ആടിത്തകര്‍ത്ത് ഫിഫ ഫാന്‍ ഫെസ്റ്റ്
ഖത്തര്‍ ലോകകപ്പ് വേദിയിലെ ഫാന്‍ഫെസ്റ്റുകളിലെല്ലാം ആഘോഷപ്പൊലിമയുടെ ആരവങ്ങളാണ്. വിവിധ രാജ്യങ്ങളുടെ ആരാധകര്‍ അവിടെ ആടിത്തകര്‍ക്കുന്നു. സ്റ്റേഡിയങ്ങളിലേക്ക് ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ കയറുന്നതിന് മുമ്പുള്ള എല്ലാ സുരക്ഷാ പരിശോധനകളും ഫാന്‍ ഫെസ്റ്റുകളിലുമുണ്ട്. നിരത്തിവെച്ച മെറ്റല്‍ ഡിറ്റക്ടറിലൂടെ പരിശോധന കഴിഞ്ഞുവേണം ആര്‍ക്കും ഫാന്‍ഫെസ്റ്റിലെത്താന്‍. അല്‍ബിദ പാര്‍ക്കിലാണ് ഫാന്‍ഫെസ്റ്റിന്റെ പ്രധാന വേദി. 2006 മുതലാണ് ലോകകപ്പിനൊപ്പം ഫിഫ ഫാന്‍ഫെസ്റ്റിവലും ആരംഭിച്ചത്. ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ വേണ്ടി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന ഫുട്‌ബോള്‍ ആരാധകരെ ഉള്‍ക്കൊള്ളാന്‍ സ്റ്റേഡിയങ്ങള്‍ക്ക് കഴിയില്ല. ഖത്തറില്‍ എട്ട് […]
ഖത്തര്‍ ലോകകപ്പ് വേദിയിലെ ഫാന്‍ഫെസ്റ്റുകളിലെല്ലാം ആഘോഷപ്പൊലിമയുടെ ആരവങ്ങളാണ്. വിവിധ രാജ്യങ്ങളുടെ ആരാധകര്‍ അവിടെ ആടിത്തകര്‍ക്കുന്നു. സ്റ്റേഡിയങ്ങളിലേക്ക് ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ കയറുന്നതിന് മുമ്പുള്ള എല്ലാ സുരക്ഷാ പരിശോധനകളും ഫാന്‍ ഫെസ്റ്റുകളിലുമുണ്ട്. നിരത്തിവെച്ച മെറ്റല്‍ ഡിറ്റക്ടറിലൂടെ പരിശോധന കഴിഞ്ഞുവേണം ആര്‍ക്കും ഫാന്‍ഫെസ്റ്റിലെത്താന്‍. അല്‍ബിദ പാര്‍ക്കിലാണ് ഫാന്‍ഫെസ്റ്റിന്റെ പ്രധാന വേദി. 2006 മുതലാണ് ലോകകപ്പിനൊപ്പം ഫിഫ ഫാന്‍ഫെസ്റ്റിവലും ആരംഭിച്ചത്. ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ വേണ്ടി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന ഫുട്‌ബോള്‍ ആരാധകരെ ഉള്‍ക്കൊള്ളാന്‍ സ്റ്റേഡിയങ്ങള്‍ക്ക് കഴിയില്ല. ഖത്തറില്‍ എട്ട് […]

ഖത്തര്‍ ലോകകപ്പ് വേദിയിലെ ഫാന്‍ഫെസ്റ്റുകളിലെല്ലാം ആഘോഷപ്പൊലിമയുടെ ആരവങ്ങളാണ്. വിവിധ രാജ്യങ്ങളുടെ ആരാധകര്‍ അവിടെ ആടിത്തകര്‍ക്കുന്നു. സ്റ്റേഡിയങ്ങളിലേക്ക് ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ കയറുന്നതിന് മുമ്പുള്ള എല്ലാ സുരക്ഷാ പരിശോധനകളും ഫാന്‍ ഫെസ്റ്റുകളിലുമുണ്ട്. നിരത്തിവെച്ച മെറ്റല്‍ ഡിറ്റക്ടറിലൂടെ പരിശോധന കഴിഞ്ഞുവേണം ആര്‍ക്കും ഫാന്‍ഫെസ്റ്റിലെത്താന്‍. അല്‍ബിദ പാര്‍ക്കിലാണ് ഫാന്‍ഫെസ്റ്റിന്റെ പ്രധാന വേദി. 