മാറ്റെരാസിയുടെ നെഞ്ചത്ത് സിദാന്റെ ഇടി

ലോകകപ്പിലെ നിര്‍ണ്ണായക മത്സരങ്ങള്‍ ഓര്‍ക്കുന്നവര്‍ക്ക് 2006ലെ ഫ്രാന്‍സ്-ഇറ്റലി ഫൈനല്‍ മത്സരവും ഫ്രാന്‍സിന്റെ സൂപ്പര്‍ താരം സിനദിന്‍ സിദാനെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും ആര്‍ക്കും മറക്കാനാവില്ല.ഇറ്റാലിയന്‍ സ്‌ട്രൈക്കര്‍ മാര്‍ക്കൊ മാറ്റെരാസിയെ നെഞ്ചത്ത് തലകൊണ്ട് ഇടിച്ചുവീഴ്ത്തിയതിന്റെ പേരിലാണ് സിദാന് പുറത്തുപോകേണ്ടിവന്നതും ഫ്രാന്‍സിന് കിരീടം നഷ്ടപ്പെട്ടതും. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട സംഭവങ്ങളിലൊന്നായിരുന്നു അത്. ഫൈനലിന്റെ എക്സ്ട്രാ ടൈമിലാണ് സിദാനെ പ്രകോപിപ്പിച്ച സംഭവം ഉണ്ടായത്.മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ ഐസ് പോലെ ശാന്തനായി സിദാന്‍ എടുത്ത പെനാല്‍ട്ടിയില്‍ ഫ്രാന്‍സ് മുന്നിലെത്തിയിരുന്നു. […]

