തിരുവനന്തപുരം: ബി ജെ പി നേതാവ് കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതോടെ പ്രശ്നത്തില്‍ ആര്.എസ്.എസ് ഇടപെടുന്നു. കേസ് ബി.ജെ.പി, ആര്.എസ്.എസ് നേതൃത്വങ്ങള്‍ ഇടപെട്ട് രഹസ്യമായി കേസ് ഒത്തുതീര്‍പ്പിലാക്കാനാണ് ശ്രമം നടക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കുമ്മനം പ്രതിയായ കേസ് തിരിച്ചടിയാകുമെന്ന് ബി.ജെ.പി കരുതുന്നു.
ഇത് നിയമനടപടികളിലേക്ക് കടക്കും മുമ്പ് കോടതിക്ക് പുറത്ത് തീര്‍പ്പാക്കാനായി പരാതിക്കാരനേയും സ്ഥാപന ഉടമയേയും ബി.ജെ.പി ബന്ധപ്പെട്ടതായാണ് അറിയുന്നത്. പ്രശ്നം തീര്‍ക്കുകയാണെന്ന് വ്യക്തമാക്കുന്ന സന്ദേശം ന്യൂഭാരത് ബയോടെക്നോളജീസ് ഉടമ വിജയന് മാധ്യമങ്ങള്‍ക്ക് നല്കി കഴിഞ്ഞു.
പരാതിക്കാരനായ ആറന്മുള സ്വദേശി ഹരികൃഷ്ണന് മുഴുവന്‍ തുകയും തിരിച്ച് നല്‍കുമെന്ന് വിജയന് പറഞ്ഞു. ഇരുവരും തമ്മില്‍ അടുത്തു തന്നെ കൂടിക്കാഴ്ചയുണ്ടാകും. അതേസമയം പരാതിക്കാരന് നിരവധി പേരെ താന്‍ പരിചയപ്പെടുത്തിക്കൊടുത്തിരുന്നുവെന്ന് കേസിലെ ഒന്നാം പ്രതിയും കുമ്മനത്തിന്റെ മുന്‍ പി എയുമായ പ്രവീണ്‍ വ്യക്തമാക്കി. എന്നാല്‍ സാമ്പത്തിക ഇടപാടില്‍ പങ്കില്ലെന്നും ഇയാള്‍ പറഞ്ഞു.
ന്യൂഭാരത് ബയോടെക്നോളജീസിന്റെ പ്രവര്‍ത്തനോദ്ഘാടനം കുമ്മനം ഗവര്‍ണറായിരിക്കെ മിസോറാമിലെ ഔദ്യോഗിക വസതിയില്‍ നടത്തിയതായാണ് ആറന്മുള സ്വദേശി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. അതേസമയം കുമ്മനം രാജശേഖരനെതിരേ സര്‍ക്കാര്‍ കള്ളക്കേസെടുത്തെന്ന് ആരോപിച്ച് ബി.ജെ.പി വെള്ളിയാഴ്ച കരിദിനം ആചരിക്കുകയാണ്.
Financial fraud case of Kummanam Rajasekharan to compromise