2006 മുതലാണ് ലോകകപ്പിനൊപ്പം ഫിഫ ഫാന്‍ഫെസ്റ്റിവലും ആരംഭിച്ചത്. ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ വേണ്ടി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന ഫുട്‌ബോള്‍ ആരാധകരെ ഉള്‍ക്കൊള്ളാന്‍ സ്റ്റേഡിയങ്ങള്‍ക്ക് കഴിയില്ല. ഖത്തറില്‍ എട്ട് സ്റ്റേഡിയങ്ങളാണ് ഒരുക്കിയത്. ഒരു ദിവസം നാല് സ്റ്റേഡിയങ്ങളില്‍ വരെ മത്സരങ്ങള്‍ നടന്നിട്ടുണ്ട്. നാലിടത്തും കൂടി ഏതാണ്ട് രണ്ടര ലക്ഷം പേര്‍ ഓരോ ദിവസവും മത്സരങ്ങള്‍ കാണാന്‍ എത്തി. എന്നാല്‍ ഖത്തറിലേക്ക് ഫുട്‌ബോളിന്റെ ലഹരിമൂത്ത് ഒഴുകിയെത്തിയത് പത്ത് ലക്ഷത്തിലധികം പേരാണ്. അതായത് മുക്കാല്‍ ശതമാനം പേരും സ്റ്റേഡിയത്തില്‍ കടക്കാന്‍ കഴിയാതെ പുറത്ത്. സ്റ്റേഡിയങ്ങളില്‍ പ്രവേശനം കിട്ടാതെ പോകുന്നവരില്‍ നിരാശയുടെ ഒരംശം പോലും പടര്‍ന്നുപിടിക്കരുതെന്ന ചിന്തയിലൂടെ ആരംഭിച്ചതാവണം ഫാന്‍ഫെസ്റ്റുകള്‍. അവിടെ എല്ലാം ഒരുക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ രാജ്യങ്ങളുടെ രുചിവൈവിധ്യങ്ങളുമായി നിരവധി ഭക്ഷണ ശാലകള്‍, ലോകത്തിന്റെ വ്യത്യസ്തമായ സംസ്‌കാരങ്ങളും കലകളും അടയാളപ്പെടുത്തുന്ന വേദികള്‍... അങ്ങനെ പലതും. പലപ്പോഴും ഫാന്‍ ഫെസ്റ്റുവല്‍ സ്റ്റേഡിയത്തിനകത്ത് മത്സരം കാണുന്നതിനേക്കാള്‍ ആഘോഷപൂരിതമാകുന്നത് അവിടെ ഭാഷ-ദേശമില്ലാതെ എല്ലാവരും ആഹ്ലാദത്തിന്റെ കൊടുമുടിയില്‍ ഒന്നിച്ച് കയറിനില്‍ക്കുന്നത് കൊണ്ടാവാം.
സ്റ്റേഡിയത്തില്‍ നേരിട്ട് മത്സരം കാണുന്നതിന് മുമ്പ് ഞങ്ങള്‍ ചെന്നത് അല്‍ബിദ പാര്‍ക്കിലെ ഫാന്‍ഫെസ്റ്റിലാണ്. ആഘോഷ പൊലിമയുടെ ഉദ്യാനമായിരുന്നു അത്. ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാനെത്തിയവരില്‍ ഇന്ത്യക്കാരാണ് രണ്ടാംസ്ഥാനത്ത്. ഒന്നാംസ്ഥാനത്ത് സൗദി അറേബ്യയും. ഫാന്‍ സോണിലേക്കുള്ള ഓരോ കവാടത്തിലും ഇന്ത്യന്‍ ഭാഷയുടെ മധുതാളം കേള്‍ക്കാം. ഖത്തറിലെ ആകെ ജനസംഖ്യ 22 ലക്ഷമാണത്രെ. ഇതില്‍ ഖത്തറികള്‍ വെറും നാല് ലക്ഷം മാത്രം. ഏഴ് ലക്ഷവും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരിലാവട്ടെ ഏതാണ്ട് നാലരലക്ഷത്തോളം മലയാളികളും. അതുകൊണ്ട് തന്നെ എവിടെ തിരിഞ്ഞാലും ഭാരതത്തിന്റെ നാനാഭാഷകളുടെ ഓളം തല്ലുന്നുണ്ടാവും ചുറ്റും. സ്റ്റേഡിയത്തിലാണെങ്കിലും ഫാന്‍ഫെസ്റ്റുകളിലാണെങ്കിലും.
