടങ്ങിന് ഇന്നും ഒരു കേടുപാടും വന്നിട്ടില്ല. ഇത് മണ്ണ് വീണു മൂടാതെ തുടരുന്നതിന്റെ പിന്നിലെ രഹസ്യം ബലിഷ്ഠമായ ഈ കരിങ്കല്‍ക്കെട്ടുകളാണ്.
പ്രവേശന കവാടം വടക്കാണെങ്കിലും കോട്ട വാതില്‍ പടിഞ്ഞാറേക്കാണ്. ഇന്ത്യ ഭരിച്ചിരുന്ന ഇസ്ലാം മത വിശ്വാസികളെല്ലാം തങ്ങള്‍ പണിത കോട്ടയ്ക്ക മക്കയുടെ ദിക്കു നോക്കിയാണ് വാതില്‍ പണിതിരുന്നത്. പച്ചപ്പിനാല്‍ അലങ്കരിച്ച മനോഹരമായ ഇടങ്ങളും പൂന്തോട്ടങ്ങളും കോട്ട കാണാന്‍ വരുന്നവര്‍ക്ക് പുതിയ അനുഭൂതി സൃഷ്ടിക്കുന്നു. കരിങ്കല്ലുകളാല്‍ പതിച്ചിരിക്കുന്ന നിലത്തിലൂടെ ഞങ്ങള്‍ നടന്നു. ഉള്ളിലേക്ക് കയറാന്‍ ഒരു കവാടം മാത്രമാണുള്ളത്. അതും പഴമയുടെ ധ്വനിയും ശക്തിയും വിളിച്ചോതുന്നത്. പാലക്കാട് കോട്ടയുടെ പൂമുഖം ടിപ്പുവിന്റെ കാലത്ത് കൂട്ടിച്ചേര്‍ത്തതാണ്. പ്രവേശന കവാടത്തിലെ സ്തംഭം, ദ്വാരപ്പട്ടിക ഭീം, തോരണം എന്നീ ഘടകങ്ങള്‍ക്ക് ഹൈന്ദവ കലയോടാണ് കടപ്പാട്. അകത്തെ മതില്‍ക്കെട്ടിലെ മേല്‍ക്കവരങ്ങള്‍ ശ്രീരംഗത്തെയും ആഗ്രോ കോട്ടയുടെയും മേല്‍ക്കവരങ്ങളെ അനുസ്മരിപ്പിക്കും. ഇസ്ലാമിക കലയുടെ സംഭാവനകളാണിവയെല്ലാം. അകത്തേക്ക് പ്രവേശിച്ചാല്‍ കവാടത്തിനടുത്തായി ഒരു ചെറിയ ഹനുമാന്‍ ക്ഷേത്രവുമുണ്ട്. ആജ്ഞനേയ ക്ഷേത്രമെന്നാണിത് അറിയപ്പെടുന്നത്. അവിടെ പ്രാര്‍ത്ഥനക്ക് വേണ്ടി ഒരുപാടാളുകള്‍ നില്‍ക്കുന്നതായി ഞങ്ങള്‍ കണ്ടു. വീണ്ടും മുന്നോട്ട് നടന്നു കോട്ടയുടെ ഏതാണ്ട് ഭാഗങ്ങളല്ലാം കണ്ടുവരുന്നതിനിടെ ചില സര്‍ക്കാര്‍ ഓഫീസുകള്‍, ജയില്‍ എന്നിവ അവിടെ പ്രവര്‍ത്തിക്കുന്നതായി കണ്ടു. പാലക്കാട് സ്പെഷ്യല്‍ സബ് ജയില്‍, പാലക്കാട് താലൂക്ക് സപ്ലൈ ഓഫിസ്, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഒരു ഓഫീസ് എന്നിവയും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. കോട്ടക്ക് അകവും പുറവും മനോഹരമാണ്. ഇന്തോ ഇസ്ലാമിക് വാസ്തുവിദ്യയും യൂറോപ്യന്‍ സാങ്കേതികതയും സമന്വയിക്കുന്നതാണ് ഈ ചരിത്ര സ്മാരകം എന്ന് മനസ്സിലാക്കി. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ആളുകള്‍ അവിടെയുള്ള മാവിലേക്ക് കല്ലെറിയുന്നതായി കാണാനിടയായി. ഏതായാലും നമ്മുക്കും ഒരു കൈനോക്കാമെന്ന് വെച്ച് അമീര്‍ കല്ലെടുത്ത് എറിയാന്‍ തുടങ്ങി. നല്ല വലിപ്പമുള്ള മാങ്ങ, അമീര്‍ ഒന്നെറിഞ്ഞിട്ട് അതെടുത്ത് പൊളിച്ച് കഴിച്ചു. നല്ല മധുരം. കുറച്ചു കഴിഞ്ഞപ്പോള്‍ സെക്യൂരിറ്റി വന്നു. എല്ലാവരോടും പിരിഞ്ഞു പോകാന്‍ പറഞ്ഞു. കിട്ടിയവര്‍ക്ക് സന്തോഷം. അല്ലാത്തവര്‍ നിരാശയോടെ മടങ്ങി. കോട്ടയുടെ കുറച്ച് ചിത്രങ്ങള്‍ പകര്‍ത്തി ഞങ്ങള്‍ പുറത്തേക്ക് കടന്നു. അടുത്ത യാത്ര അരിമാവു കൊണ്ട് വീടിന്റെ പൂമുഖത്ത് കോലമെഴുതി നാരായണീയത്തില്‍ മുഖരിതമായ പ്രഭാതങ്ങളെ വരവേല്‍ക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള കല്‍പ്പാത്തിയെ ലക്ഷ്യമാക്കിയായിരുന്നു.
