അമ്പത് വര്‍ഷം മുമ്പ് താലൂക്കാസ്പത്രി

കാസര്‍കോട് എത്തിയ നാളുകള്‍... ആസ്പത്രികളൊന്നും കാസര്‍കോട് സജീവമല്ല. മിക്ക രോഗികളും ആശ്രയിക്കുന്നത് മംഗലാപുരത്ത് ഡോ. അഡപ്പയെ ആണ്. വലിയ ചികിത്സക്കാണെങ്കില്‍ മംഗലാപുരം കങ്കനാടി ആസ്പത്രിയെ. 'വെള്ളവും വെളിച്ചവും പഴന്തുണിയും മനുഷ്യപ്പറ്റും' ഇല്ലാത്ത താലൂക്കാസ്പത്രി. തെരുവത്തെ അസ്സനാര്‍ച്ച; സിസ്റ്റര്‍ എമിലി, ഡോ. അലമേലു.. തീര്‍ന്നു. ഗവ. ആസ്പത്രിയിലെ മനുഷ്യപ്പറ്റുള്ളവരുടെ എണ്ണം.. വയറുവേദന തൊട്ട് ബ്രെയില്‍ ചികിത്സ വരെ ഒരൊറ്റ ഔഷധമാണ്. റോസ് നിറത്തില്‍ ഒരു വെള്ളം കമ്പൗണ്ടര്‍ക്ക് ഒരു നാണയം; ഒറ്റരൂപ നല്‍കിയാല്‍ പത്തുതുള്ളി അധികം ഇറ്റിച്ചു തരും. […]

കാസര്‍കോട് എത്തിയ നാളുകള്‍... ആസ്പത്രികളൊന്നും കാസര്‍കോട് സജീവമല്ല. മിക്ക രോഗികളും ആശ്രയിക്കുന്നത് മംഗലാപുരത്ത് ഡോ. അഡപ്പയെ ആണ്. വലിയ ചികിത്സക്കാണെങ്കില്‍ മംഗലാപുരം കങ്കനാടി ആസ്പത്രിയെ.
'വെള്ളവും വെളിച്ചവും പഴന്തുണിയും മനുഷ്യപ്പറ്റും' ഇല്ലാത്ത താലൂക്കാസ്പത്രി. തെരുവത്തെ അസ്സനാര്‍ച്ച; സിസ്റ്റര്‍ എമിലി, ഡോ. അലമേലു.. തീര്‍ന്നു. ഗവ. ആസ്പത്രിയിലെ മനുഷ്യപ്പറ്റുള്ളവരുടെ എണ്ണം..
വയറുവേദന തൊട്ട് ബ്രെയില്‍ ചികിത്സ വരെ ഒരൊറ്റ ഔഷധമാണ്. റോസ് നിറത്തില്‍ ഒരു വെള്ളം കമ്പൗണ്ടര്‍ക്ക് ഒരു നാണയം; ഒറ്റരൂപ നല്‍കിയാല്‍ പത്തുതുള്ളി അധികം ഇറ്റിച്ചു തരും.
ഡോ. അലമേലു പ്രത്യേക കഥാപാത്രമാണ്. പള്ളത്തെ ബഷീര്‍ എന്ന മൊഞ്ചനാണ് ഡ്രൈവര്‍. ബഷീര്‍ മുഖാന്തിരം അലമേലുവിനെ കണ്ടാല്‍ നല്ല ചികിത്സ ഉറപ്പ്. തളങ്കര, തെരുവത്ത്, തായലങ്ങാടി ഭാഗങ്ങളിലെ ചിലര്‍ അലമേലു ഡോക്ടറുടെ 'ഏജന്റ്'മാരാണ്. 'ഡാക്ടറേ; നാളെ അവുത്തേക്ക് ബരലോ..'
പലരും ഡോ. അലമേലുവിനെ ക്ഷണിക്കും. ചികിത്സയാണ് മുഖ്യം. അലമേലു വന്നാല്‍ ബ്രാഹ്‌മണാള്‍ ശാപ്പാട് തയ്യാറാക്കും അവര്‍. ഇന്നത്തെപ്പോലെ ഗള്‍ഫ് യാത്രകള്‍ സുലഭമല്ല ആ നാളുകളില്‍. ഗള്‍ഫ് പെട്ടികളില്‍ കോടാലി തൈലവും നഖം വെട്ടിയും സുലഭമല്ലാത്ത നാളുകള്‍... ടൈഗര്‍ ബാമും തുണിത്തരങ്ങളുമാണ് അന്നത്തെ ട്രെന്‍ഡ്.