ലോകത്തിന്റെ വിവിധ രാജ്യങ്ങളുടെ രുചിഭേദങ്ങളും വ്യത്യസ്ത കലകളും ഫാന്‍ഫെസ്റ്റുകളില്‍ കൈകോര്‍ത്ത് നിന്നതുകൊണ്ട് മാത്രമല്ല, ഇവിടെ പതിനായിരങ്ങള്‍ തടിച്ചുകൂടുന്നത് ബിഗ് സ്‌ക്രീനുകളില്‍ മത്സരങ്ങള്‍ ലൈവായി കാണാന്‍ കൂടിയാണ്. ഒന്നല്ല പല ഭാഗങ്ങളിലായി സ്‌ക്രീനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്‌ക്രീനുകള്‍ക്ക് മുമ്പില്‍ ഫുട്‌ബോള്‍ ആരാധകരുടെ കടലിരമ്പം തന്നെയാണ് എപ്പോഴും. ഒരിടത്തുതന്നെ രണ്ടും മൂന്നും സ്‌ക്രീനുകളില്‍ വ്യത്യസ്ത മത്സരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് കാണാം. ഓരോ രാജ്യത്തോടുള്ള ആരാധനയുടെ ചിറകിലേറി ആരാധകര്‍ ആ ഭാഗത്തേക്ക് നീങ്ങും.
അല്‍ബിദയിലെ ഒരു കൂറ്റന്‍ ടെന്റിനകത്ത് പുല്‍ത്തകിടില്‍ നിരത്തിവെച്ച എയര്‍ബെഡില്‍ മത്സരങ്ങള്‍ കാണാനുള്ള സൗകര്യമുണ്ടെന്ന് അറിഞ്ഞ് ഞങ്ങള്‍ അങ്ങോട്ട് ചെന്നു. അവിടെ പത്തുമുന്നൂറുപേര്‍ക്ക് മലര്‍ക്കെ കിടന്ന് മത്സരം കാണാം. ഞങ്ങള്‍ തിക്കിത്തിരക്കി ക്യൂവിന്റെ മുമ്പില്‍ തന്നെ ഇടംപിടിച്ചു. പോര്‍ച്ചുഗലിന്റെ മത്സരമുണ്ട് അന്ന്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ കളിമികവ് മാത്രമല്ല, മികച്ച ഓരോ മുന്നേറ്റങ്ങള്‍ക്കും ശേഷം ആകാശത്തേക്ക് നോക്കി ഒരു പുഞ്ചിരിയുണ്ട്. അതുവല്ലാത്ത ആകര്‍ഷകമാണ്. ഫൗളുകളെ റൊണാള്‍ഡോ മറികടക്കുന്ന ഒരു രീതിയുണ്ട്. ആര് ഫൗള് ചെയ്താലും മലക്കം മറിഞ്ഞ് മുട്ട് നിലത്ത് കുത്തി ഒരു നില്‍പ്പുണ്ട്. അത് എനിക്ക് ഇഷ്ടമാണ്. ഒരു വിധത്തില്‍ ആ ടെന്റിനുള്ളില്‍ കയറിക്കൂടാന്‍ ഞങ്ങള്‍ക്കായി. അപ്പോഴേക്കും കിടക്കകളെല്ലാം പലരും സ്വന്തമാക്കി കഴിഞ്ഞിരുന്നു. നല്ല വലിപ്പമുള്ളതാണ് ഓരോ കിടക്കയും. ഇതില്‍ ഇരുന്നും കിടന്നും മത്സരങ്ങള്‍ കാണാം. ഓരോ കിടക്കയിലും മൂന്നുനാലുപേര്‍ക്ക് ഒന്നിച്ച് കിടക്കാന്‍ പറ്റും. ഒത്തമധ്യത്തില്‍ ഒരു ചെറുപ്പക്കാരന്‍ തനിച്ച് രാജകീയമായി കിടന്ന് മത്സരം കാണുന്നു. ഞങ്ങള്‍ക്കത് സഹിക്കാനായില്ല. സമീര്‍ ചെങ്കളത്തേയും വിളിച്ച് ചെന്ന് ഞാന്‍ ആ കിടക്കയുടെ ഒരറ്റത്ത് തലവെച്ചു. അയാളൊരു മലയാളിയായിരുന്നു. 