ആത്മസമര്‍പ്പണത്തിന്റെ അമ്പതാണ്ട്: കുഞ്ഞിക്കോരന്‍ പണിക്കര്‍ക്ക് ഗുരുപൂജ പുരസ്‌കാരം

ഉദുമ: കേരള പൂരക്കളി അക്കാദമിയുടെ 2018-19 വര്‍ഷത്തെ ഗുരുപൂജ പുരസ്‌ക്കാരം നേടിയ മികവിലാണ് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ പൂരക്കളി പണിക്കരായ പി.വി. കുഞ്ഞിക്കോരന്‍. അരനൂറ്റാണ്ടിന്റെ ആത്മസമര്‍പ്പണ ധന്യതയില്‍ വൈകി എത്തിയ അംഗീകാരമാണിത്. കഴകത്തിലെ പൂരക്കളി പ്രേമികള്‍ക്ക് ആഘോഷിക്കാന്‍ കിട്ടിയ അവസരം. പാലക്കുന്ന് ക്ഷേത്രത്തിലെ പൂരക്കളി പന്തലില്‍ പക്കിരന്‍ പണിക്കരുടെ ശിക്ഷണത്തില്‍ പൂരക്കളി അഭ്യസിച്ചു തുടങ്ങിയ അദ്ദേഹം 1970-ല്‍ ആണ് ക്ഷേത്ര പൂരക്കളി പണിക്കര്‍ സ്ഥാനം കൈയേല്‍ക്കുന്നത്. ആ അപൂര്‍വതയുടെ അമ്പതാണ്ട് പൂര്‍ത്തിയാകുന്ന വേളയിലാണ് ഗുരുപൂജ പുരസ്‌ക്കാരം […]

ഉദുമ: കേരള പൂരക്കളി അക്കാദമിയുടെ 2018-19 വര്‍ഷത്തെ ഗുരുപൂജ പുരസ്‌ക്കാരം നേടിയ മികവിലാണ് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ പൂരക്കളി പണിക്കരായ പി.വി. കുഞ്ഞിക്കോരന്‍. അരനൂറ്റാണ്ടിന്റെ ആത്മസമര്‍പ്പണ ധന്യതയില്‍ വൈകി എത്തിയ അംഗീകാരമാണിത്. കഴകത്തിലെ പൂരക്കളി പ്രേമികള്‍ക്ക് ആഘോഷിക്കാന്‍ കിട്ടിയ അവസരം.
പാലക്കുന്ന് ക്ഷേത്രത്തിലെ പൂരക്കളി പന്തലില്‍ പക്കിരന്‍ പണിക്കരുടെ ശിക്ഷണത്തില്‍ പൂരക്കളി അഭ്യസിച്ചു തുടങ്ങിയ അദ്ദേഹം 1970-ല്‍ ആണ് ക്ഷേത്ര പൂരക്കളി പണിക്കര്‍ സ്ഥാനം കൈയേല്‍ക്കുന്നത്. ആ അപൂര്‍വതയുടെ അമ്പതാണ്ട് പൂര്‍ത്തിയാകുന്ന വേളയിലാണ് ഗുരുപൂജ പുരസ്‌ക്കാരം കുഞ്ഞിക്കണ്ണന്‍ പണിക്കരെ തേടിയെത്തുന്നത്.
കാലം മാറിയതോടെ പൂരക്കളിയുടെ ചുവടിലും താളശൈലിയിലും പൊതുവെ മാറ്റങ്ങള്‍ കണ്ടുവരുന്നുണ്ടെങ്കിലും പാലക്കുന്നിലെ പന്തലില്‍ അന്നും ഇന്നും പഴയ ആ തനിമയോടെ കളി തുടരുകയാണ് കുഞ്ഞിക്കോരന്‍ പണിക്കരുടെ നേതൃത്വത്തില്‍. ഓരോ ചുവടും താളവും ഒത്തു ആലാപന സൗകുമാര്യത്തോടെ പൂരക്കളി പാട്ട് പാടാന്‍ ഈ വര്‍ദ്ധക്യത്തിലും അദ്ദേഹത്തിനുള്ള മികവ് പുകഴ്ത്തപ്പെടുന്നുണ്ട്.
കളിയും ശാസ്ത്രവും നാടകവും കളരിമുറയും ഒപ്പം അനുഷ്ഠനവും ആരാധനയും ആചാരവും വിജ്ഞാനവും വിനോദവും ഒത്തുചേര്‍ന്ന ക്ഷേത്ര കായിക കലയാണ്പൂ പൂരക്കളി. പൂരോത്സവത്തിന്റെ അവസാന നാളില്‍ വന്ദനയും പൂരമാലയും പൂര്‍ത്തിയായ ശേഷമാണ് പവിത്രമായ ആചാരനിര്‍വഹണമായ 'ആണ്ടും പള്ളും' ചടങ്ങ്. വിശ്വാസദീപ്തമായ ആ ദൈവിക ദൗത്യം അന്‍പതു വര്‍ഷമായി കൃത്യതയോടെ പാലക്കുന്നമ്മയുടെ തിരുമുന്‍പില്‍ പരിപാലിച്ചു വരികയാണ് അദ്ദേഹം.
അടുത്ത മാസം 74 വയസ് പൂര്‍ത്തിയാകും. സാധാരണക്കാരില്‍ സാധാരണക്കാരനായി ഒതുങ്ങികഴിയാനാണ് ഇഷ്ടം. ആള്‍കൂട്ടത്തില്‍ ഒരാളായി തന്റെ നിത്യ സാഹചാരിയായ സൈക്കിളുമായി പള്ളത്തിലെ വീട്ടില്‍ നിന്ന് വൈകുന്നേരങ്ങളില്‍ പാലക്കുന്നിലേക്ക് യാത്രചെയ്യാത്ത ദിവസങ്ങളില്ല. കണ്ടുമുട്ടുന്ന പരിചിത മുഖങ്ങളോടെല്ലാം കൈവീശിയായിരിക്കും ആ യാത്ര. തന്റെ കായിക ശേഷി നിലനിര്‍ത്താന്‍ ആ സൈക്കിള്‍ യാത്ര മുഖ്യ കാരണമെന്നും അദ്ദേഹം പറയുന്നു.
പരേതരായ കുണ്ടടുക്കാം അപ്പയുടെയും മണിക്കത്തിന്റെയും മകനാണ്. പൂരക്കളിയെ പ്രാണവായുപോലെ സ്‌നേഹിക്കുന്ന ഈ കുടുംബത്തില്‍ എല്ലാവരും കളി പഠിച്ചു വളര്‍ന്നവരാണ്. സഹോദരങ്ങളായ ബാലനും ഭാസ്‌കരനും കൃഷ്ണനും കുഞ്ഞിരാമനും മക്കളായ മാധവനും മുകേഷും വേദികിട്ടിയാല്‍ അവസരം പാഴാക്കില്ല. സുമിത്ര, സുകുമാരി, സുജാത എന്നിവരാണ് മറ്റു മക്കള്‍. നാരായണിയാണ് ഭാര്യ.
പുരസ്‌കാര നിറവിലും പള്ളത്തിലെ തന്റെ കൊപ്രകളത്തിലും ഈയിടെ ആരംഭിച്ച പലചരക്കു കടയിലും തിരക്കിലാണ് അദ്ദേഹം.

Related Articles
Next Story
Share it