കല്‍പാത്തിയുടെ തീരത്തെ അഗ്രഹാരങ്ങള്‍
ടൗണില്‍ നിന്ന് ഏകദേശം 2 കീ.മി. ദൂരത്തില്‍ നിളാതീരത്ത് ബ്രാഹ്മണര്‍ ഒരുമിച്ച് താമസിക്കുന്ന അഗ്രഹാരം ഉള്‍പ്പെടുന്ന പ്രദേശമാണിത് കോരയാറും മലമ്പുഴയും കുടിച്ചേരുന്നതും ഇതിനടുത്താണ്. കല്‍പാത്തിപ്പുഴയുടെ ഇരുകരകളിലും കല്ലുകളാണ്. പാറകൊണ്ടുണ്ടാക്കിയ ഒരു ഓവിലൂടെ വെള്ളം ഒഴുകുന്നതുപോലെ തോന്നുന്നതുകൊണ്ടാണ് കല്‍പാത്തിയെന്ന പേരു വന്നതെന്ന് പറയപ്പെടുന്നു. കല്‍പാത്തിപ്പുഴ എന്നത് ഭാരതപ്പുഴയുടെ ഒരു ഭാഗമാണ്. ദക്ഷിണ കാശി അല്ലെങ്കില്‍ തെക്കിന്റെ വാരണാസി എന്നും ഇത് വിശേഷിപ്പിക്കപ്പെടുന്നു. നൂറ്റാണ്ടിലേറെ പഴക്കമുള്ള വീടുകളാണ് കല്‍പ്പാത്തിയുടെ ഐശ്വര്യം. ഗ്രാമത്തിനു കുറുകെയണിഞ്ഞ പൂണൂല്‍ പോലെ പുഴയൊഴുകുന്ന കല്‍പ്പാത്തിയുടെ കഥകള്‍ പറഞ്ഞാലും തീരില്ലെന്ന് ഞാന്‍ മനസ്സില്‍ കരുതി. ഇവിടത്തെ ഭക്ഷണം തന്നെ വല്ലാത്തൊരു സംഭവമാണ്. പഴംപൊരി, ഏലക്കയുടെ ഗന്ധമുള്ള ഇലയട, പെരുങ്കായ സ്വാദുള്ള കായ ബജി, വെളിച്ചെണ്ണയില്‍ ചുറ്റിയെടുക്കുന്ന വിവിധയിനം മുറുക്കുകള്‍, എല്ലാം ഇവിടെ കിട്ടും. കല്‍പാത്തി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഒരു ഉത്സവമാണ് കല്‍പാത്തി രഥോത്സവം. ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. സമയം പോയതറിഞ്ഞില്ല. സന്ധ്യാനാമത്തിന്റെ മധുരത്തോടെ രാത്രിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് കല്‍പ്പാത്തി. ഇനിയൊരിക്കല്‍ വരാമെന്ന ആഗ്രഹത്തോടെ ഞങ്ങള്‍ അവിടെനിന്നും മടങ്ങി അപ്പോഴെല്ലാം കല്‍പ്പാത്തി പുതിയ ചന്തത്തോടെ പുഞ്ചിരിച്ചു!


-റഹീം കല്ലായം

Related Articles
Next Story
Share it