ഖല്‍ബുകളെല്ലാം ഖത്തറിലാണ്

ലോകത്തിന്റെ കണ്ണും കരളും ഖത്തറിലാണ് ഇനിയൊരുമാസം. ലോക ഫുട്‌ബോളിന്റെ സൗന്ദര്യത്തിലലിഞ്ഞ്, ഇഷ്ടതാരങ്ങളുടെ മിന്നും പ്രകടനങ്ങളില്‍ ആവേശം നിറഞ്ഞ് ലോകമാകെ പന്തിലേക്ക് കണ്ണുംനട്ടിരിക്കുമിനി. നാളെ രാത്രി ഇന്ത്യന്‍ സമയം 9.30ന് ഖത്തര്‍-ഇക്വഡോര്‍ ഉദ്ഘാടന മത്സരത്തോടെ ആവേശപൂരത്തിന് തുടക്കമാവും. ആദ്യ റൗണ്ടില്‍ ഏതാണ്ട് എല്ലാ ദിവസവും നാല് വീതം മത്സരങ്ങളുണ്ട്. ഇനി ഉറങ്ങാതെ, കണ്ണിമവെട്ടാതെ ഫുട്‌ബോളിന്റെ അനുപമ സൗന്ദര്യം ആസ്വദിച്ചിരിക്കും ലോകമാകെ.ഫുട്‌ബോള്‍ വെറുമൊരു മത്സരമല്ല. ലഹരിയാണ്. തലയ്ക്ക് ഭ്രാന്ത് പിടിക്കുന്ന ലഹരി. ആ ലഹരിയിലേക്ക് ലോകത്തെ പിടിച്ചുവലിക്കുകയാണ് കേരളത്തിന്റെ അത്രപോലും […]

ലോകത്തിന്റെ കണ്ണും കരളും ഖത്തറിലാണ് ഇനിയൊരുമാസം. ലോക ഫുട്‌ബോളിന്റെ സൗന്ദര്യത്തിലലിഞ്ഞ്, ഇഷ്ടതാരങ്ങളുടെ മിന്നും പ്രകടനങ്ങളില്‍ ആവേശം നിറഞ്ഞ് ലോകമാകെ പന്തിലേക്ക് കണ്ണുംനട്ടിരിക്കുമിനി. നാളെ രാത്രി ഇന്ത്യന്‍ സമയം 9.30ന് ഖത്തര്‍-ഇക്വഡോര്‍ ഉദ്ഘാടന മത്സരത്തോടെ ആവേശപൂരത്തിന് തുടക്കമാവും. ആദ്യ റൗണ്ടില്‍ ഏതാണ്ട് എല്ലാ ദിവസവും നാല് വീതം മത്സരങ്ങളുണ്ട്. ഇനി ഉറങ്ങാതെ, കണ്ണിമവെട്ടാതെ ഫുട്‌ബോളിന്റെ അനുപമ സൗന്ദര്യം ആസ്വദിച്ചിരിക്കും ലോകമാകെ.
ഫുട്‌ബോള്‍ വെറുമൊരു മത്സരമല്ല. ലഹരിയാണ്. തലയ്ക്ക് ഭ്രാന്ത് പിടിക്കുന്ന ലഹരി. ആ ലഹരിയിലേക്ക് ലോകത്തെ പിടിച്ചുവലിക്കുകയാണ് കേരളത്തിന്റെ അത്രപോലും വലിപ്പമില്ലാത്ത കൊച്ചുഖത്തര്‍. ഖത്തറിലാണ് ഇനി ലോകം. അവിടെയാണ് ഇനി സകല ആവേശവും ആരവങ്ങളും.
എട്ട് സ്റ്റേഡിയങ്ങളും സജ്ജമായി കഴിഞ്ഞു. ആകെ 32 രാജ്യങ്ങള്‍. 64 മത്സരങ്ങള്‍. വളഞ്ഞുംപുളഞ്ഞും കുതറിയും പാഞ്ഞ്, ആഞ്ഞുതുള്ളി, തലവെട്ടിച്ച്, മലക്കം മറിഞ്ഞ് ഇനി ലോകതാരങ്ങളുടെ മിന്നും പ്രകടനങ്ങളുടെ ആവേശരാവുകള്‍. വൈകിട്ട് 3.30 മുതല്‍ അര്‍ദ്ധാരാത്രി 12.30 വരെ നീളുന്ന പോരാട്ടങ്ങളില്‍ ലോകമിനി പരസ്പരം പടവെട്ടും.