ഡോ. അലമേലുവിന്റെ അലമാരയില്‍ എത്ര ഫോറിന്‍ സാരികള്‍ എന്നു ചോദിച്ചാല്‍ ഡ്രൈവര്‍ ബഷീര്‍ നെറ്റിയില്‍ കൈയ്യടിക്കും.
'ലാ ഹൗല...
ഞാന്‍ കാസര്‍കോട്ടെത്തിയ കാലം; ബി. വെല്ലിംഗ്ടണ്‍ ആരോഗ്യ മന്ത്രി ആസ്പത്രി തൂണുകള്‍ പോലും കൈക്കൂലി ചോദിക്കുന്ന കാലം. പത്ര പ്രവര്‍ത്തകന്റെ കുപ്പായം അണിഞ്ഞപ്പോള്‍ ഞാന്‍ മുഖ്യ തട്ടകം ആയി തിരഞ്ഞെടുത്തത് താലൂക്ക് ആസ്പത്രിയെ. പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന ചനിയ എന്ന ദളിത് ജീവനക്കാരനെ കേന്ദ്രീകരിച്ച് എഴുതിയ 'സ്റ്റോറി' ശ്രദ്ധിക്കപ്പെട്ടു.
ഇളകി അടര്‍ന്ന ജനാലകള്‍, തുരുമ്പെടുത്ത പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍, വിറകു കീറാന്‍ പോലും കൊള്ളാത്ത കോടാലി, മോര്‍ച്ചറിയിലെ സകല ഉപകരണങ്ങള്‍ക്കും 'പരശുരാമന്റെ' കാലത്തോളം പഴക്കം.
കുമ്പളയില്‍ വാഹനം ഇടിച്ചു മരിച്ച ഒരു ശവം എഴുന്നേറ്റിരുന്നു എന്ന സംഭവം ആണ് മോര്‍ച്ചറി എന്റെ സബ്ജക്ട് ആവാന്‍ കാരണം.
പൊലീസിന് അബദ്ധം സംഭവിച്ചതാണ്. ജീവന്‍ നിലയ്ക്കാത്ത ആ ദേഹം മോര്‍ച്ചറിയില്‍ 'തള്ളി' ഇന്‍ക്വസ്റ്റും മറ്റും 'സാ.....'മട്ടിലായിരുന്നു, ന്യൂസ് എഡിറ്റര്‍ 'വിംസി'യില്‍ നിന്ന് അഭിനന്ദന കത്ത് ലഭിച്ച ഒരു ഉഗ്രന്‍ സ്റ്റോറി. കണ്ണൂര്‍ ജില്ലാ കലക്ടര്‍ വാര്‍ത്ത വന്നതും അന്വേഷണത്തിന് ഓര്‍ഡറിട്ടു. ആരോഗ്യ വകുപ്പിലെ ഒരു 'നിരക്ഷരന്‍' മാതൃഭൂമിക്ക് വിശദീകരണ കത്തയച്ചു. വിംസി കെ.എം. അഹ്‌മദിനെ വിളിച്ചു. ആ കത്തിന്റെ കോപ്പി എനിക്കും ലഭിച്ചു. ആരോഗ്യ വകുപ്പിലെ 'നിരക്ഷരന്‍'എഴുതിയത്’വായിച്ച് വിംസിയുടെ കമന്റ്;
'ഈ അക്ഷര ശൂന്യന്‍ എന്താണ് എഴുതിയത്, ഇവിടെ ആര്‍ക്കും ഒന്നും മനസിലായില്ല. കാരണമുണ്ട്. മോര്‍ച്ചറിയിലെ ഫ്യൂസായ ബള്‍ബ് മാറ്റി ഇടാതെ മൂന്നുമാസം. ഏറ്റവും ഒടുവില്‍; താലൂക്കാസ്പത്രി സൂപ്രണ്ട് ഡോ.