15 വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്യുന്നു. അതേ കിടക്കയില്‍ സമീറും വന്നുകിടന്നു. പിന്നാലെ സീക്കുവും ഇക്കുവും ഷഫീഖും. ഞങ്ങള്‍ അഞ്ചുപേരും തല വെച്ചതോടെ കിടക്കയുടെ യഥാര്‍ത്ഥ ഉടമയായ ആ പാവം മലയാളി പുറത്ത്. അദ്ദേഹം എണീറ്റു: 'നിങ്ങള്‍ അഞ്ചുപേര്‍ ഒന്നിച്ചുള്ളതല്ലേ. ആസ്വദിച്ച് മത്സരം കണ്ടോളു.'
റൊണാള്‍ഡോയുടേയും സംഘത്തിന്റെയും മുന്നേറ്റം അല്‍ ബിദാ പാര്‍ക്കിലെ പുല്‍ത്തകിടില്‍ കിടന്നാസ്വദിച്ച് ഞങ്ങള്‍ കണ്ടു.
മത്സരം കഴിഞ്ഞപ്പോഴേക്കും അതേ സ്‌ക്രീനില്‍ സംഗീതത്തിന്റെ പെരുമഴയായി. തൊട്ടപ്പുറത്തെ വേദിയില്‍ ലൈവാണ് പരിപാടി. ലോകത്തെ പ്രശസ്തിയായ ഒരു ഗായിക ആടിപ്പാടുകയാണ്. ഞങ്ങള്‍ വേദിക്കരികിലേക്ക് ഓടി. അവിടെ ആര്‍ത്തുല്ലസിച്ച് ആടിയും പാടിയും ആ രാവ് പുലര്‍ക്കാലത്തിന്റെ നേരിയ വെള്ളിരേഖയിലേക്ക് വഴിമാറിയതറിഞ്ഞതേയില്ല. അത്രമാത്രം രസകരമാണ് ഫാന്‍ഫെസ്റ്റുകളിലെ ഓരോ രാവും. പകലിനേക്കാള്‍ പ്രകാശപൂരിതവും വര്‍ണ്ണാഭവുമാണ് അവിടത്തെ എല്ലാ രാവുകളും.
ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുന്നതിന് ഒരു ദിവസം മുമ്പാണ് അല്‍ബിദ പാര്‍ക്കില്‍ ഫിഫ ഫാന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
പാര്‍ക്കിന്റെ വിവിധ ഭാഗങ്ങളില്‍ പരസ്പരം സ്‌നേഹം കൈമാറിയും ഭക്ഷണം കഴിച്ചും നിരവധി പേര്‍ ഇരിക്കുന്നത് കാണാം. ലോകത്തിന്റെ ഏതൊക്കെയോ ഭാഗങ്ങളില്‍ നിന്നെത്തിയ ആളുകള്‍ ഇവിടെ ഒരു ബിന്ദുവായി തീരുകയാണ്. ലോകം ഒരു വിരല്‍തുമ്പില്‍ ഒന്നിച്ചുകൂടിയതിന്റെ മഹാസമ്മേളനമായാണ് തോന്നിയത്.
(തുടരും)
-ടി.എ ഷാഫി