ഓരോ ലോകകപ്പും ഓരോ ചരിത്രമാണ്. 1930ല്‍ ഉറുഗ്വയില്‍ ആരംഭിച്ച ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ഈ കാലത്തിനിടയ്ക്ക് ഒരിക്കല്‍ പോലും മുടങ്ങിയിട്ടില്ല. നാല് വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് മത്സരങ്ങള്‍ അരങ്ങേറുക. കാലം പോകുംതോറും മാറ്റുരക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. അപ്പോഴൊക്കെ കൊതിച്ചുപോകാറുണ്ട്. എപ്പോഴാണ് നമ്മുടെ ഇന്ത്യയുടെ ജേഴ്‌സി അണിഞ്ഞ ചുണക്കുട്ടികള്‍ ലോകകപ്പ് മൈതാനിയില്‍ ചീറിപ്പായുക. ഗോള്‍ വലയം കുലുക്കുക...
പണ്ടൊരിക്കല്‍ ഇന്ത്യയ്ക്കും ഫിഫയുടെ ക്ഷണം ലഭിച്ചതാണ്. പക്ഷെ അന്ന് കളിക്കാന്‍ ചെന്നില്ല. പരിശീലനത്തിന്റെയും മറ്റും കാരണം പറഞ്ഞായിരുന്നു അത്. എന്നാല്‍ ചില അഭ്യൂഹങ്ങളും പരന്നു. നഗ്‌ന പാദരായി മത്സരിക്കാന്‍ അനുവാദം ചോദിച്ച് അത് ലഭിക്കാത്തത് കൊണ്ടാണെന്ന്.
എട്ട് ഗ്രൂപ്പുകളില്‍ നാല് വീതം ടീമുകളായാണ് പോരാട്ടത്തിന് സജ്ജമായിരിക്കുന്നത്. ഗ്രൂപ്പ് എ അത്ര സമൃദ്ധമല്ല. ഖത്തറും ഇക്വഡോറും സെനഗലും നെതര്‍ലാന്റും അടങ്ങുന്ന ഗ്രൂപ്പ്. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, ഇറാന്‍, യു.എസ്.എ, വെയില്‍സ് എന്നീ ടീമുകള്‍. അര്‍ജന്റീന ഗ്രൂപ്പ് സിയിലാണ്. സൗദി അറേബ്യയും മെക്‌സികോയും പോളണ്ടും ഈ ഗ്രൂപ്പിലുണ്ട്. ഫ്രാന്‍സും ഓസ്‌ട്രേലിയയും ഡെന്‍മാര്‍ക്കും തുണീഷ്യയും അടങ്ങുന്നതാണ് ഗ്രൂപ്പ് ഡി. ഗ്രൂപ്പ് ഇയില്‍ സ്‌പെയിനും കോസ്റ്റാറിക്കയും ജര്‍മ്മനിയും ജപ്പാനും. ബെല്‍ജിയവും കാനഡയും മൊറോക്കയും ക്രൊയേഷ്യയും അടങ്ങുന്നതാണ് ഗ്രൂപ്പ് എഫ്. ബ്രസീലിന്റെ മഞ്ഞപ്പട ഗ്രൂപ്പ് ജിയിലാണ്. സെര്‍ബിയയും സ്വിസ്റ്റര്‍ലാന്റും കാമറൂണും ഈ ഗ്രൂപ്പിലാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്യുഗല്‍ ഗ്രൂപ്പ് എച്ചിലാണ്. ഘാനയും യുറുഗ്വായും ദക്ഷിണ കൊറിയയും എച്ച് ഗ്രൂപ്പിലാണ്.