ശിവാനന്ദന്‍ അദ്ദേഹത്തിന് അനുവദിച്ച, അടിയന്തിരാവശ്യങ്ങള്‍ക്കുള്ള പതിനായിരം രൂപയുടെ ചിലവ് വൗച്ചറുകള്‍ എനിക്ക് രഹസ്യമായി തന്നു. വാര്‍ഡുകളിലും ബാത്‌റൂം-ശുചിമുറികളിലും ബള്‍ബ് വാങ്ങി ഇടുന്നത് രോഗികളുടെ ബന്ധുക്കള്‍ ആണ്. കാസര്‍കോട് താലൂക്ക് മൊത്തത്തില്‍ അവഗണന നേരിടുന്ന നാളുകള്‍. കുടിവെള്ളം ഇല്ലാത്ത നാട്. ടി.എ. ഇബ്രാഹിം എന്ന മുസ്ലിം ലീഗുകാരന്‍ നിയമസഭാ സാമാജികനെ ഞാന്‍ ഇന്നും നമിക്കുന്നത് ഒരൊറ്റ കാരണത്തിലാണ്. ഇബ്രായിന്‍ച്ച എം.എല്‍.എ. ആയ ശേഷം വിളിച്ചു കൂട്ടിയ ആസ്പത്രി ഉപദേശക സമിതിയിലെ അദ്ദേഹത്തിന്റെ ആദ്യ പ്രസംഗത്തിലെ വരികള്‍.
'ഒരു രോഗിയും, ആവശ്യമെങ്കിലേ മംഗലാപുരം ആസ്പത്രിക്ക് റഫര്‍ ചെയ്യപ്പെടാവൂ..'
ആസ്പത്രി ഗെയിറ്റ് മുതല്‍ എല്ലാ വാര്‍ഡുകളിലും ബള്‍ബിടാനും ശുചിമുറികള്‍ ദിവസവും ക്ലീന്‍ ചെയ്യാനും താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ കലക്ടര്‍ അധ്യക്ഷനായ യോഗത്തില്‍ ടി.എ. ഇബ്രാഹിം ആവശ്യപ്പെട്ടു.
ആസ്പത്രി സംബന്ധിച്ച് എന്ത് കുറവുകള്‍ കണ്ടാലും എന്നെ അറിയിക്കണം...
പത്രലേഖകരോട് ഇബ്രായിന്‍ച്ച ആവശ്യപ്പെട്ടു.
പിന്നീട് 80- ആദ്യം മിലിട്ടറി റിട്ടേണ്‍സ് ഇരിങ്ങാലക്കുട സ്വദേശി ഡോ. ശിവദാസ് സൂപ്രണ്ടായി വന്നപ്പോഴാണ് തെല്ലെങ്കിലും 'ജീവന്‍' ആസ്പത്രിക്ക് വെച്ചത്.
ഇന്നത്തെ അവസ്ഥ ഞാന്‍ അറിയില്ല. ഇതെഴുതും മുമ്പ് ഒരു വിശ്വസ്തനോട് അന്വേഷിച്ചു.
ചില കഴുത്തറുപ്പന്‍ ആസ്പത്രികളുടെ ഒത്താശക്കാര്‍ ആസ്പത്രി വളപ്പിലുമുണ്ടത്രെ.
ജില്ലാ രൂപീകരണത്തിനു ശേഷം ശുദ്ധജല ടാങ്ക്, വന്‍ കപ്പാസിറ്റിയുള്ള ജനറേറ്റര്‍ ഒക്കെ സ്ഥാപിതമായെങ്കിലും ശിക്ഷിക്കപ്പെടുന്ന തെക്കന്‍ ജീവനക്കാരുടെ ഒളിസങ്കേതമാണ് ഇന്നും കാസര്‍കോട് താലൂക്കാസ്പത്രി. പണ്ടത്തെ നൈതികത ഒന്നും ഇന്ന് പലര്‍ക്കും ഇല്ലല്ലോ. അപൂര്‍വ്വം ചിലരുണ്ട്. അവര്‍ക്ക് ചെയ്യാനാവാത്ത അവസ്ഥയും.

Related Articles
Next Story
Share it