കോഴിക്കോട്: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നല്‍കാനുള്ള 63 ലക്ഷം രൂപ നല്‍കിയില്ലെന്ന് കാണിച്ച് വടകര സ്വദേശി നവകേരള സദസ്സില്‍ നല്കിയ സാമ്പത്തിക തട്ടിപ്പ് പരാതി കോഴിക്കോട് റൂറല്‍ എസ്.പി അന്വേഷിക്കും. അന്വേഷണത്തിനായി പരാതി കോഴിക്കോട് റൂറല്‍ എസ്.പിക്ക് കൈമാറി.
2015ലെ വണ്ടിച്ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരായ പരാതി. വടകര സ്വദേശി എ.കെ യൂസഫിന് 63 ലക്ഷം രൂപ അഹമ്മദ് ദേവര്‍കോവില്‍ നല്‍കണമെന്ന് 2019ല്‍ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചിരുന്നു.
എന്നിട്ടും തുക ലഭിച്ചില്ലെന്ന് കാണിച്ച് യൂസഫ് മുഖ്യമന്ത്രിയും മന്ത്രിമാരും സംബന്ധിച്ച വടകരയിലെ നവകേരള സദസ്സില്‍ വെച്ച് പരാതി നല്‍കിയിരുന്നു.
പരാതി കോഴിക്കോട് റൂറല്‍ എസ്.പിക്ക് സര്‍ക്കാര്‍ കൈമാറിയതായി പരാതിക്കാരന് സന്ദേശം ലഭിച്ചു. അന്വേഷണം പൊലീസ് ഏറ്റെടുത്തോയെന്ന് വ്യക്തമല്ല.
എന്നാല്‍ വ്യക്തിപരമായി താന്‍ ആര്‍ക്കും പണം നല്‍കാനില്ലെന്നും നേരത്തെ ഐ.എന്‍.എല്ലില്‍ നിന്നും പുറത്താക്കിയവരാണ് പരാതിക്ക് പിന്നിലെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നേരത്തെ പ്രതികരിച്ചിരുന്നു. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് കേസ് കോഴിക്കോട് റൂറല്‍ എസ്.പിക്ക് കൈമാറിയതായി പരാതിക്കാരന് വിവരം ലഭിച്ചത്.