ഉദ്ഘാടന മത്സരം മാത്രമാണ് നാളെ നടക്കുക. 21ന് ഇംഗ്ലണ്ട് ഇറാനേയും സെനഗല്‍ നെതര്‍ലാന്റിനേയും യു.എസ്.എ വെയില്‍സിനേയും നേരിടും. അര്‍ജന്റീനയുടെ ആദ്യ മത്സരം 22ന് സൗദി അറേബ്യയോടാണ്. അന്ന് ഡെന്‍മാര്‍ക്കും തുണീഷ്യയും തമ്മിലും മെക്‌സികോയും പോളണ്ടും തമ്മിലും ഫ്രാന്‍സും ഓസ്‌ട്രേലിയയും തമ്മിലും മത്സരമുണ്ട്. 23ന് ആദ്യ പോരാട്ടം മൊറോക്കൊ-ക്രൊയേഷ്യ തമ്മില്‍. ജര്‍മ്മനിയും ജപ്പാനും തമ്മിലും സ്‌പെയിനും കോസ്റ്റാറിക്കയും തമ്മിലും ബെല്‍ജിയവും കാനഡയും തമ്മിലും അന്ന് ഏറ്റുമുട്ടും. ബ്രസീലിന്റെ ആദ്യ മത്സരം 24ന് അര്‍ദ്ധരാത്രി 12.30നാണ്. സെര്‍ബിയയാണ് എതിരാളി. അന്ന് ആദ്യ മത്സരത്തില്‍ സ്വിസ്റ്റര്‍ലാന്റ് കാമറൂണിനേയും രണ്ടാം മത്സരത്തില്‍ യുറഗ്വായ് കൊറിയയേയും പോര്‍ച്യുഗല്‍ ഘാനയേയും നേരിടും. 25ന് വെയില്‍സ് -ഇറാന്‍, ഖത്തര്‍-സനഗല്‍, നെതര്‍ലാന്റ്-ഇക്വഡോര്‍, ഇംഗ്ലണ്ട്-യു.എസ്.എ എന്നിങ്ങനെയാണ് യഥാക്രമം മത്സരങ്ങള്‍. 26ന് അര്‍ജന്റീനയുടെ രണ്ടാം മത്സരം അരങ്ങേറും. അര്‍ദ്ധരാത്രി 12.30ന് മെക്‌സികോയോടാണ് ഏറ്റുമുട്ടേണ്ടത്. അന്ന് ആദ്യത്തെ മത്സരം തുണീഷ്യയും ഓസ്‌ട്രേലിയയും തമ്മിലും തുടര്‍ന്ന് പോളണ്ടും സൗദി അറേബ്യയും തമ്മിലും ഫ്രാന്‍സും ഡെന്‍മാര്‍ക്കും തമ്മിലുമാണ്. 27ന് ജപ്പാന്‍-കോസ്റ്റാറിക്ക, ബെല്‍ജിയം-മൊറോക്കൊ, ക്രൊയേഷ്യ-കാനഡ, സ്‌പെയിന്‍-ജര്‍മ്മനി എന്നീ ടീമുകള്‍ തമ്മില്‍ പോരിനിറങ്ങും.
28ന് ബ്രസീലിന്റെയും പോര്‍ച്യുഗലിന്റെയും മത്സരങ്ങളുണ്ട്. എന്നാല്‍ ഇവര്‍ തമ്മില്‍ നേരിട്ടുള്ള മത്സരമല്ല. ബ്രസീല്‍ സ്വിസ്റ്റര്‍ലാന്റിനേയം പോര്‍ച്യുഗല്‍ യുറുഗ്വേയെയുമാണ് നേരിടുക. അന്ന് കാമറൂണ്‍ സെര്‍ബിയയോടും കൊറിയ ഘാനയോടും മത്സരിക്കും. 29ന് നെതര്‍ലാന്റ്-ഖത്തര്‍, ഇക്വഡോര്‍-സെനഗല്‍, വെയില്‍സ്-ഇംഗ്ലണ്ട്, ഇറാന്‍-യു.എസ്.എ എന്നീ ടീമുകള്‍ തമ്മിലാണ് കളത്തിലിറങ്ങുക. 30ന് ഓസ്‌ട്രേലിയ ഡെന്‍മാര്‍ക്കിനേയും തുണീഷ്യ ഫ്രാന്‍സിനേയും പോളണ്ട് അര്‍ജന്റീനയേയും സൗദി അറേബ്യ മെക്‌സികോയേയും നേരിടും. ഡിസംബര്‍ ഒന്നിനും രണ്ടിനും മത്സരങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കുകയായി. ഡിസംബര്‍ ഒമ്പത് മുതലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍. 13ന് ആദ്യ സെമിയും 14ന് രണ്ടാം സെമിയും. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരാട്ടം 17നാണ്.