ലോകകപ്പിലെ നിര്‍ണ്ണായക മത്സരങ്ങള്‍ ഓര്‍ക്കുന്നവര്‍ക്ക് 2006ലെ ഫ്രാന്‍സ്-ഇറ്റലി ഫൈനല്‍ മത്സരവും ഫ്രാന്‍സിന്റെ സൂപ്പര്‍ താരം സിനദിന്‍ സിദാനെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും ആര്‍ക്കും മറക്കാനാവില്ല.
ഇറ്റാലിയന്‍ സ്‌ട്രൈക്കര്‍ മാര്‍ക്കൊ മാറ്റെരാസിയെ നെഞ്ചത്ത് തലകൊണ്ട് ഇടിച്ചുവീഴ്ത്തിയതിന്റെ പേരിലാണ് സിദാന് പുറത്തുപോകേണ്ടിവന്നതും ഫ്രാന്‍സിന് കിരീടം നഷ്ടപ്പെട്ടതും. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട സംഭവങ്ങളിലൊന്നായിരുന്നു അത്. ഫൈനലിന്റെ എക്സ്ട്രാ ടൈമിലാണ് സിദാനെ പ്രകോപിപ്പിച്ച സംഭവം ഉണ്ടായത്.
മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ ഐസ് പോലെ ശാന്തനായി സിദാന്‍ എടുത്ത പെനാല്‍ട്ടിയില്‍ ഫ്രാന്‍സ് മുന്നിലെത്തിയിരുന്നു. ഫ്ളോറന്റ് മലൂദയെ മാറ്റെരാസി ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍ട്ടിക്ക് വഴിവെച്ചത്. പത്തൊമ്പതാം മിനിറ്റില്‍ ആന്ദ്രെ പിര്‍ലോയുടെ കോര്‍ണര്‍ ഹെഡ് ചെയ്ത് മാറ്റെരാസി തന്നെ ഗോള്‍ മടക്കുകയും ചെയ്തു.
109-ാം മിനിറ്റിലായിരുന്നു ലോകത്തെ നടുക്കിയ ആ വിവാദ സംഭവം. ബെര്‍ലിന്‍ ഒളിംപിക് സ്റ്റേഡിയത്തില്‍ ലോകത്തിന്റെ നെഞ്ചിടിപ്പ് നിലച്ചുനിന്ന മത്സരം. തന്റെ ജേഴ്‌സി നിരന്തരം വലിച്ച മാറ്റെരാസിയോട് സിദാന്‍ പ്രതികരിക്കുന്നതും അതിനുള്ള മറുപടി കേട്ട് അദ്ദേഹം കുപിതനാകുന്നതും അല്‍പദൂരം നടന്ന ശേഷം തിരികെ വന്ന് മാറ്റെരാസിയുടെ നെഞ്ചത്ത് തലകൊണ്ട് ഇടിച്ചുവീഴ്ത്തുന്നതും ലോകം കണ്ടു. അല്‍പസമയത്തെ അനിശ്ചിതത്വത്തിനൊടുവില്‍ റഫറി ഹൊറേഷ്യൊ എലിസോണ്ടൊ സിദാന് ചുവപ്പ് കാര്‍ഡ് നീട്ടി. തന്റെ അവിസ്മരണീയമായ കരിയറിലെ അവസാന മത്സരത്തില്‍, അതും ലോകകപ്പ് ഫൈനലില്‍ ചുവപ്പുകാര്‍ഡ് കണ്ട് ഫ്രഞ്ച് നായകന് തലതാഴ്ത്തി മടങ്ങുന്ന രംഗം ആരാധകരുടെ കരള് പൊള്ളിച്ചിരുന്നു.
ഒടുവില്‍ എക്ട്രാടൈമും സമനിലയില്‍ പിരിഞ്ഞതോടെ ഷൂട്ടൗട്ടില്‍ ഇറ്റലി കിരീടം നേടി. സിദാന്‍ ഗ്രൗണ്ടിലുണ്ടായിരുന്നുവെങ്കില്‍ ഫലം മറിച്ചായേനേ എന്ന് കരുതുന്നവരും ഏറെയാണ്. പ്രത്യേകിച്ചും രണ്ടാം പകുതി മുതല്‍ ഫ്രാന്‍സിന്റെ കൈയിലായിരുന്നു മത്സരം.
എന്താണ് സിദാനെ ഇത്രമാത്രം പ്രകോപിപ്പിച്ചത് എന്നതിനെക്കുറിച്ച് ആഴ്ചകളോളം ചര്‍ച്ചകള്‍ നടന്നു. സിദാന്റെ സഹോദരിയെ അവഹേളിച്ചതാണ് കാരണമെന്ന് പിന്നീട് മാറ്റെരാസി വെളിപ്പെടുത്തി. പിന്നീട് ആ സംഭവത്തെക്കുറിച്ച് മാറ്റെരാസി തന്നെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുകയും ചെയ്തു. 'സിദാനെ നന്നായി മാര്‍ക്ക് ചെയ്തില്ലെങ്കില്‍ ഇറ്റാലിയന്‍ സഹ ഡിഫന്റര്‍ ജെന്നാരൊ ഗട്ടൂസോയില്‍ നിന്ന് തനിക്ക് ശകാരം കേള്‍ക്കേണ്ടിവരുമെന്ന് ഭയന്നാണ് സിദാന്റെ കുപ്പായം പിടിച്ചുവലിച്ചത്. സിദാന്‍ അതിനോട് പ്രതികരിച്ചു. 'ഷര്‍ട്ട് വേണമെങ്കില്‍ ഫൈനല്‍ വിസില്‍ കഴിയട്ടെ' എന്നായിരുന്നു സിദാന്റെ പ്രതികരണം. വേണ്ടത് നിന്റെ സഹോദരിയെയാണ് എന്ന് ഞാന്‍ മറുപടി കൊടുത്തു. പിന്നെയൊരു വെള്ളിടിയായിരുന്നു. ഞാന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ഞാന്‍ ചെയ്ത തെറ്റിന് അദ്ദേഹത്തിനാണ് നഷ്ടമുണ്ടായത്'-ഇതായിരുന്നു മാറ്റെരാസിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ മാറ്റെരാസി തന്റെ മാതാവിനെയും സഹോദരിയെയും അപമാനിച്ചതാണ് നിര്‍ണ്ണായകമായ ആ നേരത്ത് എന്നെ അത്രമാത്രം പ്രകോപിപ്പിച്ചതെന്ന് സിദാനും പിന്നീട് വെളിപ്പെടുത്തുകയുണ്ടായി.
ഷൂട്ടൗട്ടില്‍ ഫ്രാന്‍സിന്റെ ഡേവിഡ് ട്രസഗ്വെയുടെ ഒഴികെ എല്ലാവരുടെയും ഷോട്ടുകള്‍ ഗോളായി. ട്രസഗ്വെയുടേത് ക്രോസ് ബാറിന് ഇടിച്ചു. കൗതുകമെന്നു പറയാം; 2000 ലെ യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിക്കെതിരെ ഗോള്‍ഡന്‍ ഗോളിലൂടെ ഫ്രാന്‍സിന് വിജയം സമ്മാനിച്ചത് ട്രസഗ്വെ ആയിരുന്നു. അതാണ് പറഞ്ഞത് ഫുട്‌ബോള്‍ ഒരു ചരിത്രമാണ്. അത് എവിടേയും എപ്പോഴും സംഭവിക്കാം.


-ടി.എ. ഷാഫി

Related Articles
Next Story
Share it