ഒടുവില്‍... ആരാവും ഖത്തര്‍ ലോകകപ്പിലെ ജേതാക്കളാവുക എന്നറിയാന്‍ 18ന് രാത്രി 8.30ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപോരാട്ടത്തിന് കാത്തിരിക്കണം.
ആരാകും ജേതാക്കള്‍? ആരേയും തള്ളിപ്പറയാനാവില്ല. ലോകം മുഴുവനും ബ്രസീലിനും അര്‍ജന്റീനക്കുമൊപ്പം നില്‍ക്കുമ്പോഴും മറ്റു രാജ്യങ്ങളും ചില്ലറക്കാരല്ല. ഒട്ടും പ്രതീക്ഷിക്കാതെ സ്വര്‍ണ്ണ കപ്പ് ഉയര്‍ത്തിപ്പിടിച്ച് ഓടിയവരും ഇല്ലാതില്ല. ആദ്യ ലോകകപ്പില്‍ ആതിഥേയരായ യുറുഗ്വായ് തന്നെ ജേതാക്കളായ ചരിത്രം മുന്നിലുണ്ട്. കലാശക്കളിയില്‍ അന്ന് മലര്‍ത്തിയടിച്ചത് സാക്ഷാല്‍ അര്‍ജന്റീനയെ.
1950ലും യുറുഗ്വായ് കപ്പേന്തിയിട്ടുണ്ട്. അതും ബ്രസീലിന്റെ മണ്ണില്‍ മഞ്ഞപ്പടയെ തകര്‍ത്ത്. ഇത്തവണയും ലോകം പ്രതീക്ഷ അര്‍പ്പിക്കുന്നത് ബ്രസീലിലും അര്‍ജന്റീനയിലും തന്നെയാണ്. ഇംഗ്ലണ്ടിനും പോര്‍ച്യുഗലിനും ഫ്രാന്‍സിനും ജര്‍മ്മനിക്കുമൊക്കെ ഒപ്പംനിന്ന് വാതുവെക്കുന്നവരുമുണ്ട്. ലയണല്‍ മെസിയുടെ കരുത്തിലാണ് ലോകത്തിന്റെ അര്‍ജന്റീന പ്രതീക്ഷ മുഴുവനും. നെയ്മറില്‍ ബ്രസീലിനും വിജയ സാധ്യത കല്‍പ്പിക്കുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കുതിപ്പില്‍ പോര്‍ച്യുഗല്‍ കപ്പ് സ്വന്തമാക്കുമെന്ന് കരുതുന്നവരും ഏറെ. എംബപെയുടെ ചിറകിലേറി ഫ്രാന്‍സ് കിരീടം ചൂടുമെന്ന് പ്രവചിക്കുന്നവരും ഏറെയാണ്.
മുഹമ്മദ് സലായും (ഈജിപ്ത്), എര്‍ലിംഗ് ഹാളണ്ടും (നോര്‍വെ), ഡേവിഡ് അലബയും (ഓസ്‌ട്രേലിയ), ലൂയിസ് ഡയസും (കൊളംബിയ), സ്ലാറ്റന്‍ ഇംബ്രാഹിമോവിച്ചും (സ്വീഡന്‍) അടക്കം മുന്‍കാലങ്ങളിലെ പല താരങ്ങളും ഇല്ലാത്തതിന്റെ നൊമ്പരും ആരാധര്‍ക്കുണ്ടെങ്കിലും ഈ ലോകകപ്പില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്ന 'കൊച്ചു' താരങ്ങളും ഒരുപാടുണ്ട്. വരുന്ന പതിറ്റാണ്ടില്‍ ലോക ഫുട്‌ബോളിന്റെ ഭാവിയും ഭാഗഥേയവും നിര്‍ണ്ണയിക്കുന്ന യുവതാരങ്ങളാവും അവര്‍. ജര്‍മ്മനിയുടെ ജമാല്‍ മുസിയാലയും ഫ്രാന്‍സിന്റെ ഓറിലിയന്‍ ചൗവ്വാമിനിയും ഹെഡ്വാഡോ കമവിംഗയും ബ്രസീലിന്റെ വിനീസിയുസും ആന്തണിയും സ്‌പെയിനിന്റെ ഘാവിയും പെദ്രിയുമൊക്കെ ഈ കൂട്ടത്തില്‍ ചിലതുമാത്രം.


-ടി.എ. ഷാഫി

Related Articles
Next Story
Share it